രണ്ടുവര്‍ഷത്തിനിടെ 71 ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനെ പിടികൂടി ബെംഗളൂരു ട്രാഫിക് പോലീസ് 15,400 രൂപ പിഴയിട്ടു. രാജാജിനഗര്‍ സ്വദേശി എം. മഞ്ജുനാഥി(41)നാണ് ഭീമമായ തുക പിഴയടയ്‌ക്കേണ്ടിവന്നത്.
ഗതാഗതനിയമ ലംഘനത്തിന് ബെംഗളൂരുവില്‍ ഒരു വ്യക്തിയില്‍നിന്ന് ഈടാക്കുന്ന ഏറ്റവും വലിയ പിഴയാണ് ഇതെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. മഞ്ജുനാഥിനെ കഴിഞ്ഞ വ്യാഴാഴ്ച ഹെല്‍മെറ്റ് ധരിക്കാത്തതിനാണ് മഹാലക്ഷ്മി ലേഔട്ടില്‍നിന്ന് പോലീസ് പിടികൂടിയത്.
സ്‌കൂട്ടറിന്റെ നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ മുമ്പ് ഗതാഗതനിയമങ്ങള്‍ തെറ്റിച്ചതിന്റെ വിവരങ്ങള്‍ ഓരോന്നായി ലഭിക്കുകയായിരുന്നു. ഹെല്‍മെറ്റില്ലാത്തത് -55, ട്രാഫിക് സിഗ്‌നല്‍ ലംഘനം -11, മൂന്നുപേരുമായി യാത്ര -അഞ്ച് എന്നിങ്ങനെയായിരുന്നു നിയമലംഘനങ്ങള്‍.
രണ്ടുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും ഇയാള്‍ പോലീസിന്റെ പിടിയിലായിട്ടില്ല. പോലീസ് പരിശോധന ഉണ്ടെന്നറിഞ്ഞാല്‍ മറ്റുവഴികളിലൂടെ പോവുകയായിരുന്നു പതിവ്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങളുടെയും ട്രാഫിക് ജങ്ഷനുകളിലെ പോലീസുകാര്‍ ശ്രദ്ധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
യശ്വന്ത്പുര, രാജാജി നഗര്‍, വിജയനഗര്‍, മഹാലക്ഷ്മി ലേഔട്ട്, വെസ്റ്റ് ഓഫ് കോര്‍ഡ് റോഡ് എന്നിവിടങ്ങളിലായിരുന്നു ഇയാള്‍ നിയമം ലംഘിച്ചത്. പിഴ അടയ്ക്കാന്‍ പലതവണ നോട്ടീസ് ലഭിച്ചിട്ടും അടച്ചിരുന്നില്ല.
പിതാവിന്റെ പേരിലുള്ള സ്‌കൂട്ടര്‍ മഞ്ജുനാഥാണ് ഉപയോഗിച്ചിരുന്നത്. 15,400 രൂപ കൈവശമില്ലാത്തതിനാല്‍ സ്‌കൂട്ടര്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. പിന്നീട്, രാജാജിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി തുക അടച്ചശേഷമാണ് സ്‌കൂട്ടര്‍ വിട്ടുനല്‍കിയത്.
Content Highlights: Traffic Rule Violations; Rs 15,400 Penalty For Scooter Rider