മറിമായം എന്ന പരമ്പരയിലൂടെ താരപദവി സ്വന്തമാക്കിയ നടിയാണ് രചന നാരായണന്‍കുട്ടി. പിന്നീട് സിനിമകളിലും മറ്റ് സീരിയലുകളിലും സജീവമായ താരം തന്റെ യാത്രകള്‍ക്കായി ഒറ്റവാഹനത്തോടെ തന്നെ നിരത്തുകളില്‍ താരമായ എംജി ഹെക്ടര്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.
എംജിയുടെ തൃശൂരിലെ ഷോറൂമിലെത്തിയാണ് രചന ഹെക്ടര്‍ സ്വന്തമാക്കിയത്. പര്‍പ്പിള്‍-വൈന്‍ റെഡ് നിറത്തിലുള്ള ഹെക്ടറാണ് രചനയുടേത്. എന്നാല്‍, ഹെക്ടറിന്റെ ഏത് വേരിയന്റാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. രചന തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ബുക്ക് ചെയ്ത് അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് രചനയ്ക്ക് ഹെക്ടര്‍ കൈമാറിയത്. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നിറത്തിലുള്ള വാഹനമാണിതെന്നും തനിക്ക് ഈ വാഹനം നിര്‍ദേശിച്ച സുഹൃത്തുകള്‍ക്കും എംജി ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും രചന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാര്‍ എന്ന ഖ്യാതിയുമായെത്തി വാഹനമാണ് എംജി ഹെക്ടര്‍. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.
സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് ഹെക്ടറിനുള്ളത്. കരുത്തുറ്റ രൂപത്തിനൊപ്പം മികച്ച സ്റ്റൈലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമുള്ള ഈ വാഹനത്തിന് 12.81 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.
Content Highlights: Film Actress Rachana Narayanankutty Bought MG Hector