പെട്രോളിനെ പേടിച്ച് ഡീസല്‍ കാറിലേക്ക്; ഇനി മാറ്റം ഇലക്ട്രിക്കിലേക്ക്: ലാഭമോ നഷ്ടമോ?


ജിതേഷ്. ഇ

4 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | photo: hyundai, tata

ദിനംപ്രതി വില കൂട്ടികൂട്ടി ഒടുവില്‍ സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നിരിക്കുന്നു. ഈ പോക്കുപോയാല്‍ സെഞ്ച്വറി പിന്നിട്ട പെട്രോള്‍ വില ഡബിള്‍ സെഞ്ച്വറിയടിക്കാനും അധികം കാലതാമസമുണ്ടാകില്ലെന്നാണ് സംസാരം. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ജനം പൊറുതിമുട്ടുകയാണ്. വാഹനങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയതിനാല്‍ എണ്ണ കമ്പനികള്‍ പറയുന്ന വില നല്‍കി ഇന്ധനം അടിക്കുകയേ ജനങ്ങള്‍ക്ക് നിവര്‍ത്തിയുള്ളു.

കോവിഡ് ദുരിതത്തിനൊപ്പം തൊട്ടാല്‍ പൊള്ളുന്ന ഇന്ധനവില സാധാരണക്കാര്‍ക്ക് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദല്‍ മാര്‍ഗമാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രകൃതി സൗഹൃദവും യാത്രാ ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് കാറുകള്‍ക്ക് രാജ്യത്ത് പ്രാധാന്യമേറി വരുകയാണ്. വിരലില്‍ എണ്ണാവുന്ന ചിലരെല്ലാം ഈ ബദല്‍ മാര്‍ഗത്തിലേക്ക് മാറികഴിഞ്ഞു.

അടുത്ത കാലംവരെ പുതിയ കാര്‍ വാങ്ങുന്ന ഉപഭോക്താവിന് പെട്രോള്‍ വേണോ അതോ ഡീസല്‍ കാര്‍ വേണോ എന്നതായിരുന്നു ആശയക്കുഴപ്പം. ഒരുലിറ്റര്‍ ഡീസലിന് പെട്രോളിനെക്കാള്‍ വില കുറവായതിനാലും കൂടുതല്‍ മൈലേജ് ലഭിക്കുന്നതിനാലും പലരും ഡീസല്‍ കാറിലേക്ക് തിരിഞ്ഞു. ഡീസല്‍ കാറിന് വില കൂടുതലായിരുന്നെങ്കിലും പെട്രോളും ഡീസലും തമ്മിലുള്ള 25 രൂപയിലേറെയുള്ള അന്തരമാണ് ഡീസല്‍ കാര്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിച്ചത്.

എന്നാല്‍ സമീപകാലത്ത് പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം മൂന്നോ നാലോ രൂപയായി കുറഞ്ഞതോടെ ഈ പതിവ് ശീലങ്ങള്‍ക്കും മാറ്റംവന്നു. ഇന്ധനവില റെക്കോര്‍ഡ് കുതിപ്പ് തുടരുമ്പോള്‍ പെട്രോള്‍ വേണോ അതോ ഡീസല്‍ കാര്‍ വേണോ എന്ന ചോദ്യത്തിന് തന്നെ വലിയ പ്രസക്തിയില്ലാതായി. കുതിച്ചുയരുന്ന ഇന്ധന വിലയില്‍ നിന്നും രക്ഷനേടാന്‍ വഴിയാലോചിക്കുന്നവരില്‍ ചെറിയൊരു വിഭാഗം ഉപഭോക്താക്കള്‍ ബദല്‍ മാര്‍ഗമായ ഇലക്ട്രിക് വാഹനങ്ങള്‍ പരിഗണിച്ചു തുടങ്ങിയതും മാറ്റത്തിന്റെ സൂചനയാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പുതിയ ഇലക്ട്രിക് വാഹന നയം മുന്നോട്ടുവെച്ചതോടെ ഇ-വാഹന മേഖലയിലും വളര്‍ച്ച അതിവേഗത്തിലായി. 2019ല്‍ രാജ്യത്ത് ആയിരം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നാലായിരത്തോളം ഇലക്ട്രിക് കാറുകളാണ് വിറ്റുപോയത്. കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തെ മൊത്തം കാര്‍ വിപണി കണക്കിലെടുത്താന്‍ ഈ സംഖ്യ അത്രവലുതല്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹന ഉപയോഗം കൂടുമെന്ന സൂചനയാണിത് നല്‍കുന്നത്.

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവ് താരത്യമപ്പെടുത്തിയാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ മേന്‍മ മനസിലാക്കാം. നിലവില്‍ രാജ്യത്ത് ലഭ്യമായ മിക്ക ഇലക്ട്രിക് വാഹനങ്ങളുടെയും പ്രവര്‍ത്തന ചെലവ് കിലോമീറ്ററിന് കേവലം ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍ പെട്രോള്‍ കാറുകള്‍ക്ക് കിലോമീറ്ററിന് ഏകദേശം ആറ് രൂപയ്ക്ക് മേല്‍ ചെലവ് വരും. അതിനാല്‍ കൂടുതല്‍ ലാഭകരം ഇലക്ട്രിക് വാഹനങ്ങളാണെന്നതാണ് വസ്തുത.

ഒരു ഉദാഹരണമെടുത്താല്‍, ടാറ്റ നെക്സോണ്‍ ഇലക്ട്രിക്കില്‍ ഒറ്റചാര്‍ജില്‍ 312 കിലോമീറ്ററാണ് സഞ്ചരിക്കാനാവുക. വാഹനത്തിലെ 30.2 kwh ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് 30.2 യൂണിറ്റ് വൈദ്യുതിയാണ്. ഒരു യൂണിറ്റിന് എട്ട് രൂപ കണക്കാക്കിയാല്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 241 രൂപ ചെലവ് വരും. ഈ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ഓടാം എന്നതുകൂടി കണക്കാക്കിയാല്‍ കിലോമീറ്ററിന് ചെലവ് 77 പൈസ മാത്രം.

312 കിലോമീറ്റര്‍ ഓടാന്‍ ഏകദേശം 16 കിലോമീറ്റര്‍ മൈലേജുള്ള ഇതേ വിഭാഗത്തിലുള്ള പെട്രോള്‍ കാറിന് 1950 രൂപയാകും ഇന്ധനച്ചെലവ്. ഒരു കിലോമീറ്ററിന് വരുന്ന ചെലവ് 6.25 രൂപ. ഇനി തിരക്കുള്ള നഗരത്തിലൂടെയാണ് യാത്രയെങ്കില്‍ ഇന്ധനക്ഷമത കുറയുകയും ഇന്ധനച്ചെലവ് ഇതിനെക്കാള്‍ ഉയരുകയും ചെയ്യും. എന്നാല്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന് വിപണി വില 15 ലക്ഷത്തോളം വരും. ഇതേ മോഡല്‍ നെക്‌സോണ്‍ പെട്രോളിന് വില 10 ലക്ഷത്തിനുള്ളിലും.

നിലവില്‍ ലഭ്യമായ ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വിലയും അതിന്റെ സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്കകളുമാണ് സാധാരണക്കാരെ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് അകറ്റുന്നത്. തീര്‍ത്തും പുതിയൊരു അനുഭവമായതിനാല്‍ ഇലക്ട്രിക് കാറുകളില്‍ ആളുകള്‍ക്ക് സംശയങ്ങളും ഏറെയാണ്. യാത്രയ്ക്കിടെ ചാര്‍ജ് തീര്‍ന്ന് വണ്ടി വഴിയില്‍ കിടക്കുമോയെന്നതാണ് പ്രധാന ആശങ്ക. ഇ-കാറുകളിലെ സുപ്രധാന ഘടകമായ വിലയേറിയ ബാറ്ററികള്‍ എത്രകാലം ഈടുനില്‍ക്കുമെന്നും ആളുകള്‍ സംശയയിക്കുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് വാഹന കമ്പനികള്‍ക്ക് വ്യക്തമാക്കുന്നത്.

സ്വകാര്യ മേഖലകളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്. നിലവിലെ പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായ രീതിയില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാകുന്നതോടെ യാത്രാമധ്യേ ഇ-വാഹനങ്ങള്‍ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുമെന്ന ആശങ്ക ഇല്ലാതാകും. കൂടുതല്‍ ദൂരം പിന്നിടാനാകുന്ന മോഡലുകള്‍ക്കാണ് കമ്പനികള്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നതും.

അതേസമയം ഇന്ധനം നിറയ്ക്കാന്‍ മിനിറ്റുകള്‍ മാത്രം മതിയെങ്കിലും ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ സമയം കൂടുതല്‍ ആവശ്യമാണ്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുക്കും. ഓരോ കമ്പനികളുടെയും മോഡലുകള്‍ക്ക് അനുസരിച്ച് ഇതില്‍ വ്യത്യാസം വന്നേക്കാം. 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മാത്രം മതിയെന്ന് അവകാശപ്പെടുന്ന മോഡലുകളും ഇന്ത്യയിലുണ്ട്.

മഹീന്ദ്രയുടെ ഇ വെരിറ്റോ, ഇ2ഒ എന്നീ മോഡലുകളിലൂടെയാണ് ഇന്ത്യക്കാര്‍ ഇലക്ട്രിക് കാറുകളെ പരിചയപ്പെട്ടു തുടങ്ങിയത്. 2019 പകുതിയോടെ ഹ്യൂണ്ടായ് കോന ഇലക്ട്രിക് (28 ലക്ഷം രൂപ) വിപണിയിലെത്തിച്ചതോടെ ഇ-കാര്‍ വിപണി ഉണര്‍ന്നു. വില കൂടുതലായിരുന്നെങ്കിലും ഇന്ത്യന്‍ റോഡില്‍ ഇലക്ട്രിക് കാറുകളും സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ടാറ്റയുടെ നെക്സോണ്‍ ഇവി (14-17 ലക്ഷം) കൂടി എത്തിയതോടെ ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറി. പിന്നാലെ അല്‍പംകൂടി ഉയര്‍ന്ന എംജിയുടെ ഇസെഡ്എസ് ഇവി (24-27 ലക്ഷം) എസ്.യു.വിയും വിപണിയിലേക്കെത്തി. ആഡംബര ശ്രേണിയിലുള്ള ജഗ്വാര്‍ ഐ പേസ്, മെഴ്സിഡിസ് ബെന്‍സ് ഇക്യുസി എന്നീ മോഡലുകള്‍ക്ക് വില ഒരു കോടിക്ക് മുകളില്‍ വരും.

സങ്കീര്‍ണമായ എന്‍ജിനും അതിനോട് ചേര്‍ന്ന മറ്റു ഘടകങ്ങളുമൊന്നും ഇല്ലാത്തതിനാല്‍ പരിപാലന ചെലവും ഇലക്ട്രിക് കാറുകള്‍ക്ക് കുറവാണ്. ചലിക്കുന്ന യന്ത്രഭാഗങ്ങള്‍ കുറവായതിനാല്‍ തേയ്മാനവും കുറയും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ ഓയില്‍ മാറ്റം തുടങ്ങിയ പതിവ് സര്‍വീസ് ചെലവുകളുമില്ല. കൃത്യമായ ഇടവേളകളില്‍ ഓയില്‍ ഫില്‍റ്റര്‍, ഫാന്‍ ബെല്‍റ്റ്, സ്പാര്‍ക്ക് പ്ലഗ് തുടങ്ങിയ പാര്‍ട്സുകള്‍ മാറ്റേണ്ട കാര്യമില്ല.

പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് സമാനമായി മികച്ച പ്രകടനം നല്‍കുന്നതാണ് ഇലക്ട്രിക് കാറിലെ മോട്ടറുകള്‍. കരുത്തിന് വലിയ മാറ്റമൊന്നുമില്ലെന്ന് ചുരുക്കം. ശക്തമായ മോട്ടര്‍, പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ ഒട്ടും മോശമല്ലാത്ത ദൂരം ഓടാനാകുന്നത്ര ശേഷിയുള്ള ബാറ്ററി, വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാമെന്ന സൗകര്യം, ബാറ്ററികള്‍ക്ക് ദീര്‍ഘകാല വാറന്റി (എട്ട് വര്‍ഷത്തോളം) എന്നിവ പുതിയ ഇ-കാറുകള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കി.

അധികം വൈകാതെ ഇലക്ട്രിക് കാർ ബാറ്ററികളുടെ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇ-വാഹനങ്ങളുടെ ഇപ്പോഴത്തെ ഉയര്‍ന്ന വിലയും കുറയും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഇ-കാറുകളും സമീപഭാവിയില്‍ ലഭ്യമാകും.

content highlights: petrol@100, petrol car or electric car which one cheaper

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram