പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി നഗരത്തില്‍ ഏറ്റവും തിരക്കുള്ള മേഖലകളിലൊന്നാണ് ഹൈക്കോടതി ജങ്ഷന്. ഹൈക്കോടതിയിലേക്കുള്ള വാഹനങ്ങളും തൊട്ടടുത്ത ഗോശ്രീ റോഡിലൂടെ വൈപ്പിനിലേക്കും കണ്ടെയ്നര്‍ റോഡിലേക്കും പോകുന്ന വാഹനങ്ങളും ഇവിടം തിരക്കുള്ളതാക്കുന്നു. വാഹനത്തിരക്കിനൊപ്പം അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊന്നുണ്ട് - ഹോണടി ബഹളം. ബ്ലോക്കില്‍ ഒന്ന് കുടുങ്ങിയാല്‍, മുന്നിലുള്ള വാഹനത്തോട് വഴിമാറാന്‍ ആവശ്യപ്പെടാന്‍, ദേഷ്യം തീര്‍ക്കാന്‍... എല്ലാം ഹോണ്‍ തന്നെയാണ് പലരും ആയുധമാക്കുന്നത്.
'സ്വകാര്യ ബസുകള്‍ മത്സരിച്ചാണ് ഹോണടിച്ചു കൂട്ടുന്നത്. ആളെ കയറ്റാനും ഇറക്കാനും വരെ ഹോണടിക്കുന്നത് കേള്‍ക്കാം...' - ഹൈക്കോടതി ജങ്ഷനിലെ ഒരു വ്യാപാരിയുടെ വാക്കുകള്‍. ഹൈക്കോടതിയുടെ സാമീപ്യവും ഗതാഗതം നിയന്ത്രിക്കാനുള്ള പോലീസിന്റെ സാന്നിധ്യവുമൊന്നും നിയമം ലംഘിച്ചുള്ള ഹോണ്‍ മുഴക്കം തടയാന്‍ പര്യാപ്തമാകുന്നില്ല.
ഹൈക്കോടതി ജങ്ഷനില്‍നിന്ന് മുന്നോട്ടുള്ള യാത്രയില്‍ ചെല്ലുന്നത് എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തേക്കാണ്. ജില്ലയിലെ തന്നെ ഏറ്റവും തിരക്കുള്ള ആശുപത്രികളിലൊന്നാണിത്. തൊട്ടുചേര്‍ന്ന് മഹാരാജാസ് കോളേജുണ്ട്. ഗവ. ലോ കോളേജും. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങള്‍ പായുന്നത് ഹോണ്‍ മുഴക്കിത്തന്നെയാണ്.
കേള്‍വിശക്തി നഷ്ടപ്പെടും
നഗരത്തിലെ തിരക്കുള്ള ജങ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബലിനു മുകളിലാണ്. 70 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നു പഠനങ്ങളുണ്ട്. ശബ്ദം 120 ഡെസിബലിനു മുകളിലാണെങ്കില്‍ താത്കാലികമായി ചെവി കേള്‍ക്കാതെയാകും. ഉയര്‍ന്ന ഡെസിബല്‍ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെടാം. യാത്രക്കാര്‍ മാത്രമല്ല ട്രാഫിക് പോലീസ്, കട നടത്തുന്നവര്‍ തുടങ്ങിയവരെല്ലാം ഭീഷണിയിലാണ്.
ചില സ്വകാര്യ ബസുകളിലും ലക്ഷ്വറി ബസുകളിലും 125 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്ഹോണുകളാണു ഘടിപ്പിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ടെസ്റ്റിനു പോകുമ്പോള്‍ സാധാരണ ഹോണുകള്‍ ആയിരിക്കും അവയിലുണ്ടാവുക. ടെസ്റ്റ് കഴിഞ്ഞു വന്നാല്‍ അത് അഴിച്ചുമാറ്റി വന്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഘടിപ്പിക്കും. ദൂരയാത്ര ചെയ്യുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരാണ് ശബ്ദമലിനീകരണത്തിന്റെ വലിയ ദുരിതം അനുഭവിക്കുന്നത്.
പരിശോധന ശക്തമാക്കും- ആര്.ടി.ഒ.
രൂക്ഷശബ്ദത്തില് എയര്‍ ഹോണുകള്‍ മുഴക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ആര്.ടി.ഒ. പി.എം. ഷെബീര്‍ പറഞ്ഞു. നിരോധിച്ച എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടിപ്പര്‍, ലോറി, സ്വകാര്യ ബസുകള്‍ എന്നിവയിലാണ് കൂടുതലായി ഇവ ഉപയോഗിക്കുന്നത്. രണ്ടായിരം രൂപയാണ് എയര്‍ ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കുന്നത് - ആര്.ടി.ഒ. പറഞ്ഞു.
അനുവദിച്ചിരിക്കുന്ന ശബ്ദ പരിധി
- ഇരുചക്ര വാഹനങ്ങള്‍ക്ക് 80 ഡെസിബല്‍
- പാസഞ്ചര്‍ കാറുകള്‍ക്കും പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനങ്ങള്‍ക്കും 82 ഡെസിബല്‍.\
- 4000 കിലോയ്ക്ക് താഴെയുള്ള ഡീസല്‍ പാസഞ്ചര്‍ അല്ലെങ്കില്‍ ലഘു വ്യാവസായിക വാഹനങ്ങള്‍ക്ക് 85 ഡെസിബല്‍.
- 4000-12,000 കിലോയ്ക്ക് ഇടയില്‍ ഭാരമുള്ള പാസഞ്ചര്‍ അല്ലെങ്കില്‍ വ്യാവസായിക വാഹനങ്ങള്‍ക്ക് 89 ഡെസിബല്‍.