ഫോട്ടോ: സാബു സ്‌കറിയ
ഓട്ടോ എക്‌സ്‌പോ വാഹനപ്രേമികള്‍ക്കായി വാതിലുകള്‍ തുറക്കുമ്പോള്‍ ഇന്ത്യയിലെ വാഹനലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാകും. മാധ്യമങ്ങള്‍ക്ക് വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച രണ്ടുദിവസം കഴിയുമ്പോള്‍ എഴുപത് പുതിയ വാഹനങ്ങളാണ് രംഗപ്രവേശം ചെയ്തത്. ഇതില്‍ കണ്‍സെപ്റ്റുകളുമുണ്ട്. വാഹനനിര്‍മാണ കമ്പനികളുടെ എണ്ണം കുറഞ്ഞെങ്കിലും ഉള്ളവര്‍ തങ്ങളെക്കൊണ്ടാവും വിധം പ്രയത്‌നിച്ചിട്ടുണ്ട്.
വൈദ്യുത വാഹനങ്ങളിലേക്ക് ശ്രദ്ധചെലുത്തുന്നതാണ് കുറച്ചു വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരുന്നത്. ഈ എക്‌സ്‌പോയിലും ഭാവിവാഹനങ്ങളില്‍ മുക്കാല്‍ പങ്കും വൈദ്യുതിയിലാണ്. ബസുകളും, ട്രക്കുകളും, മിനി വാനുകളുമെല്ലാം വൈദ്യുതിയിലേക്ക് മാറുന്ന കാഴ്ചയാണിവിടെ. ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, ഇനി സര്‍ക്കാറിന്റെ ഭാഗത്താണ് പന്ത്. അവര്‍ അവസരം തന്നാല്‍ ഞങ്ങള്‍ ഗോളടിക്കും എന്നാണ് കമ്പനികളുടെ സ്വരം.
വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഭീമമായ ചെലവു തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലേയും വിദേശത്തേയും വാഹനനിര്‍മാതാക്കള്‍ക്ക് ഇവിടെ പ്രശ്‌നമാകുന്നത്. അതുകൊണ്ടു തന്നെ ഫോഴ്‌സ് പോലെയുള്ള കമ്പനികള്‍ വിദേശത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള വൈദ്യുത വാഹനമാണ് പുറത്തിറക്കിയത്.
മേളയുടെ രണ്ടാംദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മെഴ്‌സിഡെസ് ബെന്‍സിന്റെ ഒന്നരക്കോടി വിലവരുന്ന വി-ക്ലാസ് മാര്‍ക്കോപോളോയുടെ പുറത്തിറക്കലായിരുന്നു. ആഡംബരത്തിന്റെ അടുത്തപടിയായാണ് മാര്‍ക്കോപോളോ അറിയപ്പെടുന്നത്. ഒരു കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും അതിലുണ്ട്.
അടുക്കളയും ബെഡ്‌റൂമും വരെ ഉള്ളിലൊതുക്കിയ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഉള്ളിലെ സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയും. ഡ്രൈവര്‍, കോപാസഞ്ചര്‍ സീറ്റുകള്‍ പൂര്‍ണമായും തിരിയുന്നതാണ്. അതിനാല്‍ ഒരു മേശയ്ക്ക് ചുറ്റുമെന്ന പോലെ ഇരിക്കാന്‍ കഴിയും.
മുകള്‍ഭാഗം ഉയര്‍ത്താനും പുറത്തേക്ക് ടെന്റ് കെട്ടാനും ഈ വാഹനത്തില്‍ സൗകര്യമുണ്ട്. ഒഴുകുന്ന വീട് എന്നു വേണമെങ്കില്‍ പറയാം. രണ്ട് വേരിയന്റുകളിലാണ് വി-ക്ലാസ് മാര്‍കോപോളോ എത്തുന്നത്. വി- ക്ലാസ് മാര്‍കോപോളോയും, മാര്‍കോപോളോ ഹൊറൈസണും.
ആപ്രില എസ്.എക്‌സ്.ആര്‍160, ബി.എസ്-6 മാനദണ്ഡങ്ങളുമായെത്തിയ പുതിയ വെസ്പ, സൂപ്പര്‍ബൈക്കുകളായ ആര്‍.എസ്.ഫോര്‍ 1100, മോട്ടോഗുസി വി85 എന്നിവ പിയാജിയോ പവലിയനില്‍ പുറത്തിറങ്ങി.
ഫോക്‌സ് വാഗണ്‍ തങ്ങളുടെ മൂന്ന് വെടിക്കെട്ട് എസ്.യു.വികള്‍ ഒന്നാം ദിവസം പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെ സങ്കല്‍പ്പവാഹനമായ ഐഡി ക്രോസ് പുറത്തിറക്കി. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മെട്രിക്ക് സാങ്കേതികതയിലാണ് ഐഡി ക്രോസ് വരുന്നത്. അടുത്ത വര്‍ഷം പുറത്തിറക്കാനാണ് പരിപാടി. 500 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.
മാരുതി സുസുക്കി തങ്ങളുടെ സൂപ്പര്‍ഹിറ്റ് കോംപാക്ട് എസ്.യു.വി. ബ്രെസയുടെ പെട്രോള്‍ മോഡല്‍ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ കെ.സീരീസ് എന്‍ജിനുമായി വരുന്ന ബ്രെസയുടെ വില പക്ഷെ വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ വെളിപ്പെടുത്തൂവെന്നാണ് അറിയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പ് സമ്മാനിച്ച ഹ്യുണ്ടായുടെ പുതിയ ക്രെറ്റ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനാണ് പുറത്തിറക്കിയത്.
ഹീറോ സൈക്കിള്‍സ് ഭാവിവാഹനങ്ങളുടെ നിരതന്നെ അവതരിപ്പിച്ചു. മിക്കവയും വൈദ്യുത സ്‌കൂട്ടറുകളും സൈക്കിളുകളുമാണ്. നിരവധി സ്റ്റാര്‍ട്ട് അപ്പുകളും തങ്ങളുടെ വൈദ്യുത വാഹനങ്ങളുമായി മേളയിലുണ്ട്.
Content Highlights: Delhi Auto Expo Second Day