ടാറ്റ സിയറ ഇലക്ട്രിക് കൺസെപ്റ്റ് | ഫോട്ടോ: സാബു സ്‌കറിയ
പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ ഇനിയും ഒരുനാള്‍ ശേഷിക്കേ ഗ്രേറ്റര്‍ നോയ്ഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മാധ്യമങ്ങള്‍ക്കായി മാറ്റിവെച്ച ദിവസം പുറത്തിറക്കിയത് പതിനഞ്ചാേളം വണ്ടികള്‍. ഇതില്‍ അധികവും കണ്‍സെപ്റ്റുകളായിരുന്നു. ഇന്ത്യന്‍ കമ്പനികളും ചൈനീസ് കമ്പനികളുമായിരുന്നു ഇതില്‍ മുന്നില്‍.
ടാറ്റ, മാരുതി, മഹീന്ദ്ര, കൊറിയന്‍ കമ്പനികളായ ഹ്യുണ്ടായ്, കിയ ചൈനീസ് കമ്പനികളായ എം.ജി, ഗ്രേറ്റ്‌വാള്‍ മോട്ടോഴ്‌സ് എന്നിവയെക്കൂടാതെ മെഴ്‌സിഡസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, റെനോ എന്നിവയായിരുന്നു പുതിയ കാറുകളെ പ്രഖ്യാപിച്ചത്. മാരുതിയുടെ ഫ്യൂച്ചറോ ഇയാണ് കമ്പനിയുടെ പുതിയ കാല്‍വെപ്പായി ഇവിടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചത്.
വൈദ്യുത വിഭാഗത്തില്‍ വരുന്നത് എസ്.യു.വിയാണോ, സെഡാനാണോ അതോ ഹാച്ച്ബാക്കാണോ എന്ന കാര്യം വ്യക്തമല്ല. രൂപം ഒരു എസ്.യു.വിയെയാണ് തോന്നിപ്പിക്കുക. ഇത്തവണയും വൈദ്യുത കണ്‍സെപ്റ്റുകള്‍ക്ക് തന്നെയാണ് കമ്പനികള്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. അതില്‍ എടുത്തുപറയേണ്ട മറ്റൊന്ന് ടാറ്റയുടെ സിയറയാണ്.
രൂപം കൊണ്ട് ആരെയും മോഹിപ്പിച്ച അതേ സിയറ രൂപം മാറി എത്തുകയാണ്. വൈദ്യുതിയിലാണ് അടുത്ത വരവ്. ഒറ്റനോട്ടത്തില്‍ തന്നെ ആരും കൊതിക്കുന്ന രൂപം ഇതിലും തുടര്‍ന്നിട്ടുണ്ട്. പഴയ സിയറക്ക് പിന്നിലേക്ക് കയറാന്‍ മുന്‍സീറ്റ് മടക്കേണ്ടി വന്നിരുന്നെങ്കില്‍ പുതിയ തലമുറയ്ക്ക് ഒഴുകി നീങ്ങുന്ന പിന്‍വാതിലാണ്.
ടാറ്റയുടെ പവലിയനില്‍ തന്നെ മൈക്രോ എസ്.യു.വിയായ എച്ച്. 2 എക്‌സ് കണ്‍സെപ്റ്റും അവതരിപ്പിക്കപ്പെട്ടു. കണ്‍സെപ്റ്റ് എന്നു പറയുന്നുണ്ടെങ്കിലും തൊണ്ണൂറു ശതമാനവും പൂര്‍ണമായ വാഹനമാണിത്. അതിനാല്‍ അടുത്തുതന്നെ റോഡിലേക്ക് വരുമെന്ന് ഉറപ്പാണ്. കെട്ടിലും മട്ടിലും ആരേയും അതിശയിപ്പിക്കുന്ന മോഡല്‍ തന്നെയാണിത്.
കൊറിയന്‍ കമ്പനിയായ കിയ ടൊയോട്ട ഇന്നോവയ്ക്ക് ചെക്ക് വെച്ചുകൊണ്ടാണ് ഇത്തവണ കാര്‍ണിവെല്‍ എന്ന ഭീമനെ അവതരിപ്പിച്ചത്. വിലയില്‍ അതിശയിപ്പിച്ചായിരുന്നു കാര്‍ണിവെലിന്റെ വരവ്. മൂന്ന് മോഡലുകള്‍ക്ക് 25.95 ലക്ഷം മുതല്‍ 34 ലക്ഷം വരെയാണ് വില. ഇതില്‍ ഏറ്റവും മുന്തിയ മോഡലില്‍ ഒന്‍പതുപേര്‍ക്ക് സുഖമായിരിക്കാം.
അതിനാല്‍ തന്നെ വിപണിയില്‍ ചലനം സൃഷ്ടിച്ചുകൊണ്ടാണ് കാര്‍ണിവല്‍ വരുന്നത്. ബുക്കിങ്ങ് ആരംഭിച്ചെങ്കിലും വില പ്രഖ്യാപനത്തിനു മുന്‍പു തന്നെ മൂവായിരത്തിലധികം ബുക്കിങ്ങ് ലഭിച്ചു കഴിഞ്ഞതായി കമ്പനി പറഞ്ഞു. കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് കിയയുടെ സോണറ്റിന്റെ കണ്‍സെപ്റ്റും അവതരിപ്പിക്കപ്പെട്ടു.
മെഴ്‌സിഡസ് ബെന്‍സ് പുതിയ ജി.എല്‍.എ. എസ്.യു.വിയെയാണ് അവതരിപ്പിച്ചത്. മെഴസിഡെസിന്റെ ഏറ്റവും ചെറിയ എസ്.യു.വിയായിരിക്കും ഇത്. ഇതിനെക്കൂടാതെ എ എം.ജി. ജി. ടി. 63 എസിനേയും അവതരിപ്പിച്ചു. 2.42 കോടിയാണ് ഇതിന്റെ വില.
ഫോക്‌സ്‌വാഗണിന്റെ മൂന്ന് മോഡലുകളാണ് പുതിയതായി ഇറക്കിയത്. എസ്.യു.വിയായ ടൈഗണ്‍, ടി. റോക്ക്, ടൈഗണിന്റെ സെവന്‍സീറ്റര്‍ എന്നിവയായിരുന്നു പുറത്തിറക്കിയത്.