Image Courtesy: Indiaexpomart.com
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഓട്ടോ എക്സ്പോയുടെ തിരശീല ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ ഫെബ്രുവരി ഏഴ് മുതല്‍ 12 വരെയാണ് എക്‌സ്‌പോ നടക്കുന്നതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ഷോ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.
ചൈനീസ് വാഹന നിര്‍മാതാക്കളായ ഹൈമ മോട്ടോഴ്‌സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എന്നീ രണ്ട് പുതിയ വാഹനനിര്‍മാതാക്കള്‍ ഈ എക്‌സ്‌പോയില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശയങ്ങളും പുതുതലമുറ മോഡലുകളും 2020 ഓട്ടോ എക്സ്പോയില്‍ അനാവരണം ചെയ്യും.
ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴുമാണ് ഓട്ടോ എക്സ്പോ നടക്കാറുള്ളത്. ഓട്ടോമോട്ടീവ് കോമ്പണന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ് (SIAM) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്സ്പോ നടക്കുന്നത്.
ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര 18 മോഡലുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഉള്‍പ്പെടെ 17 വാഹനങ്ങള്‍ മാരുതിയുടെ പവലിയനില്‍ അണിനിരക്കുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സും എക്‌സ്‌പോയില്‍ സജീവ സാന്നിധ്യമാകും.
മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്സ്പോയില്‍ അവതരിപ്പിക്കും. എന്നാല്‍, ബിഎംഡബ്ല്യു, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ മോഡലുകളള്‍ ഇത്തവണ എത്തുന്നില്ലെന്നാണ് സൂചന.
രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ നിരവധി പുതിയ ഇലക്ട്രിക് മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഇതിനുപുറമെ, മലിനീകരണ നിയന്ത്രണത്തിനായി ഇന്ത്യയില്‍ നടപ്പാക്കുന്ന ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന നിരവധി വാഹനങ്ങളും ഈ വേദിയില്‍ അവതരണത്തിനൊരുങ്ങുന്നുണ്ട്.
Contnet Highlights; 2020 Auto Expo to be held on 2020 february 7-12,