വാഹന അപകടമുണ്ടായാല്‍ പിന്നെ അതിന്റെ ബാക്കി നടപടികള്‍ക്കായി ഒരു നേട്ടോട്ടം തന്നെ വേണ്ടി വരാറുണ്ട്. ഇതില്‍ പ്രധാനമാണ് ജിഡി എന്‍ഡി(ജനറല്‍ ഡയറി) ലഭിക്കാനുള്ള നടത്തം. അപകടം സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാണ് ജിഡി എന്‍ട്രി ആവശ്യമായി വരുന്നത്.
ഒരു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും രേഖപ്പെടുത്തി വയ്ക്കുന്ന പോലീസ് റെക്കോര്‍ഡാണ് ജനറല്‍ ഡയറി. ഇതില്‍ പരാതി, അപകടങ്ങള്‍, മറ്റ് അക്രമ സംഭവങ്ങള്‍ തുടങ്ങിയവയെല്ലാം രേഖപ്പെടുത്തണം.
അപകടം നടന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് സാധാരണ ഗതിയില്‍ ജിഡി എന്‍ട്രി എടുക്കേണ്ടത്. എന്നാല്‍, ഈ സേവനം കൂടുതല്‍ ഉദാരമാക്കുന്നതിനായി ജിഡി എന്‍ട്രി ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുകയാണ് കേരള പോലീസ്.
കേരളാ പോലീസിന്റെ തുണ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇപ്പോള്‍ ഈ സേവനം ജനങ്ങളിലെത്തിക്കുന്നത്. https://thuna.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ കയറി പേരും മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഒരു തവണ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ പിന്നീട് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താം.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനായി ജിഡി എന്‍ട്രി ലഭിക്കാന്‍ സിറ്റിസണ്‍ ഇന്‍ഷര്‍മേഷന്‍ ബട്ടണില്‍ ജിഡി സേര്‍ച്ച് ആന്‍ഡ് പ്രിന്റ് എന്ന ഓപ്ഷനില്‍ ജില്ല, പോലീസ് സ്‌റ്റേഷന്‍, തീയതി എന്നിവ നല്‍കി വിവരങ്ങള്‍ പ്രിന്റ് എടുക്കാന്‍ സാധിക്കും.