മോട്ടോര്‍വാഹന വകുപ്പ് പോലീസുമായി ചേര്‍ന്നും അല്ലാതെയും ബുധനാഴ്ച കൊല്ലം നഗരത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ നിയമം തെറ്റിച്ചോടിയ നിരവധി വാഹനങ്ങള്‍ക്ക് പിടിവീണു.
കോര്‍പ്പറേഷന്‍ പരിധിയില്‍ ഓട്ടോറിക്ഷകള്‍ മീറ്റര്‍ കര്‍ശനമായും ഇടണമെന്ന ഉത്തരവ് നിലനില്‍ക്കെ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 32 വാഹനങ്ങള്‍ മീറ്ററിടാതെ ഓടുന്നതു കണ്ടെത്തി. ഇവയ്ക്ക് പിഴയീടാക്കി. മീറ്റര്‍ നിര്‍ബന്ധമാക്കിയ ആദ്യദിനമായ തിങ്കളാഴ്ച 22 ഓട്ടോറിക്ഷകള്‍ക്കാണ് പിഴയീടാക്കിയത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പരിശോധന.
എ.സി.പി. പ്രദീപ്കുമാറിന്റെ നിര്‍ദേശപ്രകാരം സ്വകാര്യ ബസുകളില്‍ നടത്തിയ എയര്‍ ഹോണ്‍ പരിശോധനയില്‍ 28 വാഹനങ്ങള്‍ക്ക് പിഴയീടാക്കി. നഗരത്തില്‍ ബുധനാഴ്ച വൈകീട്ട് 3.30 മുതല്‍ ആറുവരെ ചിന്നക്കട പോസ്റ്റ് ഓഫീസ് ജങ്ഷന്‍, ക്ലോക്ക് ടവര്‍, ആണ്ടാമുക്കം എന്നിവിടങ്ങളിലായി 109-ഓളം വാഹനങ്ങളില്‍ പരിശോധന നടത്തി.
പിടികൂടിയ വാഹനങ്ങള്‍ എയര്‍ ഹോണുകള്‍ മാറ്റി ശനിയാഴ്ച ഹാജരാക്കണമെന്ന നിര്‍ദേശത്തില്‍ വിട്ടു. നഗരത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ശിക്ഷാനടപടികള്‍ കടുപ്പിക്കുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ശരച്ചന്ദ്രന്‍ പറഞ്ഞു.
Content Highlights: Traffic Rule Violations