ചെന്നൈ: ട്രാഫിക് നിയമലംഘകരുടെ പിടിമുറുക്കാന്‍ പോലീസിന് 'ബോഡി ക്യാമറ' വരുന്നു. നിയമലംഘനങ്ങളുടെ പിഴത്തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അനാവശ്യ ആരോപണങ്ങളൊഴിവാക്കാനും അഴിമതി തടയാനും ക്യാമറ സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പോലീസുമായി ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. പിഴത്തുകയൊടുക്കാനും പലരും തയ്യാറാകുന്നില്ല. അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പിഴത്തുക അഞ്ചുമടങ്ങോളം വര്‍ധിപ്പിച്ചത്. കനത്ത പിഴയായതോടെ പലരും തര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
ഇതൊഴിവാക്കാന്‍ ചെറിയ തുക കൈക്കൂലിയായി വാങ്ങി ചില പോലീസുകാര്‍ കേസൊഴിവാക്കി വിടുന്നുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പോലീസ് 'ബോഡി ക്യാമറ' കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റ് സംവിധാനം വഴി ക്യാമറ നേരിട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അഴിമതിക്കും കളമൊരുങ്ങില്ല.
കോടതിയിലെത്തുമ്പോള്‍ തെളിവായി ഈ ചിത്രങ്ങള്‍ ഹാജരാക്കാനുമാകും. രണ്ടാഴ്ചയ്ക്കകം ക്യാമറകള്‍ ട്രാഫിക് പോലീസുകാര്‍ക്ക് നല്‍കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ശരീരത്തില്‍ ഘടിപ്പിക്കുന്ന രീതിയിലുള്ള ക്യാമറ കഴിഞ്ഞവര്‍ഷമാണ് ചെന്നൈ പോലീസ് പരീക്ഷണാര്‍ഥം ഉപയോഗിച്ചുതുടങ്ങിയത്.
Content Highlights; Before new fines kick in, chennai police to get body cameras