പഴയ ഹൈക്കോടതി വാഹനങ്ങള്‍ വാങ്ങിയവര്‍ പുലിവാലുപിടിച്ചു!


ബി. അജിത്‌രാജ്

1 min read
Read later
Print
Share

റോഡുനിയമലംഘനത്തിനു പിഴയടയ്ക്കാതെ കോടതി

തിരുവനന്തപുരം: ഹൈക്കോടതി ജസ്റ്റിസുമാരടക്കമുള്ളവര്‍ ഉപയോഗിച്ച കാറുകള്‍ വാങ്ങിയവര്‍ക്ക് ട്രാഫിക് നിയമലംഘനം അടക്കമുള്ള മുന്‍കാല കുറ്റങ്ങളുടെ പിഴകള്‍ ബാധ്യതയാകുന്നു. അമിതവേഗം, സിഗ്‌നല്‍ ലംഘനം തുടങ്ങി ഒന്നിലധികം കുറ്റങ്ങളാണ് കഴിഞ്ഞ ജൂലായില്‍ ലേലംചെയ്ത 28 ആഡംബര കാറുകള്‍ക്കുള്ളത്. ഹൈക്കോടതി രജിസ്ട്രാര്‍ ആണ് ഇതിന്റെ ഉടമ.

പിഴയടയ്ക്കാതെ ഉടമസ്ഥാവകാശം മാറ്റില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിലപാട്. മുന്‍ഉടമ നടത്തിയ നിയമലംഘനത്തിന് അവര്‍തന്നെ പിഴയടയ്ക്കട്ടെയെന്ന് പുതിയ ഉടമകളും തീരുമാനിച്ചു. ഇതാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചു.

പിഴ അടയ്ക്കാത്തതിന്റെ പേരില്‍ ഉടമസ്ഥാവകാശ കൈമാറ്റം തടയരുതെന്ന് രജിസ്ട്രാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറോട് ആവശ്യപ്പെട്ടു. പിഴയുടെ പേരില്‍ സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാര്‍ വാങ്ങിയവരില്‍ ഒരാള്‍ 3600 രൂപ പിഴയടച്ചിരുന്നു. ഇത് തിരികെ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരീക്ഷണ ക്യാമറകള്‍ കണ്ടെത്തിയ കുറ്റങ്ങളാണിവ. ചിത്രം സഹിതം പിഴ നോട്ടീസ് വാഹന ഉടമകള്‍ക്ക് അയക്കാറുണ്ട്. ഹൈക്കോടതിക്കും നോട്ടീസ് നല്‍കിയിരുന്നുവെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. വാഹനം വില്‍ക്കുമ്പോള്‍ അന്നുവരെയുള്ള പിഴകളും നികുതി കുടിശ്ശികകളും തീര്‍ക്കണമെന്നതാണ് വ്യവസ്ഥ. ഉടമസ്ഥാവകാശം കൈമാറുന്നതോടെ പിഴ ഈടാക്കാനുള്ള അവസരം പൂര്‍ണമായും നഷ്ടമാകും.

പിഴയടക്കാന്‍ ആറുമാസം

ആറുമാസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരേ കോടതിയെ സമീപിക്കാം. കാലാവധി കഴിഞ്ഞാല്‍ കേസെടുക്കാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും പ്രതികരിക്കുന്നില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.

സാധാരണക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാറുള്ള വകുപ്പ് ഉടമ ഹൈക്കോടതിയായപ്പോള്‍ അയഞ്ഞു. ഒന്നുകില്‍ ഹൈക്കോടതി രജിസ്ട്രാര്‍ പിഴ അടയ്ക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ പിഴ അടയ്ക്കാത്ത ഹൈക്കോടതി രജിസ്ട്രാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതിയുടെ അനുമതി വാങ്ങണം.

നിയമപരമായി നോട്ടീസ് നല്‍കണം

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ആറുമാസത്തിനകം പിഴ ഈടാക്കണം. അതില്‍ വീഴ്ച വന്നിട്ടുണ്ട്. പിഴ അടയ്ക്കണമെങ്കില്‍ മോട്ടോര്‍വാഹനവകുപ്പ് നിയമപരമായി നോട്ടീസ് നല്‍കണം. -എന്‍. അനില്‍കുമാര്‍, ഹൈക്കോടതി രജിസ്ട്രാര്‍ (ജനറല്‍)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram