താന്‍ നിയമം ലംഘിച്ചെന്ന് ബുന്നാസ് കെ. ഡേവിസ് സമ്മതിക്കുന്നു. എന്നാല്‍, ലംഘകരായ എല്ലാവരെയും ഒരുപോലെ കാണാത്തതിലായിരുന്നു ഈ യുവാവിന്റെ പ്രതിഷേധം. ഒരു രാത്രി മുഴുവന്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന്റെ വടക്കേ കവാടത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കിലായിരുന്നു തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ബുന്നാസിന്റെ ഇരിപ്പ്.
വ്യാഴാഴ്ച വൈകീട്ട് ഏഴുമുതല്‍ തുടങ്ങിയ പ്രതിഷേധം തീര്‍ന്നത് വെള്ളിയാഴ്ച രാവിലെ ട്രാഫിക് പോലീസെത്തിയപ്പോഴാണ്. മറ്റുള്ളവര്‍ നിയമം ലംഘിച്ചെങ്കില്‍ അത് ഒരാള്‍ക്ക് ലംഘിക്കാനുള്ള ലൈസന്‍സല്ല എന്ന് പോലീസ് ധരിപ്പിച്ചു. ചങ്ങലയിട്ട് പൂട്ടിയിരുന്ന ബൈക്ക് പോലീസ് അഴിച്ചുകൊടുത്തതോടെ ബുന്നാസ് ബൈക്കുമെടുത്ത് പോയി.
വ്യാഴാഴ്ച രാവിലെ എറണാകുളത്ത് പോയപ്പോഴാണ് ബൈക്ക് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് മുന്നില്‍ പാര്‍ക്ക് ചെയ്തത്. വൈകീട്ട് തിരിച്ചുവന്നപ്പോള്‍ തന്റെ ബൈക്ക് ചങ്ങലകൊണ്ട് പൂട്ടിയിരിക്കുന്നത് കണ്ടു. സ്റ്റാന്‍ഡിനുള്ളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സമീപിച്ചു.
ട്രാഫിക് സ്റ്റേഷനില്‍ 100 രൂപ പിഴയടച്ച് വന്നാല്‍ ബൈക്ക് വിട്ടുതരാം എന്ന് പോലീസുകാരന്‍ അറിയിച്ചു. എന്നാല്‍, ബസ്സ്റ്റാന്‍ഡിന്റെ കവാടത്തില്‍ വെച്ചിരുന്നവയില്‍ പത്തില്‍ താഴെ ബൈക്കുകള്‍ മാത്രം പൂട്ടിവച്ചതിനാല്‍ താന്‍ പിഴയടയ്ക്കില്ലെന്ന് ബുന്നാസ് പോലീസുകാരനെ അറിയിച്ചു. എല്ലാ അനധികൃത പാര്‍ക്കിങ്ങുകള്‍ക്കും പിഴയീടാക്കണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് അഞ്ചുവരെ ഇവിടെത്തന്നെ ഇരിക്കുമെന്നും അറിയിച്ചു.
രാത്രി മുഴുവന്‍ ബൈക്കിനു പുറത്തിരുന്ന ബുന്നാസ് രാവിലെ ഫെയ്സ് ബുക്കില്‍ ലൈവ് പോസ്റ്റും ഇട്ടു. രാവിലെ 11-മണിയോടെയാണ് ട്രാഫിക് പോലീസ് എത്തി ബുന്നാസിനെ പറഞ്ഞുവിട്ടത്. നൂറുകണക്കിന് ബൈക്കുകള്‍ ഈ സമയത്ത് ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.
Content Highlights: Traffic Rule Violation; Student Protest In Front Of Thrissur KSRTC Bus Stand