സ്വന്തമായുണ്ടാക്കിയ സൈക്കിൾറിക്ഷയിൽ കേരളശ്ശേരിയിലെ സുരേഷും ശ്രീനാഥും ശരത്തും | ഫോട്ടോ: മാതൃഭൂമി
രക്ഷയില്ലാതെ ഇന്ധനവില കുതിക്കുമ്പോള്‍ ടെന്‍ഷനില്ലാതെ യാത്രചെയ്യാന്‍ സൈക്കിള്‍റിക്ഷയുണ്ടാക്കി മൂന്ന് കൂട്ടുകാര്‍. കേരളശ്ശേരിയിലെ 'ത്രീ എസ് ' എന്നറിയപ്പെടുന്ന സുരേഷ്, ശ്രീനാഥ്, ശരത് എന്നിവര്‍ചേര്‍ന്നാണ് സൈക്കിള്‍റിക്ഷ നിര്‍മിച്ചത്.
തടുക്കശ്ശേരിയില്‍ സ്വന്തമായി വര്‍ക്ഷോപ്പ് നടത്തുന്ന സുരേഷും ശ്രീനാഥും ശരത്തും കൂട്ടുകാരാണ്. ഇന്ധനവില കൂടിക്കൊണ്ടേയിരിക്കുന്ന സംസാരത്തിനിടെയാണ് കോഴിക്കോട് ഒരു ഹോട്ടലില്‍ അലങ്കാരത്തിനെന്നോണം വെച്ചിട്ടുള്ള സൈക്കിള്‍റിക്ഷ ചര്‍ച്ചയില്‍വന്നത്.
തമിഴ്‌നാട് സേലത്തിനടുത്തും സൈക്കിള്‍റിക്ഷകളുണ്ട്. തുടര്‍ന്ന്, മൂന്നുപേരുംചേര്‍ന്ന് ഒരു സൈക്കിള്‍റിക്ഷ നിര്‍മിച്ചെടുക്കയായിരുന്നു. ശ്രീനാഥിന്റെ കൈവശമുണ്ടായിരുന്ന പഴയ സൈക്കിളും ശരത്തിന്റെ പെയിന്റിങ്, വെല്‍ഡിംഗ് വൈഭവവും സുരേഷിന്റെ വാഹന അറിവുകളും ഒത്തുചേര്‍ന്നപ്പോള്‍ സൈക്കിള്‍റിക്ഷ റെഡിയായി.
ഒരുമാസത്തോളം നീണ്ട നിര്‍മാണത്തിന് ഏകദേശം 15,000 രൂപയാണ് ചെലവായത്. കേരളശ്ശേരിയുടെ പ്രധാനപാതയിലും ഉള്‍ഭാഗങ്ങളിലുമായി മൂവര്‍സംഘത്തിന്റെ സൈക്കിള്‍റിക്ഷായാത്ര ഇപ്പോള്‍ എല്ലാവര്‍ക്കും കൗതുകമാണ്.
Content Highlights: Three S Cycle Rickshaw Made By Three Youngsters