പ്രകൃതിവാതകം ഇന്ധനമാക്കിയുള്ള വാഹനക്കുതിപ്പിലേക്ക് കേരളം. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നാലു പമ്പുകളില്‍ തുടങ്ങിയ വില്‍പ്പന കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കൊച്ചിമുതല്‍ കാസര്‍കോടുവരെ 597 പമ്പുകള്‍ പുതുതായി സ്ഥാപിക്കും.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വാഹനങ്ങള്‍ക്ക് പ്രചാരം കൂട്ടുന്നുണ്ട്. ആദ്യം 20 ഓട്ടോറിക്ഷകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 900 ആയി. ദിവസ ഉപഭോഗം 200 കിലോഗ്രാമില്‍നിന്ന് 3500 കിലോഗ്രാമായും ഉയര്‍ന്നു. കൊച്ചിയില്‍ അടുത്തയാഴ്ച അഞ്ച് പമ്പുകള്‍കൂടി തുറക്കും.
സിറ്റിഗ്യാസ് പദ്ധതി എട്ടു ജില്ലകളില്‍
എട്ടു ജില്ലകളില്‍ വീടുകളിലും പമ്പുകളിലും നേരിട്ട് പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍മാണ-വിതരണ കരാറായി. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഈ ജില്ലകളിലെ നഗരപ്രദേശങ്ങളിലുള്ള 20 ലക്ഷത്തോളം അടുക്കളകള്‍ക്ക് പൈപ്പിലൂടെ നേരിട്ട് പ്രകൃതിവാതകമെത്തും.
കൊച്ചിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി നടപ്പാക്കുന്നത് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനികളാണ്. ഗെയില്‍ പ്രകൃതിവാതകക്കുഴല്‍ കടന്നുപോകുന്ന ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിലേക്ക് കോഴിക്കോട്ടുനിന്ന് പ്രകൃതിവാതകമെത്തിക്കും.
മാരുതിയുടെ 1500 വാഹനം ഈ മാസം
കൊച്ചിയിലെ വാഹനവിപണിയിലേക്ക് മാരുതി 1500 സി.എന്‍.ജി. കാറുകള്‍ ഈ മാസം എത്തിക്കും. കാര്‍ സേവനദാതാക്കളായ ഉബര്‍ ഈ മാസം 500 സി.എന്‍.ജി. കാറുകള്‍ നിരത്തിലിറക്കും. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പുതിയ ഗ്യാസ്‌കിറ്റ് ഉപയോഗിച്ച് പ്രകൃതിവാതകം ഇന്ധനമാക്കാം.
35,000 മുതല്‍ 60,000 രൂപവരെ കിറ്റിനു ചെലവുവരും. അംഗീകൃത യൂണിറ്റുകളില്‍ മാത്രമേ കിറ്റുകള്‍ ഘടിപ്പിക്കാവൂ. ഒരുകിലോഗ്രാം പ്രകൃതിവാതകത്തിന് 53 രൂപയാണ് ഇപ്പോഴത്തെ വില. ഓട്ടോറിക്ഷകള്‍ക്ക് 50 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. മലിനീകരണവും കുറവാണ്.
അടുത്തയാഴ്ച പരിശോധന
കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴല്‍ നിര്‍മാണത്തില്‍ സിറ്റി ഗ്യാസിനായുള്ള കണക്ഷന്‍ േകന്ദ്രങ്ങള്‍ തൃപ്തികരമാണോ എന്ന് പരിശോധിക്കാന്‍ ഗെയിലിന്റെയും ഇന്ത്യന്‍ ഓയില്‍-അദാനി കമ്പനികളുടെയും പ്രതിനിധികള്‍ അടുത്തയാഴ്ചയെത്തും.
ഇതിനുള്ള വാല്‍വുകള്‍ അസൗകര്യമുള്ള മേഖലയിലാണെന്നു കണ്ടെത്തിയാല്‍ മാറ്റും. തൃശ്ശൂരില്‍ അന്നകര, പാലക്കാട് മലമ്പുഴ, മലപ്പുറത്ത് കോഡൂര്‍, കോഴിക്കോട് പുത്തൂര്‍, കണ്ണൂരില്‍ കുറുമാത്തൂര്‍, കാസര്‍കോട് ചെങ്ങളം എന്നിവിടങ്ങളിലാണ് കണക്ഷന്‍ കേന്ദ്രങ്ങള്‍.
പൈപ്പ് ലൈന്‍ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും
കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴല്‍ പദ്ധതി മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുമെന്ന് ഗെയില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യു പറഞ്ഞു. പ്രളയത്തില്‍ നിര്‍മാണസാമഗ്രികള്‍ നശിച്ചതും നിര്‍മിച്ച സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതുമാണ് താമസത്തിന് കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.