പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോവിഡ് ദുരിതത്തില്‍ നീറുന്ന ജനങ്ങളുടെ വയറ്റത്തടിക്കുകയാണ് ഓരോദിവസവും റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില. ജില്ലയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിനുപിന്നാലെ, സാധാരണ പെട്രോള്‍വിലയും ഒട്ടുംവൈകാതെ സെഞ്ചുറിയടിച്ചേക്കും. പമ്പുകളില്‍ വ്യാഴാഴ്ച പെട്രോള്‍വില 24 പൈസ വര്‍ധിച്ച് ലിറ്ററിന് 99 രൂപയിലെത്തി. വൈകാതെ, വില നൂറ് തൊടുമെന്നാണ് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം തിരുവനന്തപുരം പാറശ്ശാലയില്‍ ബുധനാഴ്ചതന്നെ 100 ആയി.
ആറുമാസംകൊണ്ട് വര്‍ധിച്ചത് 15 രൂപയോളം
ഈ വര്‍ഷം ജനുവരിയില്‍ ലിറ്ററിന് 84.98 രൂപയായിരുന്നു പെട്രോള്‍വില. വെറും ആറുമാസംകൊണ്ടാണ് 15 രൂപയോളം വര്‍ധിച്ചത്. സാധാരണ പെട്രോളിനെക്കാള്‍ ഇന്ധനക്ഷമതയും ഗുണനിലവാരവും കൂടുതലുളള എക്സ്ട്രാ പ്രീമിയം പെട്രോളിനും സമാനമായ വിലവര്‍ധനയുണ്ട്.
ഈ വര്‍ഷം ആദ്യം ലിറ്ററിന് 87.78 രൂപയായിരുന്നു എക്സ്ട്രാ പ്രീമിയം പെട്രോള്‍ വില. നിലവില്‍ അത് 103 രൂപയിലെത്തി. കഴിഞ്ഞ ജൂണ്‍ ഏഴിനുതന്നെ പ്രീമിയം പെട്രോള്‍വില നൂറ് കടന്നിരുന്നു. ഡീസല്‍വില ജനുവരിയില്‍ ലിറ്ററിന് 82.12 രൂപയുണ്ടായിരുന്നു. ആറുമാസംകൊണ്ട് 11.98 രൂപ വര്‍ധിച്ച് 94.1 രൂപയിലേക്ക് കടന്നുവെന്ന് നഗരത്തിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നു.
ഓട്ടമാണ്, തളര്‍ത്തരുതേ..
ദിവസം മുഴുവന്‍ ഇരുചക്രം ഉള്‍പ്പെടെയുള്ള വാഹനത്തില്‍ സഞ്ചരിച്ച് ജോലിചെയ്യുന്ന വിഭാഗക്കാരാണ് ഇന്ധനവില വര്‍ധന ആശങ്കയിലാവുന്നത്. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്ന ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ജോലിക്കാര്‍ക്കും, മീന്‍വില്‍പ്പനക്കാര്‍ക്കും, കടകളിലേക്ക് വാഹനങ്ങള്‍ വഴി സാധനങ്ങള്‍ കൈമാറുന്ന ജീവനക്കാര്‍ക്കുമെല്ലാം ഇന്ധനവില ഇരുട്ടടിയായിരിക്കുകയാണ്.
ദിവസവും 30-40 കിലോമീറ്ററെങ്കിലും ബൈക്ക് ഓടിക്കേണ്ടി വരുന്നുണ്ടെന്ന് നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണക്കാര്‍ പറയുന്നു. 50 ഡെലിവറിയെങ്കിലും നടത്തിയാലേ ജീവിച്ചുപോകാനുള്ളത് മാസാവസാനം കിട്ടു. സ്വന്തം വണ്ടിയിലാണ് യാത്ര. പെട്രോളിനും വണ്ടിയുടെ മറ്റ് ചെലവുകള്‍ക്കുമെല്ലാം പണംമാറ്റിയാല്‍, മാസം കൈയില്‍ കാര്യമായി ഒന്നും കിട്ടാറില്ലെന്നും ഇവര്‍ പറയുന്നു.
വരുമാനമില്ല; ബസിനും ഓട്ടോയ്ക്കും നഷ്ടം
കോവിഡ്കാലത്ത് പൂട്ടുവീണ ബസ്, ഓട്ടോ ജീവനക്കാര്‍ക്കും ഇന്ധനവിലവര്‍ധന കനത്ത പ്രഹരമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ സര്‍വീസ് നടത്താന്‍ ഒരു ബസില്‍ ചുരുങ്ങിയത് 60-80 ലിറ്റര്‍ ഡീസലെങ്കിലും അടിക്കണം. 6580 രൂപയോളം ഇന്ധനത്തിന് മാത്രം പ്രതിദിനം ചെലവാക്കണമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി. ഗോപിനാഥന്‍ പറഞ്ഞു. പക്ഷെ, മതിയായ യാത്രക്കാരില്ലാത്തതിനാല്‍ 7,000 രൂപപോലും തികച്ച് വരുമാനം കിട്ടാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല .
കാര്‍ഷികമേഖലയ്ക്കും ആശങ്ക
നിലമൊരുക്കാന്‍ ട്രാക്ടര്‍വാടക മുതല്‍, നടീല്‍ യന്ത്രവാടക, കൊയ്ത്തുമെഷീന്‍ വാടക, തൊഴിലാളികളെ കൃഷിയിടത്തിലേക്ക് എത്തിക്കാനുള്ള ചെലവ് എന്നിവയെല്ലാം ഇന്ധനവിലയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ധന വിലവര്‍ധനയുടെപേരില്‍ ഒന്നാംവിള നിലമൊരുക്കാനുള്ള ട്രാക്ടര്‍വാടക മണിക്കൂറിന് 50-100 രൂപയോളം വര്‍ധിച്ചതായി പെരുമാട്ടി കന്നിമാരിയിലെ കര്‍ഷകന്‍ ബി. ബിജു പറയുന്നു.
Content Highlights: Petrol@100, Petrol-Diesel Price Hike In Kerala, Fuel Price Hike