കുരുതിക്കളമാവുന്ന റോഡുകള്‍; പ്രതിവിധി എന്ത്? മുരളി തുമ്മാരുകുടി എഴുതുന്നു


By മുരളി തുമ്മാരുകുടി

5 min read
Read later
Print
Share

ഡ്രൈവിങ് പഠിക്കാന്‍ വരുന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തുകൊടുക്കുകയെന്നതാണ് അവര്‍ അവരുടെ ഉത്തരവാദിത്വമായി കാണുന്നത്, പഠിക്കാന്‍ വരുന്നവര്‍ക്കും അതു തന്നെയാണ് ഇഷ്ടം.

രു റോഡപകടത്തില്‍ പരിക്കേറ്റവരെയും ബന്ധുക്കളെയുമായിപ്പോയ ആംബുലന്‍സും മീന്‍കയറ്റിവന്ന വണ്ടിയും കൂട്ടിയിടിച്ച് പാലക്കാട് തണ്ണിശ്ശേരിയില്‍ എട്ടുപേരാണ് മരിച്ചത്. എങ്ങനെയാണ് അപകടമുണ്ടായത്, എന്തുകൊണ്ടാണ് ഒരാംബുലന്‍സില്‍ എട്ടുപേരുണ്ടായിരുന്നത് എന്നുള്ളതിനൊന്നും തത്കാലം മറുപടിയില്ല. ഇത്തരം ചോദ്യങ്ങളൊക്കെ അന്വേഷിക്കണം, ഉത്തരങ്ങള്‍ അറിയണം, പാഠങ്ങള്‍ പഠിക്കണം. പക്ഷേ, ഒരു കാര്യം നമുക്ക് ഇപ്പോഴേ അറിയാം ഒരപകടത്തില്‍ അഞ്ചോ അതിലധികമോ പേര്‍ മരിക്കുന്നത് കേരളത്തില്‍ അത്ര സാധാരണം അല്ലെങ്കിലും ഓരോ ദിവസവും പത്തിലധികം പേര്‍ കേരളത്തില്‍ റോഡപകടത്തില്‍ മരിക്കുന്നുണ്ട്. കേരള പോലീസിന്റെ കണക്കനുസരിച്ച് 2018-ല്‍ നാല്പത്തിയയ്യായിരം റോഡപകടങ്ങളാണ് കേരളത്തിലുണ്ടായത്, അതായത് ഒരുദിവസം നൂറിന് മുകളില്‍. അതില്‍ നാലായിരത്തിമുന്നൂറ്റിമൂന്നുപേരാണ് മരിച്ചത്, അതായത് ശരാശരി ദിവസം പതിനൊന്നുപേര്‍. ഇതിലും എത്രയോ ഇരട്ടിപ്പേര്‍ നടുവൊടിഞ്ഞും തലപൊട്ടിയും ആജീവനാന്തം ജീവച്ഛവങ്ങളായിക്കഴിയുന്നു.

