സംസ്ഥാനത്ത് ഏഴു ഗതാഗതനിയമലംഘനങ്ങളുടെ പിഴ കുറയ്ക്കാന്‍ ധാരണ. അതേസമയം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിനുള്ള ഉയര്‍ന്ന പിഴ തത്കാലം കുറയ്ക്കില്ല.
പിഴചുമത്തലിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. 1000 മുതല്‍ 10,000 വരെരൂപ പിഴയീടാക്കാവുന്ന ഗതാഗതനിയമലംഘനങ്ങള്‍ക്ക് കുറഞ്ഞനിരക്ക് ഈടാക്കാന്‍ കഴിയുമോ എന്നു നിയമസെക്രട്ടറി പരിശോധിക്കും.
അതിനുശേഷം മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ഇറക്കാനാണു ധാരണ. ഇതിനുശേഷമേ മോട്ടോര്‍വാഹന വകുപ്പും പോലീസും നേരിട്ട് പിഴ ഈടാക്കൂ. അതുവരെ ഗതാഗത നിയമലംഘനക്കേസുകള്‍ കോടതിക്ക് കൈമാറും.
നിശ്ചിത തുകവരെ പിഴയാകാമെന്നു പറഞ്ഞിട്ടുള്ള (കുറഞ്ഞതുക പറയാത്ത) ഏഴു നിയമലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കാനാണു ധാരണ. എത്രത്തോളം കുറയ്ക്കണമെന്നത് ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും ചേര്‍ന്നു റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതു പരിശോധിക്കാന്‍ നിയമസെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Traffic Rule Violations And New Punishments