'ദിനംപ്രതി ഇന്ധനവില കുറയ്ക്കുന്ന മോദിസര്‍ക്കാരിന് നന്ദി'; ബസില്‍ പോസ്റ്റര്‍,വലിച്ച് കീറി ബിജെപിക്കാർ


അഫീഫ് മുസ്തഫ

1 min read
Read later
Print
Share

പ്രതിഷേധം വൈറലായതോടെ ചങ്ങനാശ്ശേരി തെങ്ങണയില്‍വെച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബസിലെ സ്റ്റിക്കര്‍ കീറിക്കളഞ്ഞതായി ഉടമ പറഞ്ഞു.

ബസിൽ പതിപ്പിച്ചിരുന്ന പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി

കോട്ടയം: സാധാരണക്കാരന്റെ നട്ടല്ലൊടിയ്ക്കുന്ന ഇന്ധനവില വര്‍ധനവിനെതിരേ വ്യത്യസ്തമായ പ്രതിഷേധവുമായി ബസുടമ. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും ചങ്ങനാശ്ശേരി-മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചൈത്രം ബസിന്റെ ഉടമയുമായ രാഹുലാണ് പ്രതിഷേധിക്കാന്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തത്.

ദിനംപ്രതി ഇന്ധനവില കുറയ്ക്കുന്ന മോദി സര്‍ക്കാരിന് ഒരായിരം നന്ദി എന്ന സ്റ്റിക്കര്‍ ബസിന് പിന്നില്‍ പതിച്ചായിരുന്നു പ്രതിഷേധം. ലോക്ഡൗണ്‍ കാലത്ത് ഒരു ലിറ്റര്‍ ഡീസലിന് മാത്രം 'കുറച്ചത്' 28 രൂപയെന്നും ബസിന് പിന്നില്‍ എഴുതിയിരുന്നു. പരിഹാസരൂപേണ മോദി സര്‍ക്കാരിന് നന്ദി പറഞ്ഞുള്ള പ്രതിഷേധം നിമിഷങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങളിലും ഹിറ്റായി.

ചൊവ്വാഴ്ച രാവിലെ ഈയൊരു സ്റ്റിക്കറുമായി സര്‍വീസ് ആരംഭിച്ച ബസ് കണ്ട് നാട്ടുകാരടക്കം അന്തംവിട്ടു. ബസിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലടക്കം പോസ്റ്റ് ചെയ്തതോടെ ചൈത്രം ബസ് സാമൂഹികമാധ്യമങ്ങളിലും ഹിറ്റായി. എന്നാല്‍ സംഭവം വൈറലായതോടെ ചങ്ങനാശ്ശേരി തെങ്ങണയില്‍വെച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബസിലെ സ്റ്റിക്കര്‍ കീറിക്കളഞ്ഞതായി ഉടമ രാഹുല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

''ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് നിലവിലെ അവസ്ഥയെല്ലാം വളരെ പരിതാപകരമാണ്. ഒരു ദിവസം സര്‍വീസ് നടത്തിയാല്‍ കിട്ടുന്നത് ആകെ 5000-5300 രൂപയാണ്. അതില്‍ 4000-4200 രൂപ വരെ ഡീസലിനാവും. ജീവനക്കാര്‍ക്ക് പണ്ട് 900 രൂപയാണ് ശമ്പളമായി നല്‍കിയിരുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ 500 രൂപയാണ് കൊടുക്കുന്നത്.

പകുതിശമ്പളത്തിന് ജോലിചെയ്യാന്‍ അവര്‍ തയ്യാറായിട്ടും ബസ് സര്‍വീസ് നടത്തുന്നതിന്റെ ചെലവ് താങ്ങാന്‍ പറ്റുന്നില്ല. 28 രൂപയാണ് ഇത്രയും ദിവസങ്ങള്‍ക്കിടെ ഡീസലിന് കൂടിയത്. ബസ് സര്‍വീസ് മുന്നോട്ടുനടത്തികൊണ്ടുപോകാന്‍ ഒരുരക്ഷയുമില്ലാത്ത സ്ഥിതിയാണ്.

ഇക്കാര്യത്തില്‍ എങ്ങനെ പ്രതിഷേധിക്കുമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം തോന്നിയത്. അത് ബി.ജെ.പി. പ്രവര്‍ത്തകര്‍ കീറിക്കളയുകയും ചെയ്തു. അതില്‍ എനിക്ക് പ്രശ്നമോ പരാതിയോ ഒന്നുമില്ല. എന്തായാലും ഈ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടല്ലോ അതുമതി''- രാഹുല്‍ പറഞ്ഞു.

Content Highlights: Bus Owner Protest Against Petrol Diesel Price Hike, Stick Poster On Bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram