പെട്രോളിന് വ്യത്യസ്ത വില ഈടാക്കണം- സി.വി. ആനന്ദബോസ്


കെ.എ. ജോണി

6 min read
Read later
Print
Share

പണമുള്ളവരും ഇല്ലാത്തവരും ഒരേ വില കൊടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ബെന്‍സ് കാര്‍ ഉടമയ്ക്കും ഇരുചക്ര വാഹന ഉടമയ്ക്കും ഒരേ വിലയ്ക്ക് പെട്രോള്‍ കൊടുക്കണോ?

സി.വി. ആനന്ദബോസ്‌ | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ വിചാരിക്കണമെന്ന് മുന്‍ സീനിയര്‍ ഐ.എ.എസ്. ഓഫീസറും ബി.ജെ.പി. നേതാവുമായ സി.വി. ആനന്ദബോസ്. ''പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതിന് പിന്നില്‍ സര്‍ക്കാരിന് പല യുക്തികളുമുണ്ടാവും. പക്ഷേ, ജനവികാരം എന്നൊന്നുണ്ട്. അത് കാണാതിരിക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. അതുകൊണ്ടുതന്നെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ വിഷയത്തില്‍ നിലപാട് എടുക്കേണ്ടതായുണ്ട്.'' ഡല്‍ഹിയില്‍നിന്നു മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദബോസ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായ സംഭവവികാസമാണിത്. യു.പി.എ. സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ കടുത്ത വിമര്‍ശമാണ് ബി.ജെ.പി. നേതാക്കള്‍ ഉന്നയിച്ചിരുന്നത്. അധികാരം കിട്ടിയാല്‍ പെട്രോള്‍ വില കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പക്ഷേ, വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ബി.ജെ.പി. നേതൃത്വം ഇക്കാര്യത്തില്‍ പറഞ്ഞ വാക്ക് പാലിക്കാതിരിക്കുന്നത്?

ഇതില്‍ ബി.ജെ.പി., കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് എന്ന വ്യത്യാസമില്ല. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പണം കിട്ടുന്ന മേഖലയാണിത്. നമ്മള്‍ പെട്രോളോ ഡീസലോ അടിച്ചാല്‍ ആ നിമിഷം സര്‍ക്കാരിന് അവരുടെ വിഹിതം കിട്ടിയിരിക്കും. അഞ്ച് ലക്ഷം കോടി രൂപപയോളമാണ് ഒരു വര്‍ഷം ഈ ഇനത്തില്‍ സര്‍ക്കാരിന് കിട്ടുന്നത്. ഇത് വേണ്ടെന്ന് വെയ്ക്കുക എളുപ്പമല്ല.

ബി.ജെ.പിയുടെ തിങ്ക് ടാങ്കിലെ ഒരംഗമെന്ന നിലയില്‍ ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താങ്കള്‍ എപ്പോഴെങ്കിലും ചര്‍ച്ച ചെയ്തിട്ടുണ്ടാ?

ഇല്ല. സാധാരണഗതിയില്‍ ചില കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. ചിലപ്പോള്‍ സ്വമേധയാ ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താറുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു ചര്‍ച്ചയും നടത്താന്‍ എനിക്കവസരം ലഭിച്ചിട്ടില്ല. പക്ഷേ, ഈ വിഷയത്തില്‍ എനിക്ക് വ്യക്തമായ നിലപാടുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരാണ് പെട്രോളിയം വില നിര്‍ണ്ണയിക്കുന്നതിനുള്ള അവകാശം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. അതില്‍ ഒരു യുക്തിയുണ്ടായിരുന്നു.

എന്തായിരുന്നു ആ യുക്തി?

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പണമാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡിയായി നല്‍കിയിരുന്നത്. ''populist measures should end'' എന്നാണ് മന്‍മോഹന്‍സിങ്ങ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഒരു ഉത്പന്നതിന്റെ വില കമ്പോള വിലയ്ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യട്ടെ എന്ന നിലപാടായിരുന്നു മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റേത്. വില നിര്‍ണ്ണയിക്കുന്നതിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് ഇതിന്റെ ഭാഗമായാണ്.

