വാഹനമോടിക്കുന്നവര്‍ക്ക് ഒരു ഹരമായിരിക്കും; കേള്‍ക്കുന്നവര്‍ക്ക് ഈ ഹോണ്‍ മുഴക്കം അത്ര ഇമ്പസ്വരമല്ല


2 min read
Read later
Print
Share

തൃശൂര്‍, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ പലപ്പോഴും ബസ് സ്റ്റാന്‍ഡിനുള്ളില്‍തന്നെ ഉച്ചത്തിലുള്ള ഹോണ്‍ ഉപയോഗിക്കാറുണ്ട്. ആളുകള്‍ ശ്രദ്ധിക്കാനാണ് ഹോണ്‍ അടിക്കുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ ഹോണ്‍ മുഴങ്ങുന്നതാണ് ഇപ്പോള്‍ നമ്മുടെ നിരത്തുകളിലെ കാഴ്ചകള്‍. ആശുപത്രി പരിസരം, കോടതികൾക്ക് സമീപം, സ്‌കൂള്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കുന്നത് നിയന്ത്രിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് നിരത്തുകളില്‍ ഇറങ്ങിയാല്‍ മനസിലാകുന്നത്. ഇതൊരു മേഖല കേന്ദ്രീകരിച്ച് മാത്രം പറയാന്‍ കഴിയില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇതാണ് അവസ്ഥ.

കണ്ണൂര്‍ ജില്ലയിലെ ഹോണ്‍ മുഴങ്ങലുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം വലയുന്നത് കണ്ണൂര്‍, തലശ്ശേരി നഗരങ്ങളാണ്. കളക്ടറേറ്റ് നിലനില്‍ക്കുന്ന കണ്ണൂരും ജില്ലാ കോടതി സമുച്ചയം പ്രവര്‍ത്തിക്കുന്ന തലശ്ശേരിയും കാലാകാലങ്ങളായി ഹോണടിയുടെ പിടിയിലാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങി ഹോണ്‍ മുഴക്കല്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളാണ് ഇവ രണ്ടും.

കണ്ണൂര്‍ കാല്‍ടെക്‌സ് കവല മുതല്‍ നഗരംചുറ്റി കളക്ടറേറ്റ് വരെയുള്ള സഞ്ചാരപാതയില്‍ ഹോണടി നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. താലൂക്ക് ഓഫീസ്, ലേബര്‍ കോടതി, മഹാത്മാമന്ദിരം, ട്രാഫിക് സ്റ്റേഷന്‍, മുനിസിപ്പല്‍ സ്‌കൂള്‍, ഫൊറന്‍സിക് ലാബ്, എസ്.പി.സി.എ. മൃഗസംരക്ഷണ കേന്ദ്രം, കോര്‍പ്പറേഷന്‍ ഓഫീസ്, കോടതി, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ഹെഡ് പോസ്റ്റോഫീസ്, ജില്ലാ പോലീസ് ആസ്ഥാനം, ജില്ലാപഞ്ചായത്ത് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ റൂട്ടില്‍ പ്രവര്‍ത്തിക്കുന്നത്.

ചെറിയ ചുറ്റളവില്‍ നിരവധി വിദ്യാലയങ്ങളുള്ള നഗരം എന്നതാണ് തലശ്ശേരിയുടെ പ്രത്യേകത. തലശ്ശേരി ബി.ഇ.എം.പി. സ്‌കൂള്‍ മുതല്‍ പുതിയ ബസ്സ്റ്റാന്‍ഡ് വരെയുള്ള പാത ഗതാഗതക്കുരുക്കിനാല്‍ രാപകല്‍ വീര്‍പ്പുമുട്ടുന്നതാണ്. വാഹനങ്ങളുടെ മത്സരിച്ചുള്ള ഹോണടി കൂടിയാവുന്നതോടെ യാത്ര അസഹനീയമാകും. ബി.ഇ.എം.പി. സ്‌കൂള്‍ കഴിഞ്ഞാല്‍ പോസ്റ്റ് ഓഫീസ്, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, സെയ്ന്റ് ജോസഫ്‌സ് സ്‌കൂള്‍, തലശ്ശേരി കോട്ട, അഗ്‌നിരക്ഷാനിലയം, തലശ്ശേരി ജനറല്‍ ആസ്പത്രി, ട്രാഫിക് പോലീസ് സ്റ്റേഷന്‍, ഓടത്തില്‍ പള്ളി തുടങ്ങിയവയാണ് ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങള്‍.

കോഴിക്കോടിന്റെ അവസ്ഥയും സമാനമാണ്. വൈകുന്നേരം റോഡില്‍ തിരക്കുതുടങ്ങിയാല്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണ്‍ മുഴക്കല്‍തന്നെ പ്രശ്‌നം. വൈകുന്നേരങ്ങളില്‍ പാളയം ജങ്ഷന്‍ മുതല്‍ മുതലക്കുളംവരെ നീണ്ടഗതാഗതക്കുരുക്കായിരിക്കും. ഈ കുരുക്കിനിടയില്‍ തിരക്കുകൂട്ടുന്ന ബസുകളുടെയും ഓട്ടോറിക്ഷകളുടെയും ഹോണടിയാണ് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്.

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡാണ് നഗരത്തില്‍ ഹോണ്‍ ശല്യമുള്ള മറ്റൊരു സ്ഥലം. തൃശൂര്‍, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ പലപ്പോഴും ബസ് സ്റ്റാന്‍ഡിനുള്ളില്‍തന്നെ ഉച്ചത്തിലുള്ള ഹോണ്‍ ഉപയോഗിക്കാറുണ്ട്. ആളുകള്‍ ശ്രദ്ധിക്കാനാണ് ഹോണ്‍ അടിക്കുന്നത്. പക്ഷേ ഓട്ടോറിക്ഷക്കാരുടെയും ബസുകാരുടെയും ഹോണടികേട്ടാല്‍ പേടിച്ചുപോവുമെന്ന് എടക്കാട് സ്വദേശിനി രശ്മി ഹരിലാല്‍ പറയുന്നു. റോഡരികിലൊക്കെ നില്‍ക്കുന്നവര്‍ ചില വാഹനങ്ങളുടെ ഹോണടിയില്‍ താഴെ വീണുപോവും. പലതരത്തിലുള്ള ഹോണുകള്‍ ഉപയോഗിക്കുന്നത് വാഹനമോടിക്കുന്നവര്‍ക്ക് ഹരമായിരിക്കാം. പക്ഷേ അത് മറ്റുള്ളവര്‍ക്ക് എത്രബുദ്ധിമുട്ടാണ്ടുക്കുന്നുവെന്നുകൂടെ തിരിച്ചറിയണമെന്ന് രശ്മി ഹരിലാല്‍ പറയുന്നു.

ഹോണിനെ കുറിച്ചുള്ള പാലക്കാട്ടുകാര്‍ക്കുമുണ്ട് ഏറെ പരാതികള്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല... ജില്ലാ ആശുപത്രി പരിസരത്ത് വാഹനങ്ങളുടെ ഒഴുക്കാണ്. ആശുപത്രി പരിസരത്ത് ഹോണടിക്കരുതെന്ന് ചട്ടമുണ്ടെങ്കിലും ചീറിപ്പായുന്ന വാഹനങ്ങള്‍ അതൊന്നും ഗൗനിക്കാറേയില്ല. ഹോണ്‍ നീട്ടിയടിച്ച് ഒച്ചയുണ്ടാക്കി വാഹനങ്ങള്‍ നീങ്ങുമ്പോഴും അധികൃതരും കണ്ടഭാവം കാണിക്കാറുമില്ല.

ആശുപത്രിക്ക് വരുന്നവര്‍ക്ക് പുറമേ കോട്ടമൈതാനത്തേക്കും കളക്ടറേറ്റിലേക്കും റോബിന്‍സണ്‍ റോഡിലേക്കുമെല്ലാം പോകുന്നവര്‍ ആശുപത്രിറോഡിലൂടെ യാത്ര ചെയ്യുന്നുണ്ട്. അതിനാല്‍ ഏതുസമയത്തും തിരക്കാണ്. വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ തിങ്ങിനിറയുന്നതോടെ തുടങ്ങും ഹോണടി. സ്ഥലത്ത് ട്രാഫിക് പോലീസ് ഉണ്ടാവുമെങ്കിലും വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിലാവും മുഖ്യ ശ്രദ്ധ.

ആളുകള്‍ റോഡിലേക്കിറങ്ങി നടക്കുന്നതിനാല്‍ ഹോണടിക്കാതെ തരമില്ലെന്ന് വാഹനമോടിക്കുന്നവര്‍ പറയുമ്പോള്‍, ഒരുകാര്യവുമില്ലാതെ ഹോണടിച്ച് കടന്നുപോകുന്നവരുമുണ്ടെന്നാണ് പരാതി. മോട്ടോര്‍വാഹന വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഏതൊരു ആശുപത്രിപരിസരവും ഹോണ്‍ നിരോധിത മേഖലയാണ്. ഡ്രൈവിങ് ലൈസന്‍സെടുക്കുന്നതിന് മുന്പുള്ള ലേണേഴ്‌സ് പഠനത്തിലേ ഇക്കാര്യം പഠിപ്പിക്കുന്നുണ്ട്. പക്ഷേ, ലൈസന്‍സ് കിട്ടിയാല്‍ പാലിക്കുന്നവര്‍ വിരളമാണെന്നതാണ് സത്യം.

Content Highlights: Dangerous horn sound in public place, Say no to horn, No horn campaign, Sound horn

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram