കോയമ്പത്തൂര്‍ ഗതാഗതനിയമങ്ങള്‍ പാലിക്കാത്ത വാഹനയാത്രക്കാരില്‍നിന്ന് ഒരുലക്ഷത്തിലേറെ പിഴയീടാക്കി. 'ഉയിര്‍' സംഘടനയുടെ സഹായത്തോടെ സ്മാര്‍ട്ട് ക്യാമറകള്‍ 30-ന് സ്ഥാപിച്ചിരുന്നു. ഇതിനുശേഷമാണ് പിഴയീടാക്കിയത്. വാഹനാപകടങ്ങള്‍ക്കെതിരേയും റോഡുയാത്രാസുരക്ഷയ്ക്കുമായാണ് നഗരത്തില്‍ 'ഉയിര്‍' സംഘടന രൂപവത്കരിച്ചത്.
ഒരു പൈലറ്റ് പ്രോജക്ട് എന്നനിലയില്‍ സ്മാര്‍ട്ട് ക്യാമറകള്‍ അവിനാശി റോഡില്‍ നാല് ജങ്ഷനുകളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഗതാഗതനിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ ചിത്രവും വാഹന രജിസ്ട്രേഷന്‍ നന്പറും ക്യാമറയില്‍ പതിയുന്നതാണ് സംവിധാനം.
പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ സ്ഥാപിച്ചതുവഴി ചട്ടലംഘനം നടന്നസ്ഥലം, സമയം, ദിവസം എന്നിവയെല്ലാം ക്യാമറയില്‍ പതിയും. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍, ട്രാഫിക് സിഗ്‌നലില്‍ ചുവന്നവെളിച്ചം പ്രകാശിക്കുമ്പോഴും റോഡ് മുറിച്ച് കടക്കുന്നവര്‍ എന്നിങ്ങനെ എല്ലാം ക്യാമറക്കണ്ണിലാവും.
ഈ വിവരങ്ങള്‍ ചിത്രസഹിതം കണ്‍ട്രോള്‍ റൂമിനും ബന്ധപ്പെട്ട പോലീസ് വിഭാഗത്തിനും കൈമാറും. ഇതിന്റെയടിസ്ഥാനത്തില്‍ നിയമം ലംഘിച്ചവര്‍ക്കെതിരേ നോട്ടീസ് വരും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരെ പോലീസിന് തിരിച്ചറിയാനും സാധിക്കും.
നോട്ടീസ് കൈപ്പറ്റുന്നതോടെ ചട്ടലംഘനം നടത്തുന്നവര്‍ കുറയുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പി. പെരുമാള്‍ പറഞ്ഞു. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് പിഴയിനത്തില്‍ ഫണ്ട് വരുന്നതോടെ നഗരത്തിലെ എല്ലാ ട്രാഫിക് സിഗ്‌നലുകളിലും ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Content Highlights: Traffic Rule Violation; Penalties Cross One Lakh Rupees In A Week