ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റുമില്ലെങ്കില്‍ 100 രൂപ പിഴയടച്ച് രക്ഷപ്പെടാമെന്ന ധാരണ ഞായറാഴ്ചമുതല്‍ വേണ്ട. പത്തുതവണ പിഴയൊടുക്കിയിരുന്ന തുക ഇനി ഒറ്റത്തവണ നല്‍കേണ്ടിവരും.
മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. പിഴ ഉയര്‍ത്തിയതിനൊപ്പം വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ നിര്‍ദേശങ്ങളും സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്ന ഭേദഗതിയിലുണ്ട്.
നിയമലംഘനങ്ങളും പിഴകളും
നിയമലംഘനങ്ങള്‍ | ഇപ്പോഴുള്ള പിഴ | പുതിയ പിഴ |
റോഡ് നിയമലംഘനം, നോ പാര്‍ക്കിങ്, ലൈറ്റ് തെളിയിക്കാതിരിക്കുക, ഹോണ്‍ ദുരുപയോഗം തുടങ്ങിയവ | 100 | 500 |
ടിക്കറ്റ് ഇല്ലാത്ത യാത്ര | 200 | 500 |
രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുക | 500 | 2000 |
ലൈസന്‍സില്ലാതെ വാഹനമോടിക്കുക | 1000 | 5000 |
ലൈസന്‍സിന് സാധുതയില്ലാത്ത സമയത്ത് വാഹനമോടിക്കുക | 500 | 10,000 |
അമിതവേഗം | 400 ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ 1000 | മീഡിയം പാസഞ്ചര്‍ 2000 |
അപകടകരമായ ഡ്രൈവിങ് കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 10000 രൂപ | 1000 | 5000 |
മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 15000 | 2000 | പരമാവധി 10,000 |
സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍ | 100 | 1000 |
ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കല്‍ | 100 | 1000 |
ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം | 1000 | 5000 |
ഇരുചക്രവാഹനത്തില്‍ കൂടുതല്‍ യാത്രക്കാര്‍ | 100 | 2000+ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷന്‍ |
ഇന്‍ഷുറന്‍സില്ലാതെ ഡ്രൈവിങ് | 1000 | 2000 |
അമിതഭാരം | 2000+അധികമായി കയറ്റുന്ന ഒരോ ടണ്ണിനും 1000 വീതം | 20,000 ഓരോ ടണ്ണിനും 2000 രൂപ വീതം |
പുതിയതായി ഉള്‍പ്പെടുത്തിയത്
ആംബുലന്‍സുകളുടെ വഴി തടയല്‍ | 10,000 |
വ്യാജ സ്‌പെയര്‍ പാര്‍ട്ടുകളുടെ നിര്‍മാണം വില്പന, വാഹനത്തിന്റെ രൂപമാറ്റം | 5000 |
ടൂര്‍ഓപ്പറേറ്റര്‍ വ്യവസ്ഥകളുടെ ലംഘനം | 25,000 മുതല്‍ ഒരു ലക്ഷം വരെ |
അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റല്‍ അധികമുള്ള ഓരോയാത്രക്കാരനും | 1000 രൂപ വീതം |
ലൈസന്‍സിന് എവിടെയും അപേക്ഷിക്കാം
- അപേക്ഷകന്റെ താമസസ്ഥലത്ത് മാത്രമല്ല സംസ്ഥാനത്തെ ഏത് മോട്ടോര്‍വാഹനവകുപ്പ് ഓഫീസിലും ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. മേല്‍വിലാസ പരിധിയിലെ ആര്‍.ടി. ഓഫീസില്‍ വേണമായിരുന്നു ഇതുവരെ അപേക്ഷിക്കാന്‍. മറ്റേതെങ്കിലും ഓഫീസില്‍ അപേക്ഷിക്കണമെങ്കില്‍ അതത് സ്ഥലത്തെ ഡ്രൈവിങ് സ്‌കൂളില്‍ പരിശീലിക്കുന്നുവെന്ന് കാണിച്ച് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കേണ്ടിയിരുന്നു.
- ഭിന്നശേഷിയുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇന്‍വാലിഡ് ക്യാരേജായിട്ടാണ് പരിഗണിച്ചിരുന്നത്. ഇത് ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ വാഹനങ്ങളെന്ന അര്‍ഥം വരുന്ന 'അഡാപ്റ്റഡ് വെഹിക്കിള്‍സ്' എന്ന് പരിഷ്‌കരിച്ചു.
- ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് മിനിമം വിദ്യാഭ്യാസയോഗ്യത ഒഴിവാക്കി
- കാലാവധി തീരുന്നതിന് ഒരുവര്‍ഷം മുമ്പോ ഒരുവര്‍ഷത്തിന് ശേഷമോ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം. കാലാവധികഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടാല്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും.
- സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ഓഫീസില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. ഇനി ഉടമയുടെ സൗകര്യമനുസരിച്ച് ഓഫീസ് തിരഞ്ഞെടുക്കാം. സോഫ്റ്റ്വേറില്‍ മാറ്റം വരുത്തേണ്ടതിനാല്‍ ഇത് നടപ്പാകാന്‍ കാലതാമസമുണ്ടാകും.
- കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. രക്ഷിതാവ് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് കാല്‍ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും
- വാഹനത്തിന്റെ ഉപയോഗകാലാവധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം. 20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാണിജ്യവാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം ഈ ഭേദഗതിയെ തുടര്‍ന്ന്.
- നിര്‍മാണത്തില്‍ സാങ്കേതിക പിഴവുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ഡ്രൈവര്‍ക്കോ, യാത്രക്കാര്‍ക്കോ അപകടമുണ്ടാക്കാനിടയുള്ള സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ വില്പന തടയാനും തിരിച്ചെടുക്കാനും നിര്‍മാതാവിനോട് സര്‍ക്കാരിന് നിര്‍ദേശിക്കാം. പരിസ്ഥിതിക്ക് ഹാനികരമായ വാഹനങ്ങള്‍ക്കെതിരേയും ഈ നിയമം ഉപയോഗിക്കാം.