ആദ്യം കോണ്‍ഗ്രസ് പിന്നെ ബിജെപി: വികസനത്തിനായി ഇന്ധന വിലകൂട്ടി മത്സരം


6 min read
Read later
Print
Share

2014 നെ അപേക്ഷിച്ച് ഇന്ന് അതിന്റെ പകുതി പോലും ക്രൂഡിന് വിലയില്ല. എന്നിട്ടും പെട്രോള്‍ 100 കടന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഒരുവേള അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളര്‍വരെ കുത്തനേ ഇടിഞ്ഞു. എന്നിട്ടും അതിന് ആനുപാതികമായി ഒരു നേട്ടവും ഇവിടെ ജനത്തിനുണ്ടായില്ല.

പ്രതീകാത്മക ചിത്രം | Photo: PTI

വില നിയന്ത്രണം എടുത്തുകളഞ്ഞാല്‍ രണ്ടുണ്ട് നേട്ടം എന്നാണ് ന്യായീകരണ തൊഴിലാളികള്‍ പറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വിലകൂടുമ്പോള്‍ മാത്രമേ ഇവിടെ കൂടൂ. അതേസമയം അവിടെ കുറഞ്ഞാല്‍ ഇവിടെയും കുറയും. എന്നാല്‍, വന്ന് വന്ന് കുറേക്കാലമായി അവിടെ കൂടിയാലും കുറഞ്ഞാലും ഇവിടെ കൂടും എതാണ് അവസ്ഥ. രാജ്യാന്തര വിപണിയില്‍ വിലത്തകര്‍ച്ച വന്നപ്പോള്‍ എക്സൈസ് ഡ്യൂട്ടി കുത്തനേ കൂട്ടി ആ നേട്ടവും സര്‍ക്കാരെടുത്തു. യുപിഎ കാലത്ത് 150 ഡോളര്‍വരെ ക്രൂഡ് വില എത്തിയപ്പോള്‍ ഇന്ത്യയില്‍ 87 രൂപ വരെ മാത്രമാണ് പെട്രോള്‍ വില ഉയര്‍ന്നത്. അന്ന് അതിനെ രൂക്ഷമായി വിമര്‍ശിക്കുകയും കാളവണ്ടിയും ഓട്ടോയും ഉന്തിയവരാണ് ഇന്ന് 300 ശതമാനം വരെ നികുതി കൂട്ടി ഊറ്റലോട് ഊറ്റല്‍ നടത്തുന്നത്.

2014 നെ അപേക്ഷിച്ച് ഇന്ന് അതിന്റെ പകുതി പോലും ക്രൂഡിന് വിലയില്ല. എന്നിട്ടും പെട്രോള്‍ 100 കടന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഒരുവേള അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളര്‍വരെ കുത്തനേ ഇടിഞ്ഞു. എന്നിട്ടും അതിന് ആനുപാതികമായി ഒരു നേട്ടവും ഇവിടെ ജനത്തിനുണ്ടായില്ല. കേന്ദ്രമാണ് വില കുറയ്ക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരും അധിക വരുമാനം വേണ്ടെന്ന് വച്ചാല്‍ വില കൂടില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കളും പരസ്പരം പഴിക്കുന്നു. പെട്രോള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ മാത്രം പരസ്പരം പഴിക്കു രണ്ട് കൂട്ടരും തയ്യാറല്ല. കാരണം ഈ രീതിയില്‍ ഊറ്റല്‍ നടക്കില്ല. പരമാവധി 28 ശതമാനം നികുതിയെ ചുമത്താനാകൂ.

അടിസ്ഥാനവില 38 രൂപയില്‍ താഴെ മാത്രം വരുമ്പോഴാണ് 100 കൊടുക്കേണ്ടി വരുന്നത്. മന്‍മോഹന്‍ സിങ്ങിനെ പഴിച്ചവര്‍ വിലകൂട്ടി മത്സരിച്ചു. നോട്ട് നിരോധിച്ചപ്പോഴും ഒരു നേതാവ് പറഞ്ഞത് ഇതാവരുന്നു 50 രൂപയ്ക്ക് പെട്രോള്‍ എന്നാണ്. വര്‍ഷം മൂന്നായപ്പോള്‍ ആ പറഞ്ഞ 50 ന്റെ സ്ഥാനത്താണ് ഇന്ന് 100 കൊടുക്കേണ്ടി വരുന്നത്. വിരോധാഭാസം എന്നല്ലാത് എന്ത് പറയാന്‍. കൂട്ടലിന് ബ്രേക്ക് വരണേല്‍ തിരഞ്ഞെടുപ്പ് വരണം. സ്വിച്ച് ഓഫ് ചെയ്യും പോലെ വില വര്‍ധന അപ്പോള്‍ സ്റ്റോപ്പാകും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ എന്തോ മറന്നല്ലോ എന്ന് പറയും പോലെ വീണ്ടും കൂടും.

38 രൂപയില്‍ താഴെയാണ് അടിസ്ഥാനവില. അതിനാണ് പലവിധ നികുതിയും സെസ്സും എല്ലാം ചേര്‍ത്ത് 100 രൂപ കൊടുക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ 33 രൂപ കേന്ദ്രത്തിന് നികുതിയും സെസുമായി കിട്ടുന്നു. ബാക്കി സംസ്ഥാനത്തിന്റെ അക്കൗണ്ടിലും പോകുന്നു. 2016-ല്‍ ക്രൂഡിന്റെ വിലത്തകര്‍ച്ചയോടെ കേന്ദ്രം ഊറ്റല്‍ അവസരമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 300 ശതമാനത്തോളമാണ് കേന്ദ്രം നികുതി കൂട്ടിയത്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 9.48 രൂപയായിരുന്നു പെട്രോളിന്റെ നികുതിയെങ്കില്‍ ഇന്ന് അത് 38 രൂപയില്‍ എത്തി നില്‍ക്കുന്നു. ഡീസലിന് ആകട്ടെ ഇത് യഥാക്രമം 3.48 രൂപയില്‍ നിന്ന് 32 രൂപയിലെത്തി നില്‍ക്കുന്നു. 30.08 ശതമാനം കേരളം നികുതിയായി പിരിച്ചെടുക്കുന്നു.

വിലവര്‍ധനയുടെ ചരിത്രം

ഓയില്‍ കമ്പനികളാണ് വിലനിശ്ചയിക്കുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം നിലപാട്. സര്‍ക്കാരുകളെ നോക്കുകുത്തികളാക്കി ഇന്ധന വിലനിര്‍ണയാധികാരം എങ്ങനെയാണ് കമ്പനികള്‍ക്ക് ലഭിച്ചത്?

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയ്ക്കുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ രാജ്യത്തെ ഇന്ധനവിലയില്‍ പ്രതിഫലിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഓയില്‍പൂള്‍ അക്കൗണ്ട് എന്ന സംവിധാനമാണ് മുന്‍പ് നിലനിന്നിരുന്നത്. 1972-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഇതിന് തുടക്കമിട്ടത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചാല്‍ പ്രത്യേക അക്കൗണ്ടില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും വില കുറയുമ്പോള്‍ അധിക വരുമാനം ഈ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്നതാണ് ഓയില്‍പൂള്‍ അക്കൗണ്ട് എന്ന സംവിധാനം. മൂന്നു പതിറ്റാണ്ടോളം ഈ രീതി തുടര്‍ന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരുകള്‍ ഇതില്‍നിന്ന് പിന്നോട്ടുപോയി.

പെട്രോള്‍ വിലയുടെ നിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റുന്നത് 2010 ജൂണില്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ്. 2009-ല്‍ റിലയന്‍സും എസ്സാറും പമ്പുകള്‍ ആരംഭിക്കുകയും ചില്ലറ വില്‍പന രംഗത്തേക്ക് കടന്നുവരികയും ചെയ്തിരുന്നു. പെട്രോളിന്റെ വിലനിര്‍ണയാധികാരം എടുത്തുകളഞ്ഞതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കും റിലയന്‍സിനും എസ്സാറിനുമെല്ലാം ഇതോടെ വിപണി വിലയ്ക്ക് പെട്രോള്‍ വില്‍ക്കാനുള്ള അവസരമൊരുങ്ങി. അപ്പോഴും ഡീസല്‍ വില നിശ്ചയിച്ചിരുന്നത് സര്‍ക്കാര്‍ തന്നെയായിരുന്നു. അതിനെ രൂക്ഷമായി വിമര്‍ശിച്ചത് പ്രതിപക്ഷത്തായിരുന്ന ബിജെപിയായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2014 ഒക്ടോബറില്‍ ഡീസല്‍ വിലയനിര്‍ണയാധികാരവും സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 2014 ഒക്ടോബറില്‍ ഡീസലിന്റെയും സബ്‌സിഡി എടുത്തുകളഞ്ഞതോടെ വില നിന്ത്രിക്കുന്നത് രാജ്യന്തര വിപണിയായി. ഇന്ധന വിലനിര്‍ണയാധികാരം കൈവിട്ടതിന് മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പഴിച്ചുകൊണ്ടാണ് 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെങ്കിലും 2014 മുതല്‍ത്തന്നെ ഇന്ധനവില പൂര്‍വ്വാധികം കുതിച്ചുകയറുകയായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വലിയതോതില്‍ കുറവുണ്ടായെങ്കിലും അതൊന്നും വിപണിയില്‍ പ്രതിഫലിച്ചില്ലെന്നു മാത്രമല്ല വില കുതിച്ചുയരുകയും ചെയ്തു. അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോഴൊന്നും അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കാത്ത വിധം നികുതി വര്‍ധിപ്പിക്കുകയും വില കൂടുമ്പോള്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കാതെ ജനത്തെ പിഴിയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.

