പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ പവലിയനില്‍ ഇത്തവണ അണിനിരന്നതില്‍ അധികവും ഇലക്ട്രിക് കരുത്തിലുള്ള വാഹനങ്ങളായിരുന്നു. ഇതില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കാണാന്‍ തിരക്കിട്ടതും അറിയാന്‍ ശ്രമിച്ചതും മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി മോഡലായ എക്‌സ്‌യുവി 300-ന്റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചായിരുന്നു.
മഹീന്ദ്രയില്‍ നിന്ന് ഇനിയെത്തുന്ന ഇലക്ട്രിക് വാഹനം എക്‌സ്‌യുവി 300 ആയിരിക്കുമെന്ന് മുമ്പുതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്‌യുവി300 ഇ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്. റെഗുലര്‍ മോഡലിന്റെ ഡിസൈനില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.
സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളായാണ് ഈ വാഹനം നിരത്തുകളിലെത്തുക. റേഞ്ചിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വേരിയന്റുകളായി തിരിച്ചിട്ടുള്ളത്.ഇതില്‍ സ്റ്റാന്റേഡ് പതിപ്പ് 200 കിലോമീറ്ററും ലോങ്ങ് റേഞ്ച് പതിപ്പ് 300 കിലോമീറ്ററുമാണ് ഒറ്റത്തവണ ചാര്‍ജില്‍ സഞ്ചരിക്കുന്ന ദൂരം.
വിവിധ തലങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി രണ്ട് തരത്തിലുള്ള ബാറ്ററി പാക്കുകളിലായിരിക്കും ഈ എസ്യുവി നിരത്തിലെത്തുകയെന്നാണ് വിവരം. പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എസ്യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സൂചന.
നെക്‌സോണ്‍ ഇവി ആയിരിക്കും ഈ വാഹനത്തിന്റെ എതിരാളി. അതുകൊണ്ടുതന്നെ വിലയും നെക്‌സോണ്‍ ഇവിക്കൊപ്പമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചെങ്കിലും ഇതിന്റെ പൊഡക്ഷന്‍ പതിപ്പ് എപ്പോഴെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Mahindra XUV300 Unveil In Delhi Auto Expo