പെട്രോള്‍@100: ഓര്‍മയുണ്ടോ, 100 കി.മി സമ്മാനിച്ച മൈലേജ് ചാമ്പ്യന്മാരെ


By അജിത് ടോം

4 min read
Read later
Print
Share

ബൈക്ക് കാണാനെത്തിയ ബന്ധുക്കളില്‍ ഒരാളില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഒരു വാക്ക് കേള്‍ക്കുന്നത്. ഈ ബൈക്കിന് എന്ത് മൈലേജ് കിട്ടും? 70 കിലോമീറ്റര്‍ എങ്കിലും കിട്ടണം. ഇത്രയേ ഉണ്ടായിരുന്നുള്ള മറുപടി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെറുപ്പകാലത്ത് നിരത്തുകളിലൂടെ പാഞ്ഞ് പോകുന്ന ബൈക്കുകളെ ആരാധനയോടെയാണ് നോക്കിയിട്ടുള്ളത്. വിരലിലെണ്ണാവുന്ന ബൈക്കുകളാണ് അന്ന് എന്റെ ഗ്രാമത്തിലുള്ളത്. ബാങ്കില്‍ ജോലി ചെയ്യുന്ന ചേട്ടന്റെ കവാസാക്കി 4 എസ് ചാമ്പ്യന്‍, കാസറ്റ് കട നടത്തുന്നയാളുടെ ഹീറോ ഹോണ്ട സി.ഡി.100, നാട്ടിലെ പ്രമാണിയുടെ കൈവശമുള്ള ബജാജ് എം80 എന്നിവയാണ് നിത്യേന കാണുന്ന വാഹനങ്ങള്‍. എന്നാല്‍, ഇടയ്ക്കിടെ കാണുന്ന വാഹനങ്ങളുണ്ടായിരുന്നു പള്ളീലച്ചന്റെ യെസ്ഡിയും കട്ടക്കളം നടത്തുന്ന കുഞ്ഞിരാമേട്ടന്റെ ബുള്ളറ്റും. ഇന്നത്തെ ഹാര്‍ലി ബൈക്കുകളോട് ഉള്ളതിനെക്കാള്‍ ആരാധനയോടെയാണ് ഈ രണ്ട് ബൈക്കുകള്‍ നോക്കി നിന്നിട്ടുള്ളത്.

ഈ ബൈക്കുകളെല്ലാം ദൂരെ നിന്ന് കാണുന്നവയാണ്. എന്നാല്‍, 1996-ല്‍ ബൈക്ക് എന്ന ആഡംബര വാഹനം എന്റെ വീട്ടിലുമെത്തി. ഞാന്‍ ആദ്യമായി തൊട്ടടുത്ത് നിന്ന് കാണുന്നതും പെട്രോള്‍ ടാങ്കില്‍ ഇരുന്ന യാത്ര ചെയ്യുന്നതും ഞങ്ങളുടെ ഈ സി.ഡി. 100 എസ്.എസ്. എന്ന വാഹനത്തിലാണ്. ബൈക്ക് കാണാനെത്തിയ ബന്ധുക്കളില്‍ ഒരാളില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഒരു വാക്ക് കേള്‍ക്കുന്നത്. ഈ ബൈക്കിന് എന്ത് മൈലേജ് കിട്ടും? 70 കിലോമീറ്റര്‍ എങ്കിലും കിട്ടണം. ഇത്രയേ ഉണ്ടായിരുന്നുള്ള മറുപടി. യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളൈ കുറിച്ച് വലിയ പിടിയില്ലാതിരുന്ന ഞാന്‍ അമ്മാവന്റെ സഹായത്തോടെ മൈലേജ് എന്താണെന്ന് കണ്ടുപിടിച്ചു. ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ ഈ ബൈക്ക് എന്തോരും ഓടും എന്നതാണ് മൈലേജ്.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് പെട്രോള്‍ ലിറ്ററിന് 16-യാണ് വില. ഈ വിലയില്‍ പെട്രോള്‍ ഒഴിച്ചാല്‍ 70 കിലോമീറ്ററിന് മുകളില്‍ ഓടാന്‍ കഴിയുമെന്നതായിരിക്കും അമ്മാവന്റെ വിലയിരുത്തല്‍. അക്കാലത്ത് ബൈക്കുകള്‍ വാങ്ങുന്നവരെല്ലാം പരിഗണിച്ചിരുന്നത് മൈലേജ് തന്നെയാണ്. താരതമ്യേന മൈലേജ് കുറവുള്ള വാഹനങ്ങളായിരുന്നു മുമ്പ് പറഞ്ഞ യെസ്ഡിയും ബുള്ളറ്റും. മൈലേജ് വലിയ കാര്യമാക്കാത്തവര്‍ അന്ന് തിരിഞ്ഞെടുത്തിരുന്ന മറ്റ് രണ്ട് വാഹനങ്ങളും കൂടി ഉണ്ടായിരുന്നു. യമഹ ആര്‍.എക്‌സ്100, സുസുക്കി സാമുറായി. പുതുതലമുറയുടെ വാക്ക് കടമെടുത്താന്‍ അന്നത്തെ കാലത്തെ ഫ്രീക്കന്‍ വണ്ടികളായിരുന്നു ആര്‍.എക്‌സ്100, സുസുക്കി സാമുറായിയും.

അന്ന് പെട്രോളിന് കുറഞ്ഞ വിലയും പുറത്തിറങ്ങുന്ന ബൈക്കുകള്‍ക്ക് ഉയര്‍ന്ന ഇന്ധനക്ഷമതയുമായിരുന്നു കീഴ്‌വഴക്കം. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പെട്രോള്‍ വില 100-ല്‍ എത്തുകയും ബൈക്കുകളുടെ മൈലേജ് പരമാവധി 50-ലേക്ക് ചുരുങ്ങുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് മൈലേജ് എന്നത് വാഹനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ലാതെയായത്. 90-കാലഘട്ടത്തേക്കാള്‍ ഇന്ധനക്ഷമതയുള്ള ബൈക്കുകളാണ് 2000-ത്തിന് ശേഷമെത്തിയത്. ടി.വി.എസ്. വിക്ടര്‍, ബജാജ് സി.ടി. 100, ബോക്‌സര്‍, ഹീറോ ഹോണ്ട സ്‌പെന്‍ഡര്‍, പാഷന്‍ തുടങ്ങിയ വാഹനങ്ങളെല്ലാം മത്സരിച്ച് ഇന്ധനക്ഷമത നല്‍കിയിരുന്ന ബൈക്കുകളാണ്.

പെട്രോളിന്റെ വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ചിലരെങ്കിലും മൈലേജ് രാജാക്കന്‍മാരായിരുന്നു ബൈക്കുകളെ സ്മരിക്കുന്നുണ്ടാകും. 100 സി.സി. നല്‍കുന്ന കുതിപ്പ് പോരാതെ വന്നതോടെയാണ് ആളുകള്‍ മൈലേജ് മറക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഈ കാലയളവില്‍ പെട്രോള്‍ വില കുറയുകയായിരുന്നില്ല, മറിച്ച് കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെ പോലെ കുതിക്കുകയായിരുന്നു. പവര്‍ ഫുള്‍ ബൈക്കുകളിലേക്ക് ഉപയോക്താക്കള്‍ തിരിഞ്ഞതോടെ 100 സി.സിയും ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‍കുന്ന ബൈക്കുകളുടെ ഉത്പാദനം നിര്‍മാതാക്കളും അവസാനിപ്പിച്ചു. പിന്നീട് ഇവരില്‍ നിന്ന് തന്നെ കരുത്താരായ ബൈക്കുകള്‍ എത്തി തുടങ്ങി. അപ്പോഴേക്കും ഇന്ധനവില മൂന്നക്കത്തിലേക്ക് കയറുകയും മൈലേജ് രണ്ട് അക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

നിരത്തുകളില്‍ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും കരുത്തന്‍ ബൈക്കുകളുടെ വരവോടെ അപ്രസക്തരായ മോഡലുകളാണ് ബജാജിന്റെ സി.ടി. 100, പ്ലാറ്റിന തുടങ്ങിയ മോഡലുകള്‍. 108 കിലോമീറ്റര്‍ മൈലേജാണ് ഈ വാഹനം പ്രദാനം ചെയ്തിരുന്നത്. ഇത്തരത്തില്‍ മടങ്ങി വരണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്ന മൈലേജില്‍ കരുത്തരായ ബൈക്കുകള്‍ വേറേയുമുണ്ട്. മൈലേജ് ഹൈലൈറ്റായിരുന്ന ഇത്തരം ബൈക്കുകളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.

ഹീറോ ഹോണ്ട സി.ഡി.100 എസ്.എസ്.

1985-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സി.ഡി.100 മോഡലിനെ അല്‍പ്പം കൂടി മോടിപിടിപ്പിച്ചെത്തിയ വാഹനമാണ് സി.ഡി.100 എസ്.എസ്. 1991-ലാണ് ഈ ബൈക്ക് വിപണിയില്‍ എത്തുന്നത്. 97.2 സി.സി. ശേഷിയുണ്ടായിരുന്ന ഈ ബൈക്ക് 7.3 പി.എസ്. പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. അക്കാലത്തെ മൈലേജ് കിങ്ങായിരുന്ന ഈ ബൈക്ക് ലിറ്ററിന് 80 കിലോമീറ്റര്‍ മൈലേജാണ് ഉറപ്പുനല്‍കിയിരുന്നത്.

ബജാജ് കവാസാക്കി 4ട ചാമ്പ്യന്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കാക്കളായ കവാസാക്കിയും ഇന്ത്യന്‍ കമ്പനിയായ ബജാജിന്റെയും കൂട്ടുകെട്ടില്‍ 1991-ല്‍ നിരത്തുകളില്‍ എത്തിയ വാഹനമായിരുന്നു 4ട ചാമ്പ്യന്‍. 100 സി.സി. ബൈക്കുകളുടെ നിരയിലെത്തിയ ഈ ബൈക്കിന് 99.3 സി.സി. എന്‍ജിനാണ് കരുത്തേകിയിരുന്നത്. 7.1 പി.എസ്. പവര്‍ ഉത്പാദിപ്പിച്ചിരുന്ന ഈ വാഹനം 65 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിരുന്നു.

ബജാജ് ചേതക്

1972 മുതല്‍ 2006 വരെ ഇന്ത്യന്‍ നിരത്തുകളില്‍ കരുത്തറിയിച്ചിട്ടുള്ള സ്‌കൂട്ടറായിരുന്നു ബജാജ് ചേതക്. 150 സി.സി. എന്‍ജിന്‍ ബൈക്കുകളില്‍ അന്യമായിരുന്ന കാലത്ത് ഈ എന്‍ജിനില്‍ എത്തിയ സ്‌കൂട്ടറാണ് ചേതക്. 145.5 സി.സി. എന്‍ജിന്‍ 7.5 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. 90 കിലോമീറ്റര്‍ പരമാവധി വേഗത ഉണ്ടായിരുന്ന ഈ സ്‌കൂട്ടര്‍ 62 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്.

ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍

സി.ഡി.100 എസ്.എസിന് പിന്നാലെ ഹീറോ ഹോണ്ട ഇന്ത്യയില്‍ എത്തിച്ച വാഹനമാണ് സപ്ലെന്‍ഡര്‍. ന്യൂജനറേഷന്‍ ബൈക്കുകളുടെ തുടക്കക്കാരന്‍ എന്ന വിശേഷിപ്പിക്കാവുന്ന ഈ ബൈക്ക് 1994-ലാണ് അവതരിപ്പിക്കുന്നത്. 97.2 സി.സി. എന്‍ജിനുമായി എത്തിയ ഈ വാഹനം 7.4 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. 80.6 കിലോമീറ്ററായിരുന്നു ആദ്യകാല സ്‌പ്ലെന്‍ഡറിന്റെ ഇന്ധനക്ഷമത.

ബജാജ് സി.ടി.100

2000-ത്തിന്റെ തുടക്കത്തിലാണ് മൈലേജില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബൈക്കുകള്‍ കൂടുതലായി എത്തി തുടങ്ങിയത്. ഇത്തരം ബൈക്കുകളില്‍ മുന്‍നിര മോഡലായിരുന്നു ബജാജ് വിപണിയില്‍ എത്തിച്ച സി.ടി.100. 99.27 സി.സി. എന്‍ജിനൊപ്പം 8.2 ബി.എച്ച്.പി. പവറുമായി എത്തിയിരുന്ന ഈ കമ്മ്യൂട്ടര്‍ ബൈക്ക് 99 കിലോമീറ്ററര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്തിരുന്നത്. 32,000 രൂപയായിരുന്നു എക്‌സ്‌ഷോറും വില.

ടി.വി.എസ്. വിക്ടര്‍

ഇന്ത്യന്‍ കമ്പനിയായ ടി.വി.എസ് 2003-ല്‍ അവതരിപ്പിച്ച മോഡലാണ് വിക്ടര്‍. ഈ കാലഘട്ടത്തിലെ മികച്ച സ്‌റ്റൈലിനൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയുമായിരുന്നു ഈ ബൈക്കിന്റെ ആകര്‍ഷക ഘടകങ്ങള്‍. 109 സി.സി. എന്‍ജിനുമായാണ് വിക്ടര്‍ നിരത്തുകളില്‍ എത്തുന്നത്. 8.2 പി.എസ്. പവര്‍ ഉത്പാദിപ്പിച്ചിരുന്ന ഈ ബൈക്ക് 60 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിരുന്നു.

ബജാജ് പ്ലാറ്റിന

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കേളികേട്ട മോഡലുകളില്‍ ഒന്നായിരുന്നു ബജാജിന്റെ പ്ലാറ്റിന. 2006-ല്‍ നിരത്തുകളില്‍ എത്തിയ ഈ ബൈക്ക് 90 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്. 39,987 രൂപയിലായിരുന്നു ഈ ബൈക്കിന്റെ വില ആരംഭിച്ചിരുന്നത്. മൈലേജ് കിങ്ങായുള്ള ഈ ബൈക്കിന്റെ 110 സി.സി. മോഡല്‍ ഇപ്പോഴും വിപണിയിലുണ്ട്.

Content Highlights: Most Fuel Efficient Bikes, Old Generation Bikes In India, Petrol@100

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram