Image Twitted @GaadiKey
എസ്‌യുവിയുടെ തലയെടുപ്പോടെ നിരത്തുകളിലെത്തിയ ഹാച്ച്ബാക്ക് വാഹനമായിരുന്നു മാരുതിയുടെ ഇഗ്നീസ്. യുവാക്കള്‍ക്കിടയിലെ താരമായിരുന്നു ഇഗ്നീസിന്റെ മുഖം മിനുക്കിയ പതിപ്പ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കി. 2017-ല്‍ പുറത്തിറങ്ങിയ ഇഗ്നീസ് ആദ്യമായാണ് മുഖം മിനുക്കിയെത്തുന്നത്.
കൂടുതല്‍ മസ്‌കുലര്‍ ഭാവം കൈവരിച്ചതാണ് ഇഗ്നീസിന് രണ്ടാം വരവില്‍ മാറ്റമൊരുക്കുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നീസിലെ സ്‌റ്റൈലിഷാക്കുന്നു. ഹെഡ്ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
പിന്‍വശത്തെ പ്രധാനമാറ്റം ബമ്പറിലാണ്. സ്‌കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകള്‍ നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് ബി-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലേക്ക് പറിച്ചുനട്ടിട്ടുണ്ട്.
ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. എന്നാല്‍, ഫീച്ചറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാരുതിയുടെ പുതിയ ഏഴ് ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നീസിന് കരുത്തേകുന്നത്. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നീ ട്രാന്‍സ്മിഷനുകളില്‍ ഇഗ്നീസ് എത്തുന്നുണ്ട്.
ലൂസെന്റ് ഓറഞ്ച്, ടര്‍കോയിസ് എന്നീ രണ്ട് ഷെയ്ഡുകള്‍ ഉള്‍പ്പെടെ ആറ് നിറങ്ങളിലാണ് ഇഗ്നീസ് നിരത്തിലെത്തുന്നത്. ഇന്ത്യയില്‍ ക്രോസ് ഓവര്‍ ഹാച്ച്ബാക്കുകളായ ഐ20 ആക്ടീവ്, ഹോണ്ട ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങളാണ് ഇഗ്നീസിന്റെ പ്രധാന എതിരാളികള്‍. വില വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ വെളിപ്പെടുത്തൂ.
Content Highlights: Maruti Launch Ignis Facelift Model In Delhi Auto Expo