ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗം കര്‍ശനമാക്കിക്കൊണ്ടുള്ള വാഹനപരിശോധന ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ രണ്ടിന് ആരംഭിച്ച പരിശോധനയില്‍ ശനിയാഴ്ച വരെ 5192 പേരെ ഹെല്‍മെറ്റ് ധരിക്കാത്തതിനു പിടികൂടി. ഇതില്‍ 2586 പേര്‍ പിന്‍സീറ്റില്‍ ഇരുന്നവരാണ്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 2611 പേരും 500 രൂപ വീതം പിഴ നല്‍കി. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 901 പേരും പിടിയിലായി. 80 ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ നടപടിയെടുത്തു.
കേന്ദ്രനിയമത്തില്‍നിന്നു വ്യത്യസ്തമായി പിഴത്തുക കുറച്ച സംസ്ഥാനത്തിന്റെ നടപടി നിയമപരമായി നിലനില്‍ക്കുമെന്ന നിഗമനത്തിലാണ് ഗതാഗതവകുപ്പ്. ഇതു നിയമവിരുദ്ധമാണെന്ന വിധത്തില്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം സംസ്ഥാനത്തിന്റെ നടപടിയെ ബാധിക്കില്ലെന്നാണ് നിഗമനം.
പിഴ സ്വീകരിച്ച് കുറ്റം തീര്‍പ്പുകല്പിക്കാനുള്ള കോമ്പൗണ്ടിങ്ങ് അധികാരമാണ് സംസ്ഥാനം വിനിയോഗിച്ചത്. ഇതില്‍ തെറ്റില്ലെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്.
അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചുള്ളതാണെന്ന നിഗമനത്തിലാണ് ഗതാഗതവകുപ്പ്. പിഴത്തുക കുറച്ച് വിജ്ഞാപനം ഇറക്കിയതിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍നിന്ന് പ്രത്യേകിച്ചു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights: Traffic Rule Violations; Police Collect 36.34 Lakh Rupees In Six Days