-
ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തിലെ ട്രെന്റ്. സിയാസ്, എസ്-ക്രോസ്, എര്‍ട്ടിഗ എന്നീ മോഡലുകളിലൂടെ ഈ ട്രെന്റിന്റെ ഭാഗമായ മാരുതി, ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിലും ഈ സാങ്കേതികവിദ്യ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള സ്വിഫ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
മാരുതിയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 12V എസ്എച്ച്വിഎസ് ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനമാണ് സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളതെന്നാണ് സൂചന. ഇത് വാഹനത്തിന് കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ചേര്‍ന്നാണ് പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം 20 ശതമാനം കുറയ്ക്കുകയും ഉയര്‍ന്ന ടോര്‍ക്ക് നല്‍കുകയും 15 ശതമാനം ഇന്ധനക്ഷമത ഉയര്‍ത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വിഫിറ്റിന്റെ ഹൈബ്രിഡ് പതിപ്പ് ജപ്പാന്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍-ഇലക്ട്രിക് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ 32 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം.
ഇന്ത്യയിലെത്തുന്ന ഹൈബ്രിഡ് സ്വിഫ്റ്റിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ മാത്രം 89.7 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമേകും. ഇലക്രിക് മോട്ടോര്‍ 13.4 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കും നല്‍കും. 5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ മാരുതിയില്‍ നിന്ന് നിരത്തിലെത്തുമെന്ന് മുമ്പുതന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ മാരുതി പ്രതിജ്ഞാബദ്ധമാണെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.
Content Highlights: New Maruti Swift Hybrid Showcased At Delhi Auto Expo