എ.പി അബ്ദുള്ളക്കുട്ടി | ഫോട്ടോ: രാമനാഥ് പൈമാതൃഭൂമി
പെട്രോള്‍ ഡീസല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മാതൃഭൂമി ഡോട്ട് കോമിനോട് നടത്തിയ പ്രതികരണത്തില്‍ നിന്ന്....
പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നികുതി കൂടുതല്‍ കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ എന്നതില്‍ തര്‍ക്കിക്കുകയല്ല വേണ്ടത്. അത് കലത്തിലായാലും കഞ്ഞിക്കലത്തിലായാലും സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് ആ പണം എത്തുന്നത്. ഈ നികുതിയെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഇന്ധന വിലവര്‍ധന വലിയ പ്രയാസം തന്നെയാണ് എന്നതില്‍ സംശയമില്ല. ഇറ്റലിയില്‍ 240 രൂപയാണ്, ഇംഗ്ലണ്ടില്‍ 132 രൂപയാണെന്നൊന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കാന്‍ ഞങ്ങളില്ല.
എന്താണ് ഇതിനൊരു പരിഹാരമെന്നാണ് നാം ചിന്തിക്കേണ്ടത്. അതിന് വളരെ കൃത്യവും സ്പഷ്ടവുമായ ഒരു നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നുള്ളതാണ് ആ നിര്‍ദേശം.
ജിഎസ്ടിയും തുടക്കം മുതല്‍ തന്നെ പെട്രോള്‍-ഡീസല്‍ വില ഇതിലുള്‍പ്പെടുത്തുന്നത് മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതാണ്. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെയാണ് ഇതിനെ എതിര്‍ത്തിട്ടുള്ളത്. ഒരു സവമായത്തിലൂടെ ഇതിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒറ്റയടിക്ക് പകുതി വിലക്ക് നമുക്ക് വില്ക്കാന് സാധിക്കും. എന്നാല്‍ ഐസക്കിനെ പോലെ ഇപ്പോള്‍ കെ.എന്‍. ബാലഗോപാലും പറയുന്നത് ഈ തീരുമാനം സംസ്ഥാനങ്ങളെ കുത്തുപാള എടുപ്പിക്കുമെന്നാണ്. ആയിരക്കണക്കിന് കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്ന് കേരള സര്‍ക്കാര്‍ പറയുന്നു.
കേരള സര്‍ക്കാരാണ് മാറി ചിന്തിക്കേണ്ടത്. മദ്യം, ലോട്ടറി, പെട്രോള്‍... ഈ കൊള്ളനികുതി കൊണ്ടൊന്നും നമുക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല.
ഉത്തര്‍പ്രദേശിലെ നോയിഡയിലേക്ക് നോക്കണം. സാംസങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ചൈനയില്‍നിന്ന് പറിച്ചുനട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തിലോ... ഒരു പുതിയ സംരംഭവും വരുന്നില്ല. കേരളത്തിന്റെ നികുതി വരുമാനവുമായി ബന്ധപ്പെട്ട് ക്രിയാത്മകമായി ചിന്തിക്കുകയാണ് വേണ്ടത്.
കേരളത്തിന്റെ വരുമാനം ഇരട്ടിയാക്കാനുള്ള നിര്‍ദേശം
പെട്രോള്‍ ഡീസല്‍ വില ജിഎസ്ടിക്ക് വിട്ടുകൊടുക്കുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം ഇരട്ടി വരുമാനമാക്കി മാറ്റാനുള്ള നിര്‍ദേശം എന്റെ പക്കലുണ്ട്.
ട്രാഫിക് പോലീസ് പോലെ ഒരു ഗോള്‍ഡ് പോലീസിനെ പിണറായി നിയമിച്ചാല്‍ മതി. എന്നിട്ട് കേരളത്തിലെ ജ്വല്ലറികളില്‍നിന്നു സ്വര്‍ണം വാങ്ങി ഇറങ്ങുന്ന, അത് ഇടത്തരക്കരായാലും സാധാരണക്കാരായാലും, ഒന്നോ രണ്ടോ വിവാഹ പാര്‍ട്ടികളെ റെയ്ഡ് ചെയ്ത് ബില്ല് ചോദിക്കണം. കേരളത്തിന് ഇപ്പോള്‍ ഒരു മുന്നൂറോ നാനൂറോ കോടി രൂപയുടെ നികുതി ലഭിക്കുന്നിടത്ത് ചുരുങ്ങിയത് 12,000 കോടി രൂപയെങ്കിലും ആക്കി മാറ്റാന്‍ സാധിക്കും. അത്രയും കച്ചവടം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ധനമന്ത്രിയോട് ഒരു പ്രമുഖ ജ്വല്ലറി ഉടമ പറയുന്നത് കേട്ടു, കേരളത്തിലെ വില്പനയുടെ 90 ശതമാനവും ഇപ്പോഴും നികുതി പിരിക്കാതെയാണ് നടക്കുന്നതെന്ന്. ധീരമായ നിലപാട് കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തില്‍ 20,000 കോടി രൂപയോളം കിട്ടാക്കടമായുണ്ട്. ഇതൊന്നും പിരിക്കാതെ ലോട്ടറിയും മദ്യവും പെട്രോളും പറഞ്ഞ് പഴഞ്ചന്‍ വരുമാന കാഴ്ചപ്പാടുമായി പോകുകയാണ് സര്‍ക്കാര്‍. ഇത് തിരുത്തേണ്ടത് എന്റെ പഴയ സുഹൃത്ത് കെ.എന്‍. ബാലഗോപാലാണ്. പെട്രോള്‍ വില വര്‍ധന തടയാന്‍ ഒറ്റമാര്‍ഗമേയുള്ളൂ. അത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നത് മാത്രമാണ്.
ഇന്ധന വില വര്‍ധനവ് എന്റെ ബജറ്റിനേയും ബാധിച്ചു
ഇന്ധനവില വര്‍ധന ജനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട് എന്നത് ശരിയാണ്. മാസം 5,000 കിലോ മീറ്ററോളം സഞ്ചരിക്കുന്ന ആളാണ് ഞാന്‍. ഞങ്ങളുടെയൊക്കെ കുടുംബ ബജറ്റിനെ ഇത് ബാധിക്കുന്നുണ്ട്. മമതയും പിണറായിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സര്‍ക്കാരുകള്‍ സഹകരിച്ചാലേ ഇതിന് പരിഹാരമാകൂ. മോദി സര്‍ക്കാര്‍ വളരെ ശരിയായ നിലപാടിലാണ് ഉള്ളത്.
പഴയ സമരങ്ങളിലേക്കും വാദങ്ങളിലേക്കും ഇപ്പോള്‍ പോകേണ്ടതില്ല
പഴയ വാദപ്രതിവാദങ്ങളിലേക്കൊന്നും നമുക്ക് പോകേണ്ടതില്ല. വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഇതിന് പോംവഴിയെങ്കില്‍ അതിന് ഒരര്‍ത്ഥവുമില്ല. പെട്രോള്‍ ഉത്പന്നങ്ങളുടെ മഹാഭൂരിപക്ഷവും നമ്മള് ഇറക്കുമതി ചെയ്യുന്നതാണ്. ആഗോള മാര്ക്കറ്റിനനുസൃതമായിട്ടാണ് അതിന്റെ വില നിര്‍ണയിക്കപ്പെടുന്നത്. ഇവിടെ സര്‍ക്കാര്‍ വില നിര്‍ണയിക്കണോ കമ്പനികള്‍ വില നിര്ണയിക്കണമോ എന്നതല്ല പ്രശ്നം. ഇത് പരിഹാരിക്കാന്‍ ഒരു മാര്‍ഗമുണ്ട്. അത് വളരെ എളുപ്പമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കുക എന്നതാണ്. മോദി സര്‍ക്കാരിന് തുറന്ന സമീപനമാണ്. അതിലേക്കാണ് രാജ്യം പോകുന്നതും.
യുപിഎ സര്‍ക്കാരിന്റെ കടംവീട്ടുകയായിരുന്നു ഇതുവരെ മോദി സര്‍ക്കാര്‍
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഇതിന്റെ ഉള്ളുകളി അറിയുന്നത്. കാരണം ഓയില്‍പൂളില്‍ വലിയ ബാധ്യതകള്‍ ഉണ്ടാക്കിയാണ് യു.പി.എ. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ഇത്രയും കാലം അധികവരുമാനത്തിലൂടെ കിട്ടിയതെല്ലാം ആ കടങ്ങള്‍ വീട്ടാനാണ് ഉപയോഗിച്ചത്. ഇപ്പോള്‍ നമ്മുടെ എണ്ണ കമ്പനികള്‍ക്ക് ബാധ്യതകളൊന്നുമില്ല. രണ്ടോ മൂന്നോ ലക്ഷം കോടി രൂപയുടെ കടമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡി രാജ്യത്തെ തന്നെ ആഗോള മാര്‍ക്കറ്റില്‍ രാജ്യത്തെ പണയം വെച്ചിട്ട് വേണോ എന്നതായിരുന്നു മോദിയുടെ മുന്നിലുള്ള വെല്ലുവിളി.
മന്മോഹന് സിങിനെ പോലെ വലിയ സാമ്പത്തിക ശാസ്ത്രജ്ഞനൊന്നുമല്ല മോദിയെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക കാര്യത്തില്‍ ഒരു ഗൃഹനാഥനെ പോലെ വളരെ തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്തിട്ടുള്ള നേതാവാണ് മോദി. അതുകൊണ്ട നരേന്ദ്ര മോദി ഈ പ്രശ്നം പരിഹരിക്കും.
Content Highlights: bjp national vice president ap abdullakutty about petrol diesel price hike