ഇച്ഛാശക്തിവേണം, തീരുമാനങ്ങളും

ഒരുവര്‍ഷത്തില്‍ ഒരുലക്ഷത്തില്‍ നാലുപേരില്‍ കുറവ് ആളുകള്‍ മരിക്കുന്ന ഒട്ടേറെ നാടുകള്‍ ലോകത്തുണ്ട്. അതായത് ഇന്ന് നമുക്ക് ലഭ്യമായ സംവിധാനങ്ങള്‍വെച്ച് തന്നെ നമ്മുടെ മരണസംഖ്യ ഇപ്പോഴത്തേതില്‍ പകുതിയിലും താഴെയാക്കാം. ഒരു വര്‍ഷത്തില്‍ റോഡില്‍ നടക്കുന്ന മരണങ്ങള്‍ നാലായിരത്തില്‍ നിന്നും രണ്ടായിരത്തില്‍ താഴെ ആക്കാം. ഒരു വര്‍ഷം രണ്ടായിരം മരണങ്ങള്‍ നമുക്ക് ഒഴിവാക്കാം, അതായത് ഏതൊരു മന്ത്രിസഭയുടെയും ഭരണകാലത്ത് പതിനായിരം മലയാളികളുടെ ജീവന്‍ നമുക്ക് രക്ഷിച്ചെടുക്കാം. ഇതിനൊെക്ക പണം വേണം, നല്ല റോഡ് വേണം, ആംബുലന്‍സ് വേണം നല്ല ആശുപത്രി വേണം എന്നൊക്ക ചിന്തിക്കുന്നവരാണ് അധികവും. ഇത് സത്യമല്ല. പണത്തിന് ക്ഷാമമില്ലാത്തതും നല്ല റോഡുകളുള്ളതുമായ എത്രയോ രാജ്യങ്ങളില്‍ മരണനിരക്ക് നമ്മുടേതിലും കൂടുതലാണ്. റോഡ് സുരക്ഷ പണം കൊണ്ടല്ല നേടേണ്ടത്.

നമുക്കു വേണ്ടത് ആദ്യമായി നമ്മുടെ റോഡുകള്‍ കൊലക്കളങ്ങളായി എന്നംഗീകരിക്കുകയാണ്. രണ്ടാമത് അതിനെപ്പറ്റി നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനകം മരണനിരക്ക് ഇപ്പോഴത്തേതിന്റെ പകുതിയാക്കും എന്ന് സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കുകയാണ്, അതിനുവേണ്ടി ഒരു കര്‍മപദ്ധതിയുണ്ടാക്കുകയാണ്. ആ കര്‍മ പദ്ധതി സാക്ഷരതാപദ്ധതി പോലെ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ്. ഇത്രയും ആദ്യമേ ചെയ്തു കഴിഞ്ഞാല്‍ പിന്നെയുള്ള കാര്യങ്ങള്‍ എളുപ്പമാണ്.

മോശം പഠനം

ഡ്രൈവിങ് പഠനത്തില്‍നിന്ന് തുടങ്ങാം. തൊണ്ണൂറ്റിയഞ്ചു ശതമാനം അപകടങ്ങളും ഉണ്ടാക്കുന്നത് ഡ്രൈവര്‍മാരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പഠനത്തില്‍നിന്നാണ് റോഡ് സുരക്ഷാപദ്ധതികള്‍ തുടങ്ങേണ്ടത്. കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകള്‍ പണ്ടത്തേതില്‍നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്, മറ്റു സംസ്ഥാനങ്ങളെക്കാള്‍ നല്ലതുമാണ്. എന്നാലും തികച്ചും ആധുനികമായതും പ്രൊഫഷണലായതുമായ ഡ്രൈവിങ് സ്‌കൂളുകള്‍ ഇന്നും നമുക്കില്ല. ഒന്നോ രണ്ടോ വാഹനങ്ങളും ഒരു മൂത്താശാനും കുറച്ചു സഹായികളും ഒക്കെയുള്ള ചെറുകിട വ്യവസായം തന്നെയാണ് ഇപ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷം ഡ്രൈവിങ് സ്‌കൂളുകളും.

ഡ്രൈവിങ് പഠിക്കാന്‍ വരുന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തുകൊടുക്കുകയെന്നതാണ് അവര്‍ അവരുടെ ഉത്തരവാദിത്വമായി കാണുന്നത്, പഠിക്കാന്‍ വരുന്നവര്‍ക്കും അതു തന്നെയാണ് ഇഷ്ടം. അതുകൊണ്ടുതന്നെ ഡ്രൈവിങ് പരീക്ഷ പാസാകാന്‍വേണ്ട മിനിമം മണിക്കൂറുകള്‍ ഓടിക്കുകയും മിനിമം ടെക്നിക്കുകള്‍ പഠിപ്പിക്കുകയും ആണ് അവര്‍ ചെയ്യുന്നത്. സാധാരണ റോഡുകളില്‍ പകല്‍ വണ്ടിയോടിച്ചാണ് ഡ്രൈവിങ് പഠിപ്പിക്കുന്നതും പരീക്ഷിക്കുന്നതും.

രാത്രിയില്‍, മഴ പെയ്യുമ്പോള്‍, ചെളിയുള്ള വഴിയില്‍, ഹൈറേഞ്ചില്‍ ഒക്കെ ഒന്ന് വണ്ടിയോടിച്ചു നോക്കിയിട്ടുവേണം പരീക്ഷയ്ക്കുപോകാന്‍ എന്ന് ഡ്രൈവിങ് സ്‌കൂളുകള്‍ ചിന്തിക്കാറുണ്ടോ? അതേസമയംതന്നെ ഡ്രൈവിങ് ലൈസന്‍സ് കിട്ടിയാല്‍ പിറ്റേന്നു മുതല്‍ പകലോ രാത്രിയിലോ ബീച്ചുമുതല്‍ ഹൈറേഞ്ചുവരെ എവിടെയും ഓടിക്കാനുള്ള അവകാശം ലൈസന്‍സ് കിട്ടിയവര്‍ക്കുണ്ട്. അതുകൊണ്ട് ഇത്തരം ഡ്രൈവിങ് സ്‌കൂളുകളൊക്കെ മാറ്റി ആധുനിക ഡ്രൈവിങ് സ്‌കൂളുകളുണ്ടാക്കണം, തിയറിയും സിമുലേറ്ററുമൊക്കെ കൊണ്ടുവരണം.

നമ്മുടെ ഓരോ ജില്ലയിലും പൂട്ടിപ്പോകുന്ന ഒരു എന്‍ജിനീയറിങ് കോളേജെങ്കിലും ഇപ്പോഴുണ്ട്. ഇവയെ നമുക്ക് അധുനിക ഡ്രൈവിങ്സ്‌കൂളാക്കി മാറ്റാം. ലൈസന്‍സ് എടുക്കുക മാത്രമല്ല 'യന്ത്രങ്ങളുടെ പ്രവര്‍ത്തനം' ഒക്കെ ആളുകള്‍ പഠിക്കട്ടെ. പുതിയതരം ഡ്രൈവിങ്ങിന്റെ അടിസ്ഥാനപരമായ പാഠം 'പ്രതിരോധപരമായ ഡ്രൈവിങ്' (defensive driving) ആണ്.

അതായത്, റോഡിന്റെയോ കാലാവസ്ഥയുടെയോ റോഡുപയോഗിക്കുന്ന മറ്റാളുകളുടെ പെരുമാറ്റം നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതല്ല എന്നും അതുകൊണ്ടുതന്നെ അവ അപകടമുണ്ടാക്കാനുള്ള സാധ്യത നമ്മള്‍ മുന്‍കൂട്ടിക്കണ്ട് സുരക്ഷിതമായി ഡ്രൈവ് ചെയ്തു പഠിക്കണം എന്നതുമാണ് ആ ശാസ്ത്രം. മുമ്പില്‍ പോകുന്ന വാഹനത്തില്‍ നിന്നും നമ്മുടെ വേഗമനുസരിച്ചു രണ്ടു സെക്കന്‍ഡ് സമയത്തിന്റെ ദൂരം പാലിക്കുന്നത്, മഴ പെയ്താല്‍ സ്വയം വേഗം കുറയ്ക്കുന്നത്, പകല്‍ പോലും വാഹനത്തിന്റെ ലൈറ്റ് ഓണ്‍ ചെയ്തിടുന്നത് (അത് നിയമവിരുദ്ധം അല്ലാത്ത നാടുകളില്‍) എല്ലാം ഇത്തരം പ്രതിരോധ ഡ്രൈവിങ്ങിന്റെ ഭാഗമാണ്.

വേണ്ടത് നിബന്ധനകള്‍

'ഗ്രേഡഡ് വേ ഇന്‍ ഗ്രേഡഡ് വേ ഔട്ട്' എന്നതാണ് ആധുനിക ഡ്രൈവിങ് ലൈസന്‍സിങ്ങിന്റെ തത്ത്വശാസ്ത്രം. പുതിയതായി ലൈസന്‍സ് കൊടുക്കുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം പ്രൊബേഷന്‍ കൊടുക്കുന്നതുപോലെ തന്നെ വണ്ടി ഓടിക്കുന്നവര്‍ തെറ്റ് കാണിച്ചാല്‍ ലൈസന്‍സ് പതുക്കെ നഷ്ടപ്പെടുന്ന സംവിധാനവും ഉണ്ടാകും. ഡ്രൈവിങ് ലൈസന്‍സ് കൊടുക്കുമ്പോള്‍ ആദ്യത്തെ രണ്ടു വര്‍ഷത്തേക്ക് ചില നിബന്ധനകള്‍ െവക്കുന്നത് പല രാജ്യങ്ങളിലും പതിവാണ്. ഉദാഹരണത്തിന് ലൈസന്‍സ് കിട്ടി ആദ്യത്തെ ഒരു വര്‍ഷം സ്പീഡ് ലിമിറ്റിന്റെ എണ്‍പത് ശതമാനത്തിലേ പോകാവൂ, രാത്രി ഡ്രൈവ് ചെയ്യരുത്, ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ളവര്‍ ആണെങ്കില്‍ സമപ്രായക്കാര്‍ മാത്രമായി വാഹനം ഓടിക്കരുത്, ഹൈറേഞ്ചിലേക്ക് വാഹനം ഓടിക്കരുത് എന്നൊക്കെ കേരളത്തില്‍ നിബന്ധനകള്‍ െവക്കാവുന്നതാണ്.

ലൈസന്‍സ് പോകുന്നതും എളുപ്പമാകണം

വണ്ടി ഓടിക്കുന്നവര്‍ തെറ്റ് കാണിച്ചാല്‍ ലൈസന്‍സ് പതുക്കെ നഷ്ടപ്പെടുന്ന സംവിധാനവും ഉണ്ടാകും. റോഡിലെ ഓരോ പിഴവിനും (പത്തുശതമാനം ഓവര്‍ സ്പീഡില്‍ പോവുക, റെഡ് ലൈറ്റ് ലംഘിക്കുക, അശ്രദ്ധയോടെ ലൈന്‍ കട്ട് ചെയ്യുക, ഡിം ചെയ്യാതെ രാത്രി വണ്ടി ഓടിക്കുക) ഡ്രൈവറുടെ മേല്‍ രണ്ടോ മൂന്നോ പെനാല്‍റ്റി പോയന്റുകള്‍ വരും. പത്തുവര്‍ഷത്തില്‍ പത്തു പോയന്റില്‍ കൂടുതല്‍ കിട്ടിയാല്‍ ലൈസന്‍സ് ഗോപി!. വികസിത രാജ്യങ്ങളില്‍ അല്പം റീട്രെയ്നിങ്ങും കുറച്ചു കൗണ്‍സലിങ്ങും നടത്തിയാല്‍ ലൈസന്‍സ് തിരിച്ചുകിട്ടും കേരളത്തിലെ സാഹചര്യത്തില്‍ ഇങ്ങനെ ലൈസന്‍സ് പോയാല്‍ പുതിയ സംവിധാനം അനുസരിച്ചുള്ള ടെസ്റ്റിങ് നടത്തണം എന്ന് പറയണം.

സത്യത്തില്‍ കേരളത്തില്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള എല്ലാ ലൈസന്‍സും അടുത്ത അഞ്ചു വര്‍ഷത്തിനകം കാന്‍സല്‍ ആക്കി എല്ലാവരെയും പുതിയ സംവിധാനത്തില്‍ ടെസ്റ്റ് ചെയ്ത് ലൈസന്‍സ് രണ്ടാമതെടുക്കുകയാണ് വേണ്ടത്, അതിന് പ്രായോഗികബുദ്ധിമുട്ടുകളുള്ളതിനാല്‍ പറ്റുന്ന അത്രയും പേരെ രണ്ടാമത് ലൈസന്‍സ് എടുപ്പിക്കണം. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് ഒരു കാര്യവും ഇല്ല.

ഇരുചക്രവാഹനം കുട്ടിക്കളിയല്ല

കേരളത്തില്‍ കാറിന്റെ ലൈസന്‍സ് കിട്ടുന്നതിലും എളുപ്പമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ലൈസന്‍സ് കിട്ടാന്‍. ബഹുഭൂരിപക്ഷം കുട്ടികളും കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ ബൈക്കില്‍ ആണ് ഡ്രൈവിങ് പഠിക്കുന്നതും. കേരളത്തിലെ റോഡുകളില്‍ ബൈക്കുകാര്‍ക്ക് ഒരുസ്ഥാനവും അതിലും വലിയ വാഹനങ്ങളോടിക്കുന്നവര്‍ നല്‍കിയിട്ടില്ല, അതുകൊണ്ടുതന്നെ കേരളത്തില്‍ റോഡപകടത്തില്‍പ്പെടുന്നത് കൂടുതലും ബൈക്ക് യാത്രികരാണ്, അതില്‍ മരിക്കുന്നതില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരും ആണ്. വികസിതരാജ്യങ്ങളില്‍ കാറിന്റെ ലൈസന്‍സ് കിട്ടുന്നതിലുമേറെ ബുദ്ധിമുട്ടാണ് ബൈക്ക് ലൈസന്‍സ് കിട്ടാന്‍. നമ്മുടെ ബൈക്ക് ലൈസന്‍സിങ്ങും കൂടുതല്‍ പ്രൊഫഷണല്‍ ആക്കണം.

ലഹരിക്കെതിരെ സീറോ ടോളറന്‍സ്

മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരേ കര്‍ശനനിയമങ്ങളും നടപടികളുമുള്ള ലോകത്തുപോലും ഏതാണ്ട് മൂന്നിലൊന്നു അപകടങ്ങളിലും വില്ലന്‍ മദ്യമോ മയക്കുമരുന്നോ ആണ്. പക്ഷേ, ഇക്കാര്യത്തില്‍ കേരളത്തിന് ലോക റെക്കോഡുണ്ട്. നാല്പതിനായിരം അപകടങ്ങളെടുത്താല്‍ അതില്‍ ഒരു ശതമാനം പോലും മദ്യം കൊണ്ടോ മയക്കുമരുന്നുകൊണ്ടോ ആണെന്ന് പോലീസ് റെക്കോഡുകളില്‍ കാണില്ല. ഇതുകൊണ്ട് മലയാളികള്‍ ഡീസന്റ് ആണെന്ന് കരുതേണ്ട കേട്ടോ. അപകടം ഉണ്ടായാല്‍ അതില്‍ മദ്യം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള പരിശോധന നമുക്ക് അത്ര കര്‍ക്കശമല്ല. ഇനി അഥവാ അങ്ങനെയുള്ള ആളാണ് അപകടം ഉണ്ടാക്കി മരിച്ചതെന്നോ ആളുകളോ കൊന്നതെന്നോ ആണെങ്കിലും പോലീസ് അവിടെ കണ്ണടയ്ക്കും. കാരണം മദ്യപിച്ചതാണെങ്കില്‍ ചത്ത ആള്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിച്ചേക്കില്ല.

ഇങ്ങനെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കുന്നതുകൊണ്ടാണ് കേരളത്തിലെ കണക്കുകള്‍ കള്ളം പറയുന്നത്. മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരേ ശക്തമായ നടപടികള്‍ വേണം. ഓടിക്കുന്ന സമയത്ത് രക്തത്തില്‍ മദ്യം ഉണ്ടെന്ന് കണ്ടാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കണം, മൂന്നു വര്‍ഷം കഴിഞ്ഞ് പുതിയ ടെസ്റ്റും മദ്യത്തിനെതിരേ പത്തുദിവസം കൗണ്‍സലിങ്ങും നടത്തിയിട്ടേ ലൈസന്‍സ് കൊടുക്കാവൂ. മദ്യപിച്ച് അപകടം ഉണ്ടാക്കിയാല്‍ നരഹത്യ ശ്രമത്തിന് കേസെടുക്കണം, മദ്യപനോടിച്ച വണ്ടിയിടിച്ച് ആരെങ്കിലും മരിച്ചാല്‍ വണ്ടി ഓടിച്ചയാള്‍ക്കെതിരേ കൊലക്കുറ്റം ചാര്‍ജ് ചെയ്യണം. ഇതൊക്കെ അല്പം ഓവറല്ലേ എന്നുതോന്നാം, വിഷമിക്കേണ്ട, നിങ്ങളുടെ തൊട്ടടുത്തുള്ള ആരെങ്കിലും മരിക്കുന്നതു വരെ മാത്രമേ ആ തോന്നല്‍ ബാക്കിയുണ്ടാകൂ.

വിധിയില്‍ പഴിച്ചുനാം

ഇതെന്തൊരു ദുരന്തമാണ്? വാസ്തവത്തില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ഇതാണ്. കഴിഞ്ഞ വര്‍ഷത്തെ ദുരന്തകാലത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും കൂടി നമുക്ക് 483 പേരെയാണ് നഷ്ടപ്പെട്ടത്. കേരളം കണ്ട ഏറ്റവും വലിയ ഒറ്റദിവസത്തെ ദുരന്തമായ സുനാമിയില്‍ നൂറ്റി എഴുപത്തിരണ്ടു പേരാണ് മരിച്ചത്. അതിനെപ്പറ്റിയൊക്കെ നാം എത്രയോ ചര്‍ച്ച ചെയ്തു, ദുരന്തം ഒഴിവാക്കാന്‍ എന്തൊക്കെ ശ്രമങ്ങള്‍ നടത്തി. പക്ഷേ, അതിന്റെയൊക്കെ പതിന്മടങ്ങുള്ള റോഡപകടം മലയാളിസമൂഹം ഇപ്പോള്‍ ഏതാണ്ട് അംഗീകരിച്ച മട്ടായി. തൊട്ടടുത്തുള്ള ആരെങ്കിലും ഒക്കെ റോഡപകടത്തില്‍ മരിക്കാത്ത ഒരു മലയാളി ഇപ്പോള്‍ കേരളത്തില്‍ ഇല്ല. എന്നാല്‍പോലും 'റോഡായാല്‍ അപകടമുണ്ടാകും', 'വിധിയാണ്' എന്നൊക്കെ പറഞ്ഞു നാം ജീവിതം തുടരുകയാണ്.

ഇതിന്റെ ഒരാവശ്യവുമില്ല. റോഡുണ്ടായതുകൊണ്ടോ ആളുകള്‍ വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതു കൊണ്ടോ റോഡപകടങ്ങളോ അപകടമരണമോ കൂടേണ്ട ഒരാവശ്യവുമില്ല. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ പക്ഷേ, കേരളത്തില്‍ ഒരുലക്ഷത്തിപതിനൊന്നു പേര്‍ ആണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയും കേരളത്തെക്കാള്‍ പതിന്മടങ്ങ് വാഹനങ്ങളുമുള്ള ബ്രിട്ടനില്‍ ഇവിടെ മരിക്കുന്നതിന്റെ പകുതിയാളുകളാണ് അപകടത്തില്‍ മരിക്കുന്നത്. (തുടരും)

Content Highlights: Muralee Thummarukudy Writes About Road Accidents in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram