ഇന്ത്യയില്‍ 100, പാകിസ്താനില്‍ 50...! പെട്രോള്‍ വിലയിലെ വൈചിത്ര്യങ്ങള്‍


3 min read
Read later
Print
Share

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വെറും 1.47 രൂപയാണ് വില. ഇറാന്‍, അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് പെട്രോള്‍ വിലയുടെ കാര്യത്തില്‍ വെനസ്വേലയുടെ തൊട്ടുപിന്നിലുള്ളത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

രു മുടക്കവുമില്ലാതെ വെച്ചടിവെച്ചടി കയറ്റം. രാജ്യത്തെ പെട്രോള്‍ വിലയെ കുറിച്ച് പറയാന്‍ ഇതല്ലാതെ നല്ലൊരു പ്രയോഗമില്ല. മുമ്പ് ഇടയ്ക്കെങ്കിലും പേരിന് അല്‍പം വില കുറയാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി. ഒരു മുടക്കമോ തടസ്സമോ ഇല്ലാതെ അങ്ങനങ്ങ് ഉയരങ്ങള്‍ താണ്ടി ഇതാ ഇപ്പോ സെഞ്ചുറിയും കടന്നു. പ്രീമിയം പെട്രോള്‍ സംസ്ഥാനത്ത് പലയിടത്തും മുന്‍പേ തന്നെ നൂറ് കടന്നിരുന്നു. ഇപ്പോ സാധാരണ പെട്രോളും നില മെച്ചപ്പെടുത്തി 100 ക്ലബ്ലിലെത്തിയിട്ടുണ്ട്. സെഞ്ചുറി കടന്ന സന്തോഷത്തില്‍, ക്യാപ്പ് എടുത്ത് ബാറ്റ് മെല്ലെച്ചെരിച്ച് പവലിയിനിലേക്ക് നോക്കുമ്പോള്‍, കണ്ണുതള്ളിയിരിക്കുന്ന പാവം പൊതുജനമുണ്ട് അവിടെ.

പക്ഷെ, ഒന്നോര്‍ത്ത് ആശ്വസിക്കാം, വേണെങ്കില്‍ ന്യായീകരിക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില ഇന്ത്യയിലല്ല. നിലവില്‍ ലോകത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വില ഹോങ്കോങ്ങിലാണ്. ഒരു ലിറ്റര്‍ പെട്രോള്‍ ഹോങ്കോങ്ങില്‍ കിട്ടണമെങ്കില്‍, 183.35 രൂപ കൊടുക്കണം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നിങ്ങനെയാണ് പെട്രോള്‍ വിലയുടെ കാര്യത്തില്‍ ഹോങ്കോങ്ങിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. 162.32, 158.98, 152.94, 148.05, 146.34 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളില്‍ ഓരോ ലിറ്റര്‍ പെട്രോളിന്റെ വില.

ഡീസലിന്റെ കാര്യത്തിലും ഹോങ്കോങ് തന്നെയാണ് മുന്നില്‍. ഒരു ലിറ്റര്‍ ഡീസലിന് ഹോങ്കോങ്ങില്‍ 156.09 രൂപ കൊടുക്കണം. സ്വീഡന്‍, യു.കെ., നോര്‍വേ, ഇസ്രയേല്‍ എന്നിവയാണ് ഡീസല്‍ വിലയുടെ കാര്യത്തില്‍ ഹോങ്കോങ്ങിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. ഡീസല്‍ വില ഏറ്റവും കുറവുള്ള രാജ്യം ഇറാനാണ്. 0.95 രൂപയാണ് ഇറാനില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില. സൗദി അറേബ്യ, അംഗോള, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇറാന് തൊട്ടുപിന്നില്‍.

നമ്മുടെ രാജ്യത്ത് പെട്രോള്‍ വില റോക്കറ്റ് കണക്കെ മേലോട്ടു പോകുമ്പോള്‍, ചില്ലറ വിലയ്ക്കു പെട്രോള്‍ കിട്ടുന്ന ചില രാജ്യങ്ങളുമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വെറും 1.47 രൂപയാണ് വില. ഇറാന്‍, അംഗോള, അള്‍ജീരിയ, കുവൈത്ത് എന്നിവയാണ്‌ പെട്രോള്‍ വിലയുടെ കാര്യത്തില്‍ വെനസ്വേലയുടെ തൊട്ടുപിന്നിലുള്ളത്. ഇറാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 4.76 രൂപയും അംഗോളയില്‍ 18.24 രൂപയുമാണ്. 25.14 രൂപയാണ് അള്‍ജീരിയയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കുവൈത്തിലാകട്ടെ, 25.54.

പെട്രോള്‍ നിറയ്ക്കാനുള്ള പമ്പുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ വില പത്തു വര്‍ഷത്തിനിടെ നാനൂറ് ശതമാനം വര്‍ധിച്ചത് ഹോങ്കോങ്ങില്‍ ഇന്ധനവില റോക്കറ്റ് കണക്കെ കുതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അയല്‍രാജ്യങ്ങളിലെ പെട്രോള്‍, ഡീസല്‍ വില(ലിറ്ററിന്)

  • പാകിസ്താന്‍- 50.98, 52.014 (ഡോളറുമായി താരത്യം ചെയ്യുമ്പോള്‍ പാകിസതാന്‍ രൂപയുടെ മൂല്യം ഇന്ത്യന്‍ രൂപയുടെ പകുതിയിലും താഴെയാണ്)
  • ശ്രീലങ്ക-68.03, 41.04
  • ബംഗ്ലാദേശ്-76.85, 56.12
  • നേപ്പാള്‍-78.10, 67.48
ഇന്ത്യയില്‍ ഇന്ധനവില എന്തുകൊണ്ട് അനുദിനം വ്യത്യാസപ്പെടുന്നു

ഇന്ത്യയിലെ ഇന്ധനവില ഓരോ ദിവസവും മാറും. ഡെയ്ലി പ്രൈസിങ് എന്ന സംവിധാനമാണ് നിലവില്‍ വന്നതോടെയാണിത്. 2017-ല്‍ ആണ് ഡെയ്ലി പ്രൈസിങ് സംവിധാനം നിലവില്‍ വരുന്നത്. അതുവരെ, സാധാരണഗതിയില്‍ രണ്ടാഴ്ച കൂടുമ്പോഴായിരുന്നു വിലയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ വമ്പന്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ നിശ്ചിത ഇടവേളകളില്‍ ചില്ലറ ഇന്ധനവില അവലോകനം ചെയ്ത് വിലയില്‍ മാറ്റം വരുത്തുന്നതായിരുന്നു അതുവരെയുള്ള പതിവ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെയ്ലി പ്രൈസിങ് സംവിധാനം കൊണ്ടുവരുന്നത്. 15 ദിവസത്തെ ശരാശരി അന്താരാഷ്ട്ര നിരക്കിനെ ആസ്പദമാക്കിയാണ് ഡെയ്ലി പ്രൈസിങ് നിശ്ചയിക്കുന്നത്. ഈ സംവിധാന പ്രകാരം, പമ്പുകളില്‍ വില്‍ക്കുന്ന ഇന്ധനത്തിന്റെ വില ശരാശരി അന്താരാഷ്ട്ര നിരക്കിനെയും കറന്‍സി എക്സ്ചേഞ്ച് നിരക്കിനെയും അടിസ്ഥാനമാക്കി പ്രതിദിനം പുനഃപരിശോധിക്കുകയാണ് ചെയ്യുന്നത്.

(വില വിവരങ്ങള്‍ക്ക് കടപ്പാട്: ജൂണ്‍ 14-ലെ കണക്ക് പ്രകാരം ഗ്ലോബല്‍ പെട്രോള്‍ പ്രൈസസ് ഡോട്ട് കോം.)

Content Highlights: Petrol@100, Petrol, Diesel Price Hike In India, Crude Oil Price

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram