പ്രതീകാത്മക ചിത്രം | Photo: Twitter @Maruti_Corp
മാരുതി ഒടുവില്‍ വാക്കുപാലിച്ചിരിക്കുന്നു. നിരത്തൊഴിയുന്ന ജിപ്‌സിക്ക് പകരക്കാരനായി എത്തുമെന്ന് അറിയിച്ചിരുന്ന ജിമ്‌നി എസ്‌യുവി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണ് ജപ്പാനില്‍ ജിംനിക്കുള്ളത്. ഇതില്‍ ജിമ്‌നിയുടെ സിയേറ പതിപ്പാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ലാഡര്‍ ഫ്രെയിം ഷാസിയിലൊരുങ്ങുന്ന ജിമ്‌നിക്ക് ആഡംബര എസ്‌യുവികളുടെ തലയെടുപ്പാണുള്ളത്. പരമ്പരാഗത ബോക്‌സി രൂപത്തില്‍ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
ആഡംബരം തുളുമ്പുന്ന അകത്തളമാണ് ജിംനിക്കുള്ളത്. ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുമെന്നാണ് സൂചന.
3395 എംഎം നീളവും 1475 എംഎം വീതിയുമുള്ള ഈ വാഹനത്തില്‍ 2250 എംഎം വീല്‍ബേസാണ് നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകളെ ഉദ്ദേശിച്ച് നിര്‍മിക്കുന്നതിനാല്‍ ഈ വാഹനത്തിന് 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്നുണ്ട്.
102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന ജിമ്‌നിക്ക് കരുത്തേകുന്നത്. ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സിഷന്‍ ഒരുക്കുന്നത്.
Content Highlights: Maruti Jimny Showcase At Delhi Auto Expo 2020