അമിത വേഗം, സിഗ്‌നല്‍ ലംഘനം: സര്‍ക്കാറിന് പിഴയായി ലഭിക്കുക ഏഴരക്കോടി


പി.ബി. ഷെഫീക്

2 min read
Read later
Print
Share

ക്യാമറയില്‍ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങള്‍

താഗത നിയമം ലംഘിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങള്‍. സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന ജങ്ഷനുകളിലും സ്ഥാപിച്ച ക്യാമറകളിലാണ് വാഹനങ്ങള്‍ കുടുങ്ങിയത്. 2018 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള വാഹനങ്ങളുടെ കണക്കാണിത്.

അമിത വേഗം, സിഗ്‌നല്‍ ലംഘനം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ഈ വാഹനങ്ങള്‍ക്ക് 400 രൂപ വീതം പിഴ ചുമത്തി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു ദിവസം 150 മുതല്‍ 250 വരെ വാഹനങ്ങള്‍ നിയമ ലംഘനത്തിന് ക്യാമറയില്‍ കുടുങ്ങുന്നുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിനും ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിനും നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. 7.35 കോടി രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുക. മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. 69,729 വാഹനങ്ങള്‍ക്ക് ആ മാസം നോട്ടീസ് അയച്ചു.

കെല്‍ട്രോണ്‍ ആണ് വാഹനങ്ങള്‍ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയയ്ക്കുന്നത്. ചില വാഹനങ്ങള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ പിഴ ഈടാക്കാനും നോട്ടീസ് അയച്ചിട്ടുണ്ട്. ആദ്യത്തെ പിഴ അടയ്ക്കാതെ വീണ്ടും റോഡ് നിയമം ലംഘിച്ചാല്‍ പിഴ വര്‍ധിക്കും. സിഗ്‌നല്‍ അവഗണിച്ചു പോകുന്നവര്‍ക്കാണ് ഒന്നില്‍ക്കൂടുതല്‍ തവണ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബര്‍ വരെ മോട്ടോര്‍ വാഹന വകുപ്പാണ് നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ സൗകര്യക്കുറവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മൂലം വകുപ്പിന് വളരെ കുറച്ച് ആളുകള്‍ക്ക് നോട്ടീസ് അയയ്ക്കാനേ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ നോട്ടീസ് കുമിഞ്ഞു കൂടുകയായിരുന്നു. അതോടെ ഈ ജോലി കെല്‍ട്രോണിനെ ഏല്പിച്ചു. ഇതിനായി പ്രത്യേകം ജീവനക്കാരെയും അവര്‍ നിയോഗിച്ചു.

ഭൂരിഭാഗം വാഹനങ്ങളും ഇതിനകം പിഴ അടച്ചതായും അധികൃതര്‍ പറഞ്ഞു. ക്യാമറാ ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടും പിഴയടയ്ക്കാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും പിഴ അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരേ റവന്യു റിക്കവറി നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

Content Highlights; Traffic rule Violations; state government got fine of 7.35 core

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram