വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ നിര്‍മാണകേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനും ബജറ്റില്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു.
- വൈദ്യുതവാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള നികുതിയിളവാണു പ്രധാനം. വായ്പയെടുത്തു വൈദ്യുതവാഹനം വാങ്ങുന്നവരുടെ ഒന്നരലക്ഷം രൂപവരെയുള്ള പലിശതിരിച്ചടവില്‍ അധിക ആദായനികുതിയിളവാണു വാഗ്ദാനം. ഇതുവഴി വായ്പ കാലാവധിയില്‍ നികുതിദായകനു രണ്ടരലക്ഷം രൂപയുടെവരെ നേട്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
- വൈദ്യുതവാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- വൈദ്യുതവാഹനഘടകങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയതാണു മറ്റൊരു ആനുകൂല്യം. ഇ-ഡ്രൈവ് അസംബ്ലി, ഓണ്‍ബോര്‍ഡ് ചാര്‍ജര്‍, ഇ-കംപ്രസര്‍, ചാര്‍ജിങ് ഗണ്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയാണു പൂര്‍ണമായി ഒഴിവാക്കിയത്. നൂതന സാങ്കേതികവിദ്യയുള്ള രജിസ്ട്രേഷനുള്ള വൈദ്യുതവാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കും.
- വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രിലില്‍ തുടങ്ങിയിരുന്നു. മൂന്നുവര്‍ഷത്തേക്കു പതിനായിരം കോടി രൂപയാണു കേന്ദ്രമന്ത്രിസഭ ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ എത്രയുംവേഗം വൈദ്യുതവാഹനങ്ങള്‍ നിരത്തിലെത്തിക്കുകയാണു ലക്ഷ്യം. ചാര്‍ജിങ്ങിനുള്ള അടിസ്ഥാന സൗകര്യവികസനവും പദ്ധതിയുടെ ലക്ഷ്യമാണ്.
Content Highlights: Union Budget Announce Incentive For Electric Vehicles