ജീവനെടുക്കുന്ന ന്യൂജെന്‍ ബൈക്കുകള്‍; മരണമടയുന്നവരില്‍ ഏറെയും യുവാക്കള്‍


2 min read
Read later
Print
Share

പോലീസിനോ മോട്ടോര്‍വാഹന വകുപ്പിനോ ഇത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നതിന് ഉദാഹരണം മരണത്തിന്റെ കണക്കുകള്‍തന്നെ.

ആലപ്പുഴ: പറക്കമുറ്റുന്നതിനുമുന്നേ യുവാക്കളുടെ ജീവന്‍ റോഡില്‍ പൊലിയുകയാണ്. സൂപ്പര്‍ ബൈക്കുകളുടെ ന്യൂജെന്‍ കാലത്ത് പക്വത കൈവരാത്ത യുവത്വം മരണത്തെ മാടിവിളിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് വാര്‍ത്തകളില്‍. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ഇതിനുസാക്ഷ്യം. ലക്ഷങ്ങള്‍ വിലമതിപ്പുള്ള ന്യൂജെന്‍ സൂപ്പര്‍ബൈക്കുകള്‍ നിരത്തുകളിലെ താരമാണിപ്പോള്‍. ജീവനെടുക്കുന്ന കൊലകൊല്ലികളായി ഈ ബൈക്കുകള്‍ മാറുന്നെന്ന ആക്ഷേപമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി.

സൂപ്പര്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. പോലീസിനോ മോട്ടോര്‍വാഹന വകുപ്പിനോ ഇത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നതിന് ഉദാഹരണം മരണത്തിന്റെ കണക്കുകള്‍തന്നെ. യുവാക്കളുടെ മാത്രം ജീവനല്ല, റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്കും യുവാക്കളുടെ ഈ അഭ്യാസങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നുണ്ട്.

സെക്കന്‍ഡുകള്‍കൊണ്ട് 100 കിലോമീറ്റര്‍ വേഗതത്തിലേക്ക് കുതിക്കാന്‍ ശേഷിയുള്ള ബൈക്കുകളാണ് നിരത്തുകളിലേറെയും. സ്പോര്‍ട്ട്സ് ബൈക്കുകള്‍ക്ക് 250 സി.സി.ക്ക് മുകളില്‍ ഉണ്ടായിരിക്കും. എടുത്തുയര്‍ത്തിയും കിടന്നും ചാഞ്ഞും മറിഞ്ഞുമൊക്ക നമ്മുടെ നിരത്തിലൂടെ യുവാക്കള്‍ ഇതില്‍ ചീറിപ്പായുന്നത് കാണാം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാധാരണരീതിയുള്ള ഗതാഗതംപോലും പ്രയാസമായ ഇവിടത്തെ റോഡുകളിലാണ് ഇത്തരം അഭ്യാസങ്ങള്‍ എന്നോര്‍ക്കണം. കേരളത്തിലിറങ്ങിയിട്ടുള്ള സൂപ്പര്‍ബൈക്കുകളില്‍ പലതും ഇതിനോടകം അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും യുവാക്കളുടെ മരണത്തിലാണ് കലാശിച്ചിരിക്കുന്നത്.

200 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളെയാണ് സൂപ്പര്‍ബൈക്കുകളായി പ്രധാനമായും കണക്കാക്കുന്നത്. നാലുലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് ഇത്തരം ബൈക്കുകളുടെ വില. സൂപ്പര്‍ബൈക്കുകള്‍ എത്രത്തോളം അപകടത്തില്‍പ്പെടുന്നുവെന്നതിന്റെ കൃത്യമായകണക്കുകളൊന്നും മോട്ടോര്‍വാഹന വകുപ്പിന്റെയോ പോലീസിന്റെയോ കൈവശം ഇല്ല. അപകടത്തില്‍പ്പെടുന്ന ബൈക്കുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി അംഗീകൃത സര്‍വീസ് സെന്റുകളിലാണ് എത്തിക്കാറുള്ളത്. ഇത്തരം അപകടങ്ങളെക്കുറിച്ച് ഇവര്‍ വിവരം നല്‍കണമെന്ന് പറഞ്ഞാലും ഇതും നടപ്പാകാറില്ല.

സൂപ്പര്‍ ബൈക്ക് യാത്രക്കാര്‍ക്ക് പരിശീലനം നല്‍കും

സൂപ്പര്‍ ബൈക്ക് ഓടിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് തയാറെടുക്കുന്നു. സി.സി കൂടുതലുള്ള സ്‌പോര്‍ട്ട്‌സ് ബൈക്കുകള്‍ എങ്ങനെയാണ് ഓടിക്കേണ്ടതെന്നുപോലും അറിയാതെയാണ് യുവാക്കള്‍ ഇതുമായി റോഡിലേക്ക് കുതിക്കുന്നത്. ഇതിന്റെ വേഗനിയന്ത്രണങ്ങളെക്കുറിച്ചും ചെറുപ്പക്കാര്‍ക്ക് അറിയില്ല. അതിനാല്‍ അപകടങ്ങളും വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലാണ് പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.

സ്പീഡ് ഹരമാണെങ്കിലും മരണത്തിലേക്കുള്ള വഴി

അതിവേഗം ഹരമാണെങ്കിലും ഇത് മരണത്തിലേക്കുള്ള വഴിയാണെന്ന് ഓര്‍ക്കണം. റോഡിന് ഉള്‍ക്കൊള്ളാവുന്നതിലധികം വാഹനങ്ങളാണ് ഇന്നിറങ്ങുന്നത്. മുന്‍കാലങ്ങളില്‍ ബൈക്കിന്റെ വേഗം നിയന്ത്രണവിധേയമായിരുന്നു. ഇന്ന് അതല്ല, രക്ഷിതാക്കള്‍ ഇന്ന് മക്കള്‍ക്ക് ഇഷ്ടമുള്ള ബൈക്കുകള്‍ വാങ്ങി നല്‍കുകയാണ്. മക്കളുടെ ആഗ്രഹങ്ങള്‍ക്കു വേണ്ടി വാഹനങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ സുരക്ഷകൂടി കണക്കിലെടുക്കണം. സുരക്ഷ മുന്‍നിര്‍ത്തി നിയന്ത്രണവിധേയമായ ബൈക്കുകള്‍ വാങ്ങിനല്‍കാനാണ് ശ്രമിക്കേണ്ടത്. വാഹനമോടിക്കുന്നവര്‍ക്കും നിയമം പാലിക്കേണ്ടതിന്റെ മര്യാദയും ഉത്തരവാദിത്വവും ഉണ്ടയിരിക്കണം. പോലീസ് പരിശോധനകളും ബോധവത്കരണവും ശക്തമാക്കും. കെഎം ടോമി - ആലപ്പുഴ ജില്ലാ പോലീസ് മേധാവി

Content Highlights; Road Safety Week 2019, Road Safety Week, Safe Drive, Road Safety

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram