Image Twitted @GaadiKey
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ അത്യാഡംബര എംപിവി വാഹനമായ വി-ക്ലാസിന്റെ മാര്‍ക്കോ പോളൊ എഡിഷന്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കി. ലൈഫ് സ്റ്റൈല്‍ ക്യാംപര്‍ പതിപ്പായ ഈ വാഹനത്തിന് 1.38 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷമാണ് വി-ക്ലാസ് ഇന്ത്യയിലെത്തിയത്.
ദീര്‍ഘദൂര യാത്രക്കാരായ ഉപയോക്താക്കളെ ലക്ഷ്യമാക്കിയെത്തിയിട്ടുള്ള വാഹനമാണ് വി-ക്ലാസ് മാര്‍ക്കോ പോളൊ. വാഹനം എന്നതിലുപരി ഒരു വീടുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനമാണിതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ആധുനിക സംവിധാനങ്ങള്‍ക്ക് പുറമെ, കിടപ്പുമുറയും അടുക്കളയും ഉള്‍പ്പെടെ ഈ വാഹനത്തിനുള്ളിലുണ്ട്.
വീടിനുള്ളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി ചെറിയ അടുക്കളയാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ, സാധങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി ക്യാബിനറ്റുകളും ഒരുക്കിയിട്ടുണ്ട്. മടക്കി വയ്ക്കാന്‍ കഴിയുന്ന ടേബിള്‍ ബെഞ്ച് സീറ്റുകള്‍ എന്നിവയും മാര്‍ക്കോ പോളൊ എഡിഷനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അകത്തളം. പുതിയ എയര്‍കണ്ടീഷന്‍ വെന്റ്സ്, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ് യൂണിറ്റ് എന്നിവ പുതുമ നല്‍കും. സെന്റര്‍ കണ്‍സോളില്‍ ചെറിയ കൂളിങ് കംപാര്‍ട്ട്മെന്റുണ്ട്. ഓപ്ഷണലായി വലിയ ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫും ഇടംപിടിച്ചിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 7G ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
വി-ക്ലാസിന് പുറമെ, മെഴ്സിഡസ് ബെന്‍സ് പുതിയ ജി.എല്‍.എ. എസ്.യു.വിയെയാണ് അവതരിപ്പിച്ചത്. മെഴസിഡെസിന്റെ ഏറ്റവും ചെറിയ എസ്.യു.വിയായിരിക്കും ഇത്. ഇതിനെക്കൂടാതെ എ എം.ജി. ജി. ടി. 63 എസിനേയും അവതരിപ്പിച്ചു. 2.42 കോടിയാണ് ഇതിന്റെ വില.
Content Highlights: Mercedes-Benz V-Class Marco Polo Edition Launched In Delhi Auto Expo