പക്ഷേ, ഇത് വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കും എന്ന വിമര്‍ശമുയര്‍ന്നു. ഇതോടെയാണ് പെട്രോളിനുള്ള സബ്സിഡി എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് കൊടുക്കാനായി ഓയില്‍ബോണ്ടുകള്‍ ഇറക്കിയത്. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഇത് രാജ്യത്തിന് വരുത്തിവെച്ചത്. ഭാവിതലമുറയെ പണയം വെയ്ക്കുന്ന പരിപാടിയായിരുന്നു അത്. രണ്ട് ലക്ഷം കോടി രൂപയോളം വരുന്ന ബാദ്ധ്യതയായിരുന്നു അത്.

പെട്രോളിന്റെ വില എന്നു പറയുന്നത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നികുതികള്‍ കൂടി ഉള്‍പ്പെട്ടതാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് സ്ഥിര നികുതിയാണ് (fixed tax) സംസ്ഥാന നികുതി അങ്ങിനെയല്ല. അതുകൊണ്ടാണ് വില കൂടുമ്പോള്‍ കൂടുതല്‍ മെച്ചം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് പറയുന്നത്. കേരളത്തിന്റെ കാര്യം പറഞ്ഞാല്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പറയും. നമുക്ക് മഹാരാഷ്ട്രയെ നോക്കാം. 40 ശതമാനമാണ് അവരുടെ നികുതി. പെട്രോളിന്റെ അടിസ്ഥാന വില 50 രൂപയാണെങ്കില്‍ 20 രൂപ അവര്‍ക്ക് കിട്ടും. അടിസ്ഥാന വില 60 രൂപയായാല്‍ അവര്‍ക്ക് 24 രൂപ താനേ കിട്ടും. അടിസ്ഥാന വില 100 രൂപയായായാല്‍ 40 രൂപയാണ് അവര്‍ക്ക് കിട്ടുക.

നമുക്ക് ഇപ്പോഴുള്ള വിലയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാം. കേരളത്തില്‍ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 38 രൂപ 50 പൈസയാണ്. ഇതിന്റെ കേന്ദ്ര നികുതി 32 രൂപ തൊണ്ണൂറ് പൈസയാണ്. സംസ്ഥാനം ചുമത്തുന്ന വാറ്റ് 22 രൂപ 68 പൈസയാണ്. കേന്ദ്ര നികുതി തന്നെയാണ് കൂടുതലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

ഇതില്‍ കേന്ദ്രം ചുമത്തുന്ന എകൈ്സസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ്. ഫിനാന്‍സ് കമ്മീഷന്റെ ഫോര്‍മുല അനുസരിച്ചാണ് ഈ വിഹിതം. റോഡ് നിര്‍മ്മാണവും കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടുമുള്ള സെസ് ഇതിന് പുറമെയാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടത് സെസ് എന്തിന് വേണ്ടിയാണോ പിരിക്കുന്നത് അതിന് മാത്രമേ അത് ഉപയോഗിക്കാവൂ എന്നതാണ്. അതായത് റോഡ് വികസനത്തിനു വേണ്ടിയുള്ള സെസ്സാണെങ്കില്‍ അത് അതിന് മാത്രമേ ഉപയോഗിക്കാനാവുകയുളളു. അങ്ങിനെ വരുമ്പോള്‍ ഈ സെസ്സും ആത്യന്തികമായി സംസ്ഥാനങ്ങളിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നത്. നേരത്തെ പറഞ്ഞതുപോലെ ഏറ്റവും എളുപ്പത്തില്‍ പിരിച്ചെടുക്കാവുന്ന നികുതിയാണ് പെട്രോളില്‍നിന്ന് കിട്ടുന്നതെന്നതാണ് സര്‍ക്കാരിനെ ഈ നികുതി ഇങ്ങനെ തന്നെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഉപഭോക്താക്കള്‍ക്ക് എന്തുകൊണ്ട് ആശ്വാസം കിട്ടുന്നില്ലെന്നാണ്. പെട്രോള്‍ വില നിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ പറഞ്ഞിരുന്ന മുഖ്യകാര്യം അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഇവിടെയും വിലയില്‍ മാറ്റമുണ്ടാവുമെന്നാണ്. 2008-ല്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 147 ഡോളറായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് 75 ഡോളറാണ്. പക്ഷേ, ഇന്ത്യയില്‍ വില സകല റെക്കോഡുകളും ഭേദിച്ച് നൂറിലെത്തിയിരിക്കുകയാണ്. അപ്പോള്‍ പിന്നെ ആരെ സഹായിക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്?

കേന്ദ്രവും സംസ്ഥാനവും നികുതികള്‍ കുറയ്ക്കുന്നില്ല എന്നതാണ് കാരണം.

അതിന്റെയര്‍ത്ഥം വിലക്കയറ്റത്തിന് രണ്ടു കൂട്ടരും ഒരുപോലെ ഉത്തരവാദികളാണെന്നാണോ?

അതെ. പെട്രോള്‍ വില കുറയ്ക്കണമെങ്കില്‍ അതിന് മാര്‍ഗ്ഗമുണ്ട്. അതിന് പക്ഷേ, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപടി എടുക്കണം. ഇരുകൂട്ടരും ഒന്നിച്ചിരുന്നാലോചിച്ചാല്‍ ഇതിനുള്ള വഴികള്‍ തെളിഞ്ഞുവരും.

എന്തൊക്കെ വഴികളാണ് താങ്കളുടെ മുന്നിലുള്ളത്?

ഒന്നാമത്തെ വഴി പെട്രോളിനെ ജി.എസ്.ടിയില്‍ കൊണ്ടുവരിക എന്നുള്ളതാണ്.

ജി.എസ്.ടി. തന്നെ വേണ്ടെന്നുവെയ്ക്കണമെന്നാണ് തമിഴ്നാടിനെപ്പോലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അപ്പോള്‍ പിന്നെ ഇത് പ്രായോഗികമാണോ?

ജി.എസ്.ടി. ആദ്യം മുന്നോട്ടു വെച്ചത് യു.പി.എ. സര്‍ക്കാരാണ്. ബി.ജെ.പി. അന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത്.

പക്ഷേ, ബി.ജെ.പി. സര്‍ക്കാര്‍ വന്നപ്പോള്‍ ജി.എസ്.ടി. നടപ്പാക്കുകയാണ് ചെയ്തത് ?

അത് രാഷ്ട്രീയമാണ്. പ്രശ്നം ജി.എസ്.ടിയുടേതല്ല. പത്ത് പതിനഞ്ചു കൊല്ലം ചര്‍ച്ച ചെയ്ത ശേഷം നടപ്പാക്കിയ തീരുമാനമാണ് ജി.എസ്.ടി.

ജി.എസ്.ടി. പരാജയമാണെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ട വരുമാനം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നുമാണ് പല സംസ്ഥാനങ്ങളും പരാതിപ്പെടുന്നത്?

ജി.എസ്.ടി. കൗണ്‍സിലില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു തരത്തിലുള്ള മേധാവിത്വവുമില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ അതില്‍ തീരുമാനമെടുക്കാനാവുകയുള്ളു. പാര്‍ലമെന്ററി സംവിധാനത്തില്‍ ഇതില്‍ കൂടുതല്‍ ജനാധിപത്യപരമാവാന്‍ എങ്ങിനെയാണ് കഴിയുന്നത്. പിന്നെ ഒലിവര്‍ ട്വിസ്റ്റിനെപ്പോലെ ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടണം എന്ന് എല്ലാവരും പറയും.

ജി.എസ്.ടി. കൗണ്‍സിലില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നിച്ച് കേന്ദ്ര സര്‍ക്കാരിന് പിന്നില്‍ അണിനിരക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മേധാവിത്വമുണ്ടാവും എന്നത് കാണാതിരിക്കാനാവില്ല. അതവിടെ നില്‍ക്കട്ടെ. ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാതെ പെട്രോളിയം വില കുറയ്ക്കാന്‍ വേറെ വഴിയില്ലേ?

വഴിയുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതികള്‍ കുറയ്ക്കണം. പക്ഷേ, ഇത് പറയാനെളുപ്പമാണ്. കാരണം നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ അഞ്ച് ലക്ഷം കോടി രൂപയുടെ വരുമാനമാണിത്. ആരു ഭരിച്ചാലും ഇത് വിട്ടുകൊടുക്കാന്‍ തോന്നില്ല. ഇവിടെയാണ് പൊളിറ്റിക്കല്‍ ഫിലോസഫി വരേണ്ടത്. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍. അത് കഴിഞ്ഞിട്ടാണ് വാഹനം വരുന്നത്. വാര്‍ദ്ധക്യകാല പെന്‍ഷനുള്‍പ്പെടെ അവശ വിഭാഗങ്ങളെ സഹായിക്കാനാണോ അതോ വാഹന ഉടമകളെ സഹായിക്കാനാണോ സര്‍ക്കാര്‍ നിലകൊള്ളേണ്ടത് എന്ന ചോദ്യമാണത്.

വാഹന ഉടമകള്‍ എല്ലാവരും പണക്കാരല്ല. ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ തീര്‍ത്തും സാധാരണക്കാരാണ്. മാത്രമല്ല, ഡീസല്‍ ഉപയോഗിച്ചാണ് ചരക്കുവാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ എല്ലാവരേയും ബാധിക്കുന്ന സംഗതിയാണിത്. അതുകൊണ്ടുതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വില പണക്കാരെയാണ് ബാധിക്കുന്നതെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

ഇവിടെയാണ് നമ്മള്‍ ഡിഫറന്‍ഷ്യല്‍ പ്രൈസിങ് കൊണ്ടു വരേണ്ടത്. ഇരുചക്ര വാഹനങ്ങള്‍ക്കും നാല് ചക്ര വാഹനങ്ങള്‍ക്കും വ്യത്യസ്ത വില ഈടാക്കാം. ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും വ്യത്യസ്ത വില കൊണ്ടു വരാം. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പണി എടുത്തത് വീട്ടമ്മമരാണ്. അവരാണ് വീടും രാജ്യവും മുന്നോട്ടുകൊണ്ടുപോയത്. വേണമെങ്കില്‍ അവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും എണ്ണ വില കുറച്ചു കൊടുക്കാം.

പക്ഷേ, വ്യത്യസ്ത വില ഈടാക്കല്‍ എത്ര മാത്രം പ്രായോഗികമാണ്?

ബാങ്കില്‍ വ്യത്യസ്ത പലിശകള്‍ ഈടാക്കുന്നില്ലേ. ഇതും അതുപോലെ നടപ്പാക്കാവുന്നേയുള്ളു. ആധാര്‍ കാര്‍ഡുകള്‍ പെട്രോള്‍ പമ്പുകളുമായി ബന്ധിപ്പിക്കാവുന്നതേയുള്ളു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സാങ്കേിതക വിദഗ്ധര്‍ക്ക് പരിഹരിക്കാവുന്നതേയുള്ളു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇതൊക്കെ നടപ്പാക്കാനാവും. ഇംഗ്ളണ്ടിലും ഓസ്ട്രേലിയയിലും പെട്രോളിന് വ്യത്യസ്ത വിലകള്‍ ഈടാക്കുന്നുണ്ടെന്നാണ് എനിക്കുള്ള വിവരം. പണമുള്ളവരും ഇല്ലാത്തവരും ഒരേ വില കൊടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. എന്റെ ബെന്‍സ് കാറിന് സര്‍ക്കാര്‍ എന്തിനാണ് പെട്രോള്‍ വില കുറച്ചു തരുന്നത്? (എനിക്ക് ബെന്‍സൊന്നുമില്ല. ഒരു ഉദാഹരണത്തിനായി പറഞ്ഞതാണ്.) എന്നെപ്പോലെയളുളവര്‍ക്ക് എന്തിനാണ് കോവിഡ് വാക്സിന്‍ സൗജന്യമായി തരുന്നത്?

അത് പക്ഷേ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഒരു മഹാമാരി വരുമ്പോള്‍ അതില്‍നിന്ന് സമൂഹത്തെ ഒന്നടങ്കം രക്ഷിക്കുക എന്നതാണ് സുപ്രധാനം. എല്ലാവര്‍ക്കും വാക്സിന്‍ കിട്ടുന്നതുവരെ ആരും സുരക്ഷിതരല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ച പോലും വാക്സിനേഷനെ ആശ്രയിച്ചാണിരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കേണ്ടി വരും. അമേരിക്കയില്‍ പോലും വാക്സിന്‍ സൗജന്യമാണെന്നത് മറക്കാനാവുമോ?

ആ ചര്‍ച്ച നമുക്ക് തല്‍ക്കാലം മാറ്റിവെയ്ക്കാം. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയാണ് നമ്മുടെ വിഷയം. വില കുറയ്ക്കണമെങ്കില്‍ മുഖ്യമായും മൂന്ന് വഴികളാണുള്ളത്. ഒന്ന് ജി.എസ്.ടി. ബാധകമാക്കുക, രണ്ട് വ്യത്യസ്ത വിലകള്‍ കൊണ്ടു വരിക, മൂന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് നികുതികള്‍ കുറയ്ക്കുക. ജി.എസ്.ടിയില്‍ ഇപ്പോള്‍ ഒരുത്പന്നത്തിനും 28 ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കാനാവില്ല. പക്ഷേ, ഇതിന് ഭേദഗതികള്‍ കൊണ്ടു വരാനാവും. 70 രൂപയില്‍ കുറഞ്ഞ വിലയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വേണമെന്ന് ജനങ്ങള്‍പോലും കരുതുന്നുണ്ടാവില്ല. നാലാമതൊരു വഴിയുള്ളത് പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചു പോവുക എന്നതാണ്. അതായത് വില സര്‍ക്കാര്‍ തന്നെ നിര്‍ണ്ണയിക്കുക. ഇത് പക്ഷേ, പരിഹാരത്തേക്കാളും വഷളായ സംഗതിയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വില നിശ്ചയിക്കാന്‍ തുടങ്ങിയില്‍ അത് കാര്യങ്ങള്‍ വഷളാക്കും.

വില നിര്‍ണ്ണയിക്കുന്നത് എണ്ണക്കമ്പനികളാണെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പറയാനാവുമോ? തിരഞ്ഞെടുപ്പ് കാലത്ത് വില കൂടാത്തത് സര്‍ക്കാര്‍ ഇടപെടുന്നതുകൊണ്ടല്ലേ?

അത് ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. അനൗപചാരികമായി നടക്കുന്ന പരിപാടിയാണത്. അത് ശരിയാണെന്ന് പറയാനാവില്ല. ജി.എസ്.ടി. കൗണ്‍സിലില്‍ ബി.ജെ.പി. ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പലപ്പോഴും മുന്‍ഗണന കിട്ടാറുണ്ട്. കേരളത്തിലെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ടു വെച്ചിട്ടുള്ള പല നിലപാടുകള്‍ക്കും ജി.എസ്.ടി. കൗണ്‍സിലില്‍ അര്‍ഹിക്കുന്ന പിന്തുണ കിട്ടിയിട്ടുണ്ട്. ട്രാക്റ്ററുകളുടെ സ്പെയര്‍ പാര്‍ട്ടുകള്‍ക്ക് 28 ശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടാണുളവാക്കിയത്. ഇക്കാര്യം എന്നോട് ചില കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഈ വിഷയം ഞാന്‍ തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹം അത് ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നയിച്ചു. ഇതിനിടയില്‍ അന്നത്തെ ബി.ജെ.പി. പ്രസിഡന്റ് അ്മിത് ഷായുടെ മുന്നിലും ഇക്കാര്യം ഞാന്‍ അവതരിപ്പിച്ചു. അദ്ദേഹവും അനുകൂല നിലപാടെടുത്തു. അങ്ങിനെയാണ് സ്പെയര്‍ പാര്‍ട്ടുകളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറഞ്ഞത്.

പിന്നെ, വില കുറയ്ക്കാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമാകണമെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം കടുക്കേണ്ടി വരും. ബ്രസീലില്‍ അടുത്തിടെ വണ്ടികള്‍ റോഡില്‍ പാര്‍ക്ക് ചെയ്താണ് ജനം പ്രതിഷേധിച്ചത്. ആയിരക്കണക്കിന് വണ്ടികള്‍ റോഡില്‍ കൊണ്ടിട്ടിട്ട് ജനം അവരുടെ വഴിക്ക് പോയി. എണ്ണ വില കുറയ്ക്കാതെ വേറെ വഴിയില്ലെന്ന് സര്‍ക്കാരിന് മനസ്സിലായി. അമേരിക്കയില്‍ റോഡ് മുറിച്ചു കടക്കാന്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് വലിയ പ്രശ്നമായിരുന്നു. ഒരു ദിവസം സൈക്കിള്‍ യാത്രക്കാര്‍ മുഖ്യ നിരത്തുകള്‍ കൈയ്യേറി. അതോടെ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായി. ജനവികാരം ഭരണകൂടം കണക്കിലെടുക്കുക തന്നെ വേണം. മറ്റെന്തൊക്കെ പറഞ്ഞാലും ജനവികാരം കണക്കിലെടുക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാനാവില്ല്.

Content Highlights: Different prices for petrol is the solution, says CV Anandabose

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram