നിരത്തുകളില്‍ ഡ്രൈവര്‍മാര്‍ വണ്‍ വേ തെറ്റിച്ച് കയറി വരുന്ന പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ രാജ്യത്ത് ആദ്യമായി സ്പീഡ് ബ്രേക്കര്‍ മാതൃകയില്‍ ടയര്‍ കില്ലറുകള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുണെയിലെ അമനോര പാര്‍ക്ക് റോഡില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് നിരവധി കോണുകളില്‍ നിന്ന് ആക്ഷേപങ്ങളും ഉയര്‍ന്നു. ഇതിന് പിന്നാലെ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ടയര്‍ കില്ലര്‍ എടുത്തുമാറ്റാന്‍ പുണെ ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കി. ഇതുപ്രകാരം അമനോര ടൗണ്‍ഷിപ്പ് മാനേജ്‌മെന്റ് അധികാരികള്‍ ടയര്‍ കില്ലര്‍ കഴിഞ്ഞ ദിവസം എടുത്തുമാറ്റിയിരുന്നു.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുവാദം കൂടാതെയാണ് ഇവ സ്ഥാപിച്ചതെന്ന് കണ്ടാണ് ടയര്‍ കില്ലറുകള്‍ എടുത്തുമാറ്റാനുള്ള നിര്‍ദേശം ട്രാഫിക് പോലീസ് നല്‍കിയത്. ശരിയായ ദിശയില്‍ വരുന്ന വണ്ടികള്‍ക്ക് ഒരു പ്രയാസവും കൂടാതെ ടയര്‍ കില്ലറിന് മുകളിലൂടെ കയറി ഇറങ്ങി പോകാവുന്ന തരത്തിലായിരുന്നു ഇവ സ്ഥാപിച്ചത്. വണ്ടി കയറുമ്പോള്‍ കൂര്‍ത്ത മെറ്റര്‍ സ്വയം താഴ്ന്നുപോകും. എന്നാല്‍ റോങ് സൈഡില്‍ വരുന്ന വണ്ടിക്കാരന് അത്ര എളുപ്പമല്ല കാര്യങ്ങള്‍. വണ്ടിയുടെ ടയര്‍ നേരെ കൂര്‍ത്തിരിക്കുന്ന ടയര്‍ കില്ലറില്‍ ചെന്ന് പതിക്കും. ടയര്‍ ഒറ്റയടിക്ക് പഞ്ചറാകുമെന്ന് സാരം.
കാല്‍നട യാത്രക്കാര്‍ക്കും ടയര്‍ കില്ലര്‍ വലിയ ഭീക്ഷണ സൃഷ്ടിക്കുമെന്നുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ അഗ്രഭാഗം വളരെ കൂര്‍ത്തതാണ്, ആരെങ്കിലും ഇതിന് മുകളില്‍ വീണാല്‍ വലിയ അപകടം സംഭവിക്കും. ഇതിനടുത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടം സാധ്യത ഏറും. ഇവ സ്ഥാപിക്കാനുള്ള അനുവാദം ബന്ധപ്പെട്ടവര്‍ തേടിയിട്ടുമില്ല-പുണെ ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.ഡി. കലാസ്‌കര്‍ പറഞ്ഞു. അതേസമയം ഇവ പുനസ്ഥാപിക്കാനുള്ള അനുവാദം നേടി അമനോര പാര്‍ക്ക് ടൗണ്‍ അധികാരികള്‍ ട്രാഫിക് പോലീസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights; Tyre killers in Amanora removed after Pune police notice