വിലനിര്‍ണയം എങ്ങനെ?

മറ്റ് ഉത്പന്നങ്ങളുടേത് പോലെ ചെലവും ലാഭവും ചേര്‍ത്ത് വില്പന വില കണക്കാക്കുന്ന രീതിയല്ല ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടേത്. സാങ്കേതികമായി പെട്രോളിനും ഡീസലിനും ട്രേഡ് പാരിറ്റിപ്രൈസ് എന്ന പേരിലും എല്‍.പി.ജി., മണ്ണെണ്ണ തുടങ്ങിയവയ്ക്ക് അണ്ടര്‍ റിക്കവറീസ് എന്ന പേരിലുമാണ് വിലനിശ്ചയിക്കുന്നത്. ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന അനുമാനത്തിലാണ് ഈ ട്രേഡ് പാരിറ്റി വില നടപ്പാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍നിന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു എന്ന സങ്കല്‍പത്തിലാണ് ഈ വിലനിര്‍ണയ മാനദണ്ഡങ്ങള്‍. യഥാര്‍ഥത്തില്‍ ബ്രെന്റ് ഓയിലല്ല, അസംസ്‌കൃത എണ്ണയാണ് നാം ഇറക്കുമതി ചെയ്യുന്നത്. ഇവ രണ്ടും തമ്മില്‍ വിലവ്യത്യാസമുണ്ടുതാനും.

സാധാരണഗതിയില്‍ ഡിമാന്റിന്റെയും സപ്ലേയുടെയും ചോദനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്പന്നത്തിന്റെ വില നിര്‍ണയിക്കപ്പെടുന്നത്. ആ ഉത്പന്നത്തിന്റെ വില കൂടിയാല്‍ ഉപഭോക്താവ് ആനുപാതികമായി വാങ്ങുന്ന അളവ് കുറയും. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ സര്‍ക്കാരിനും കമ്പനികള്‍ക്കും നികുതിയും വിലയും ഇഷ്ടപ്രകാരം വര്‍ധിപ്പിച്ച് ലാഭമുണ്ടാക്കാന്‍ സാധിക്കും. നിലവില്‍ കമ്പോളവിലയുടെ 50 ശതമാനത്തിലധികമാണ് കേന്ദ്രവും സംസ്ഥാനവും ഈടാക്കുന്ന ഇന്ധന നികുതി. ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധനവിലയെ ഉള്‍പ്പെടുത്താത്തതും അതുകൊണ്ടുതന്നെയാണ്.

വില്ലന്‍ കേന്ദ്ര-സംസ്ഥാന നികുതികള്‍

ആനുപാതികമല്ലാതെ ഇവിടെ വില വര്‍ധിക്കുന്നതിന്റെ കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി നിരക്കാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില, കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്(വാല്യു ആഡഡ് ടാക്സ്), ബി.എസ് 6 പ്രീമിയം, വിപണന ചെലവ്, ഡീലര്‍മാരുടെ കമ്മീഷന്‍ തുടങ്ങിയവയൊക്കെ ചേര്‍ന്നാണ് വില നിശ്ചയിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയെ ഇതുവരെ ചരക്കുസേവന നികുതിക്കു കീഴിലാക്കിയിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്സൈസ് തീരുവ, സ്പെഷല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷനല്‍ എക്സൈസ് ഡ്യൂട്ടി, റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതില്‍ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.

മോദി അധികാരത്തിലെത്തുമ്പോള്‍ രാജ്യത്ത് പെട്രോളിന്റെ നികുതി 9.48 രൂപയായിരുന്നു. പിന്നീട് അവിടെനിന്ന് നികുതി നിരവധി തവണ വര്‍ധിച്ചു. ഇപ്പോള്‍ കേന്ദ്ര നികുതി ഒരു ലിറ്ററില്‍ 32.98 രൂപയാണ്. ഇക്കാലയളവിനിടയില്‍ ഉണ്ടായത് 300 ശതമാനത്തോളം വര്‍ധന. ഡീസലിന്റേതാകട്ടെ 3.48 രൂപയില്‍നിന്ന് 31.83 രൂപയായും വര്‍ധിച്ചു. പെട്രോളിന്റെ റീട്ടെയ്ല്‍ വിലയുടെ 60 ശതമാനമാണ് നികുതി. അതില്‍ എക്‌സൈസ് നികുതി 36 ശതമാനം.

2014-15 കാലത്ത് പെട്രോളിന്റെ എക്‌സൈസ് നികുതി ഇനത്തില്‍ ലഭിച്ചത് 29,279 കോടി രൂപയും ഡീസലില്‍ നിന്ന് 42,881 കോടി രൂപയുമാണ്. 2020-21 കാലത്ത് അത് 3.9 ലക്ഷം കോടി രൂപയായി മാറും കേന്ദ്ര സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 12.2 ശതമാനമാണ് ഇപ്പോള്‍ ഇന്ധന നികുതിയില്‍നിന്ന് ലഭിക്കുന്നത്. 2014-15ല്‍ ഇത് 5.4 ശതമാനം മാത്രമായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയോടൊപ്പം കേന്ദ്രനികുതിയും ഗതാഗതച്ചെലവും പമ്പുടമകളുടെ കമ്മിഷനും കഴിഞ്ഞാല്‍ പിന്നെയുള്ളത് സംസ്ഥാനത്തിന്റെ നികുതികളാണ്. ഇന്ധനവിലയില്‍നിന്നുള്ള വരുമാനത്തില്‍ കുറവുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും തയ്യാറല്ല.

നിലവിലെ സംസ്ഥാനനികുതി ഇങ്ങനെ-

  • പെട്രോള്‍- 30.083 ശതമാനം
  • അധികനികുതി- ലിറ്ററിന് ഒരു രൂപ
  • സെസ്- ഒരു ശതമാനം
  • ഇതൊക്കെ ചേരുമ്പോള്‍ ലിറ്ററിന്- 100 രൂപ
(ലിറ്ററിന് മൂന്നുരൂപ കൂടുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് ഒരു രൂപയുടെയടുത്ത് നേട്ടം)

  • ഡീസല്‍-22.76 ശതമാനം (സംസ്ഥാന നികുതി)
  • അധിക നികുതി-ലിറ്ററിന് ഒരു രൂപ
  • സെസ്- ഒരു ശതമാനം
(നാലു രൂപ കൂടുമ്പോള്‍ ഏതാണ്ട് ഒരുരൂപയുടെ നേട്ടം സംസ്ഥാനസര്‍ക്കാരിന്)

രണ്ടുമാസത്തിനിടയില്‍ ഞെട്ടിക്കുന്ന വര്‍ധന

ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്തെ ഇന്ധനവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ഒരോ ദിവസവും വിലവര്‍ധിച്ചുകൊണ്ടിരുന്നു. ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് രണ്ടു മാസത്തേക്ക് വിലവര്‍ധന സ്വിച്ചിട്ടപോലെ നിലച്ചെങ്കിലും പിന്ന തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രതിദിനമുള്ള വിലവര്‍ധന പൂര്‍വ്വാധികം ശക്തമായി. മേയ് മുതല്‍ മിക്കവാറും എല്ലാ ദിവസവും വില വര്‍ധിച്ചു. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. മേയ് അവസാന ആഴ്ചയോടെ രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് രൂപ കടന്നു.

2021 ജനുവരി ഒന്നു മുതല്‍ പരിശോധിച്ചാല്‍ ഇന്ധനവില വര്‍ധനയുടെ കുതിക്കുന്ന ഗ്രാഫ് ഞെട്ടിക്കുന്നതാണ്. ജനുവരി ഒന്നിന് 85.96 ആയിരുന്നു തിരുവനന്തപുരത്തെ പെട്രോള്‍ വില. ഇത് മാസാവസാനത്തോടെ 88.51 ആയി. ജനുവരിയില്‍ വര്‍ധിച്ചത് 2.88 ശതമാനം. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് 87.94 രൂപയായിരുന്ന വില ആ മാസം 28 ആയപ്പോള്‍ 93.05 ആയി വര്‍ധിച്ചു. 5.49 ശതമാനമായിരുന്നു ഫെബ്രുവരിയില്‍ മാത്രം ഉണ്ടായത്.

മാസങ്ങളായി തുടരുന്ന വിലവര്‍ധനവിന് തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ താല്‍കാലിക വിരാമമായിരുന്നു. എന്നാല്‍ മേയ് മാസത്തോടെ വിലവര്‍ധന പുനരാരംഭിച്ചു. മേയ് മാസം ആദ്യം 92.28 രൂപയായിരുന്ന തിരുവനന്തപുരത്തെ പെട്രോള്‍ വില. ജൂണ്‍ ഒന്നിന് അത് 96.50. ഒരു മാസം കൊണ്ട് ഉണ്ടായ വര്‍ധന 4.22 രൂപ. ജൂണ്‍ 24 എത്തിയപ്പോള്‍ 100 കടന്നു ഇക്കാലത്തുണ്ടായ വര്‍ധനയുടെ നിരക്ക് 4.08 ശതമാനം. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് വര്‍ധിച്ചത് 15 രൂപയാണ്.

Content Highlights: Petrol Price Hike, Congress Led UPA Government and BJP Led NDA Government Increase Fuel Price

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram