ബാറ്ററിവാഹന തരംഗത്തിന് ആക്കംകൂട്ടി രാജ്യത്ത് വാഹനബാറ്ററി വിപ്ലവം വരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 2,000 കോടിയുടെ നിക്ഷേപമാണ് വാഹന ബാറ്ററി രംഗത്ത് വിവിധ കമ്പനികള്‍ നടത്തുക. വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്‍ഡ് മുതല്‍ വാടകവാഹന ദാതാക്കളായ ഒല വരെ ഇതിനായി രംഗത്തുണ്ട്.
രാജ്യത്തിപ്പോള്‍ ബാറ്ററി വാഹന നിര്‍മാണവും വാഹന ബാറ്ററി നിര്‍മാണവും ഊര്‍ജിതമാണ്. എന്നാല്‍, അതിനുതക്ക ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ല. ഇനി അത് സ്ഥാപിക്കാനാണ് മുന്‍ഗണന. അതിലേക്കാണ് കമ്പനികള്‍ നിക്ഷേപമിറക്കുന്നത്.
ചാര്‍ജിങ് സ്റ്റേഷനുകളെന്നാണ് പേരെങ്കിലും വൈദ്യുതവാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യുകയല്ല ഇവയില്‍ മിക്കവയും ചെയ്യുക. ചാര്‍ജ് തീരാറായ ബാറ്ററി നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റി പകരം പൂര്‍ണമായി ചാര്‍ജുള്ള ബാറ്ററി ഘടിപ്പിച്ച് നല്‍കും. ബാറ്ററി സൈ്വപിങ് സ്റ്റേഷനുകള്‍ എന്നാണ് ഇവ അറിയപ്പെടുക. ചാര്‍ജിങ് സ്റ്റേഷനും ഒരുക്കും.
അശോക് ലെയ്ലന്‍ഡ് ബസുകള്‍ക്കായുള്ള സൈ്വപിങ് സെന്ററുകള്‍ക്കായി 500 കോടി മൂന്ന് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കും. നിലവില്‍ കമ്പനിക്ക് 32 ഇടങ്ങളില്‍ അതിവേഗ ചാര്‍ജിങ് സെന്ററുകളുണ്ട്. സണ്‍ മൊബിലിറ്റി കമ്പനിയും രാജ്യത്തുടനീളം ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്കായി സൈ്വപിങ് സെന്റര്‍ തുറക്കും. 1000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. വാടകവാഹന ദാതാക്കളായ ഒല 400 കോടിയാണ് സൈ്വപിങ് സ്റ്റേഷനുകള്‍ക്കുമായും ബാറ്ററി അനുബന്ധ പദ്ധതികള്‍ക്കുമായും നിക്ഷേപിക്കുന്നത്.
ഇപ്പോള്‍ ബാറ്ററി വാഹനങ്ങളില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യുന്നത് ഉടമയുടെ വീട്ടിലാണ്. ഓഫീസിലോ മാളുകളിലോ ഹോട്ടലുകളിലോ ഇതിനുള്ള സംവിധാനം ഇനിയുമായില്ല. ലിഥിയം അയോണ്‍ ബാറ്ററികള്‍ വാഹനങ്ങളില്‍ വ്യാപകമാകുന്നുണ്ട്. പഴയ തരത്തിലുള്ള ആസിഡ് ബാറ്ററികള്‍ ചാര്‍ജാകാന്‍ എട്ട് മണിക്കൂറോളമെടുക്കും.
വിദേശങ്ങളില്‍ വ്യാപകമായതും ഇന്ത്യയില്‍ പ്രചരിച്ച് വരുന്നതുമായ അതിവേഗ ചാര്‍ജിങ്ങില്‍ പോലും പൂര്‍ണമായി ചാര്‍ജാകാന്‍ അര മണിക്കൂറോളമെടുക്കും. അതിനാലാണ് ബാറ്ററി മാറ്റിനല്‍കുന്ന സൈ്വപിങ് സെന്ററുകള്‍ക്ക് കമ്പനികള്‍ ഊന്നല്‍ നല്‍കുന്നത്.
Content Highlights; Vehicle battery revolution, Electric vehicles, Electric vehicle battery