അടുത്ത കാലത്തായി ഏറ്റവുമധികം താരപദവി സ്വന്തമാക്കിയ വാഹനമാണ് റേഞ്ച് റോവര്‍. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമുള്ള ഈ വാഹനം തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോയായ അല്ലു അര്‍ജുന്റെ വാഹന ശേഖരത്തിലേക്കും എത്തിയിരിക്കുകയാണ്.
തന്റെ പുതിയ വാഹനം വീട്ടിലെത്തിയെന്നും ബീസ്റ്റ് എന്നാണ് ഞാന്‍ ഈ വാഹനത്തിന് പേരിട്ടിരിക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെ അല്ലു അര്‍ജുന്‍ തന്നെയാണ് പുതിയ വാഹനത്തിന്റെ വിശേഷം അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന റേഞ്ച് റോവര്‍ വോഗ് മലയാളത്തിലെ യുവതാരം പൃഥ്വിരാജ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി തുടങ്ങിയ താരങ്ങളും വോഗ് ഉപയോഗിക്കുന്നുണ്ട്.
റേഞ്ച് റോവര്‍ നിരയില്‍ മികച്ച സ്‌റ്റൈലും കരുത്തും ശക്തമായ സുരക്ഷയും ഒരുക്കുന്ന വാഹനമാണ് വോഗ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വോഗ്, വോഗ് ലോങ് വീല്‍ബേസ്, വോഗ് ഓട്ടോബയോഗ്രഫി എന്നീ വേരിയന്റുകളിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്.
3.0 ലിറ്റര്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലും 3.0 ലിറ്റര്‍, 4.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലുമാണ് ഈ വാഹനം എത്തുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാന്‍സ്മിഷന്‍. എന്നാല്‍, ഏത് വേരിയന്റാണ് അല്ലു അര്‍ജുന്‍ തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.
Content Highlights: Allu Arjun Bought Range Rover Vogue