ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ നേര്‍വഴിക്കുനയിക്കാന്‍ എറണാകുളത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടപ്പാക്കിയ സാമൂഹിക സേവനം എന്ന ആശയം ക്ലിക്കായി. കൊച്ചിയില്‍ തുടങ്ങിയ ഈ മാതൃകാശിക്ഷ ഇനി മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലും ഇടംനേടും.
റോഡില്‍ നിയമംലംഘിച്ചവരെ ആശുപത്രിയില്‍ രോഗീപരിചരണത്തിന് നിയോഗിച്ചുകൊണ്ടുള്ള സേവനശിക്ഷകളായിരുന്നു പരീക്ഷിച്ച് വിജയിച്ചത്. സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍ദോ വര്‍ഗീസ് എന്ന എം.വി.ഐ. നടപ്പാക്കിയ ഈ ആശയമാണ് നിയമപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക. കേരളം മുന്നോട്ടുവെച്ച നിര്‍ദേശം കേന്ദ്ര മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ അതോറിറ്റിയും അംഗീകരിച്ചു.
അതിവേഗത്തിനും മറ്റും പിടിക്കുമ്പോള്‍ എത്രയാണ് പിഴ എന്നഭാവത്തില്‍ പലരും പ്രതികരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് പുതിയ രീതി എല്‍ദോ പരീക്ഷിക്കാന്‍ തയ്യാറായത്. ചിലരെ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ വിട്ടു. പക്ഷേ, കഠിനഹൃദയരായ നിയമലംഘകര്‍ക്ക് ഇത് മതിയായിരുന്നില്ല.
അവരെ അപകടത്തിലും മറ്റും പരിക്കേറ്റവരെ പരിചരിക്കാന്‍ വിട്ടുകൊണ്ടുള്ള പരീക്ഷണം ഫലം കാണുമോ എന്നായി ചിന്ത. എറണാകുളം ജനറല്‍ ആശുപത്രി അധികൃതരുമായി ഇതു ചര്‍ച്ചചെയ്തു.
അവരുടെ പ്രതികരണം അനൂകൂലമായിരുന്നു. അപകടങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ കാണുകയും പരിചരിക്കുകയും ചെയ്യുന്നത് നിയമലംഘകരുടെ മനസ്സ് മാറ്റുമെന്നതാണ് നിഗമനം.
ലൈസന്‍സ് റദ്ദാക്കേണ്ട കുറ്റംചെയ്തവരെ ജില്ലാ ആശുപത്രിയില്‍ സേവനത്തിനായി പറഞ്ഞയച്ചു. ഒരുദിവസം മുതല്‍ ഒരാഴ്ചവരെയുള്ള സേവനമാണ് നിര്‍ദേശിച്ചത്. നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ആരേയും നിര്‍ബന്ധിച്ചില്ല.
പക്ഷെ, ഈ മാതൃകാശിക്ഷ വലിയ വിജയമാണ് കൈവരിച്ചത്. ഇതിനോടകം മുന്നൂറിലധികം പേരെ ജില്ലാ ആശുപത്രിയില്‍ സേവനപ്രവര്‍ത്തനത്തിനായി വിട്ടിട്ടുണ്ടെന്ന് എല്‍ദോ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഈ പരീക്ഷണമൊക്കെയും.
Content Highlights: Those Who Violate Traffic Laws May Need To Treat Patients