വളയം പോലീസ് പിടികൂടിയ ബൈക്ക്
വളയം: ബൈക്കുകളുടെ നമ്പറില്‍ കൃത്രിമംകാട്ടി യുവാക്കള്‍ വിലസുന്നത് പോലീസിന് തലവേദനയാകുന്നു. സെപ്റ്റംബര്‍ മാസം മുതല്‍ കേരളത്തില്‍ പോലീസിന്റെ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ വാഹനമോടിച്ചാല്‍ നമ്പര്‍ മനസ്സിലാക്കി രക്ഷിതാവിനെ വിളിച്ച് വരുത്തുകയാണ് പതിവ്. കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരെയും നമ്പര്‍ മനസ്സിലാക്കിയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. എന്നാല്‍ പിഴ തുക വര്‍ധിച്ചതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ബൈക്ക് യാത്രക്കാര്‍ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ചാണ് സഞ്ചരിക്കുന്നത്.
ഇത് കടുത്ത തലവേദനയാണ് പോലീസിന് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ പോലീസ് കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുകയാണ് ചെയ്യുന്നത്. ഇവരെ പിന്തുടരാനോ ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കാനോ പോലീസിന് കഴിയാറില്ല. പിന്തുടരുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ പഴി പോലീസിനായിരിക്കും. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വാഹനം പിടികൂടിയത് പോലീസിന് ഏറെ പഴികേള്‍ക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
അവശ്യരേഖകള്‍ കൈവശമില്ലാത്തവരാണ് ഇത്തരം പരിപാടികള്‍ക്ക് മുതിരുന്നത്. നമ്പര്‍ പ്ലേറ്റിലെ നാലക്ക നമ്പറിലെ ചില അക്കങ്ങള്‍ മായ്ച്ചുകളയുക, അഴുക്കും ചളിയും പുരട്ടുക, നമ്പര്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ചെറുതായി രേഖപ്പെടുത്തുക, നമ്പര്‍ പ്ലേറ്റ് വളച്ചും തിരിച്ചും വെക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. ഇത്തരം വാഹനങ്ങള്‍ കഷ്ടപ്പെട്ട് പിടികൂടിയാല്‍ തന്നെ ഇവരെ പുറത്തിറക്കാന്‍ വിവിധ കോണുകളില്‍നിന്ന് സമ്മര്‍ദമുയരും. ഇതോടെ ഇത്തരം വാഹനങ്ങള്‍ക്കെതിരേ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്.
Content Highlights; traffic rule violaters trying to hide vehicle number plate