കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത കുറ്റങ്ങള്‍ക്ക് ഉയര്‍ന്ന പിഴയും ശിക്ഷയും നിലവില്‍ വന്ന ദിവസമായിരുന്നു ഞായറാഴ്ച. എന്നാല്‍ നിയമലംഘനത്തിന് കനത്ത പിഴ നല്‍കേണ്ടി വരുമെന്നറിഞ്ഞിട്ടും ആളുകള്‍ക്ക് ഒരു കൂസലുമില്ല. തിരക്കൊഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ കണ്ടത് ഇത്തരം കാഴ്ചകളാണ്.
ഇരുചക്ര വാഹനങ്ങളുടെ പുറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന നിബന്ധന ആളുകളാരും കേട്ടമട്ടില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്.
ഞായറാഴ്ചയായതിനാല്‍ പോലീസിന്റെ പരിശോധനയുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഹെല്‍മെറ്റില്ലാതെ തന്നെ നഗരത്തിലൂടെ ഇരുചക്രവാഹന യാത്രികര്‍ പായുന്നത്. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴയാണ് നല്‍കേണ്ടത്.
കലൂര്‍ ജങ്ഷനില്‍ ചുവന്ന സിഗ്‌നല്‍ ഉള്ളപ്പോഴും വാഹനങ്ങള്‍ ചീറിപ്പായുന്നു. പച്ച സിഗ്‌നലില്‍ നിന്ന് മഞ്ഞയിലേക്ക് നിറം മാറുമ്പോള്‍ വേഗത കുറയ്‌ക്കേണ്ടതിന് പകരം വേഗത പരമാവധി കൂട്ടിയാണ് വാഹനങ്ങള്‍ പോകുന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി ഓടിച്ചാല്‍ 10,000 രൂപ പിഴ നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇടറോഡുകളില്‍ ഫോണ്‍ ഹെല്‍മെറ്റിനിടയില്‍ തിരുകിയും ഹെഡ് ഫോണ്‍ വെച്ചും വാഹനമോടിച്ച് ശീലിച്ചവര്‍ക്ക് ഒരു മാറ്റവുമില്ല. പല കുടുംബങ്ങളും ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേരെയൊക്കെ കയറ്റി പോകുന്നതിനും കുറവില്ല. ഒന്നില്‍ കൂടുതല്‍ ആളുകളെ ഇരുചക്രവാഹനത്തില്‍ കയറ്റിയാല്‍ 2,000 രൂപയാണ് പിഴ ഒടുക്കേണ്ടത്.
നോ-പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ കുറവായിരുന്നു ഞായറാഴ്ച. എന്നാല്‍, തിരക്ക് കുറഞ്ഞ ദിവസമായിട്ടും സീബ്രാലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തിത്തരാന്‍ മടിയാണ്. മേനകയില്‍ കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി ഇട്ടിരിക്കുന്ന വിടവിലൂടെ ഇരുചക്രവാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നതിനും മാറ്റമൊന്നുമുണ്ടായില്ല. ഇടപ്പള്ളി ഫ്‌ലൈ ഓവര്‍ ഇറങ്ങുന്ന ഭാഗത്തും ഇത്തരത്തില്‍ വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.
ആദ്യദിനം കാര്യമായ 'പിടിത്ത'മുണ്ടായില്ല
ഞായറാഴ്ചയായിരുന്നതിനാല്‍ത്തന്നെ ആര്‍.ടി.ഒ. വകുപ്പ് പരിശോധനകള്‍ നടത്തിയില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം ബോധവത്കരണം നല്‍കിയ ശേഷം പിന്നീട് പിഴ ഈടാക്കാനാണ് ആര്‍.ടി.ഒ. വിഭാഗത്തിന്റെ പദ്ധതി. നഗരത്തില്‍ ട്രാഫിക് പോലീസും നിയമം നിലവില്‍ വന്ന ദിവസം പ്രത്യേക പരിശോധനകള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല.
മറ്റ് ഗതാഗത നിയമലംഘനങ്ങളും പിഴയും
- മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപ വരെയാണ് പിഴ, കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ.
- അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയും.
- ചുവപ്പ് സിഗ്നല്‍ തെറ്റിച്ചാല്‍ 5000 രൂപ.
- ഓവര്‍ലോഡിന് 20,000 രൂപ.
- ആംബുലന്‍സ് പോലുള്ള അവശ്യ സര്‍വീസുകള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 10,000 രൂപ.
- ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ.
- കുട്ടികള്‍ വാഹനം ഓടിച്ചാല്‍ 25,000 രൂപ.
- ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്യൂണിറ്റി റിഫ്രഷ് കോഴ്സിന് വിധേയമാകണം.
- ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ.