തിരുവനന്തപുരം: സിറ്റി പോലീസിന്റെ 'ഓപ്പറേഷന്‍ കോബ്ര' യുടെ ഭാഗമായി നഗരത്തില്‍ നടന്ന പോലീസ് പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരും കുട്ടിഡ്രൈവര്‍മാരുമുള്‍പ്പെടെ 180 പേരെ പിടികൂടി. ട്രാഫിക് നിയമലംഘനം നടത്തിയവരും പിടിയിലായി. സിറ്റി പോലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിറ്റി പോലീസിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തു.
തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാരും അനുവദനീയമായതിലും അധികം വിദ്യാര്‍ഥികളെ കയറ്റിയ സ്‌കൂള്‍ വാഹനങ്ങള്‍, കൊച്ചുകുട്ടികള്‍ കയറുന്ന ഹെല്‍പ്പര്‍മാര്‍ ഇല്ലാത്ത സ്‌കൂള്‍വാഹനങ്ങള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓടിയ വാഹനങ്ങള്‍ എന്നിവ പിടികൂടി.
യൂണിഫോം ഇല്ലാതെ വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെയും വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയ ആഡംബര കാറുള്‍പ്പെടെയുള്ള വാഹനങ്ങളും പിടികൂടി.
പ്രായപൂര്‍ത്തിയാകാതെ ഇരുചക്രവാഹനമോടിച്ചവരെയും സ്‌കൂളുകളില്‍ കയറാതെ ക്ലാസ് കട്ടുചെയ്ത് സിറ്റിയിലെ പല ഭാഗങ്ങളിലും കറങ്ങിനടന്ന വിദ്യാര്‍ഥികളെയും പോലീസ് കണ്ടെത്തി.
ഇവരില്‍ സ്‌കൂള്‍ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയവരുമുണ്ടായിരുന്നു. രൂപമാറ്റം വരുത്തിയ 50 ഓളം വാഹനങ്ങളാണ് പിടിയിലായത്. പെട്ടെന്നു വായിക്കാന്‍ പറ്റാത്ത നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങളും പിടികൂടി. ഇത്തരത്തില്‍ പിടികൂടിയ വാഹനങ്ങള്‍ മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമേ വിട്ടു കൊടുക്കുകയുള്ളൂവെന്ന് കമ്മിഷണര്‍ അറിയിച്ചു.
പിടിക്കപ്പെട്ടവര്‍ക്ക് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ ബോധവത്കരണ ക്ലാസ് നടത്തിയശേഷം പിഴ ഈടാക്കി. ഇത്തരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം എഴുപതു പേരും അമിതവേഗതയില്‍ വാഹനമോടിച്ച നാല്‍പത് പേരും പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച ഇരുപത് പേരും വാഹനം രൂപമാറ്റം വരുത്തിയ അന്‍പത് പേരുമാണ് ഓപ്പറേഷന്‍ കോബ്രയുടെ ആദ്യദിവസം പിടിയിലായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ ഉണ്ടാകും.
Content Highlights; Thiruvananthapuram city police operation cobra awareness programme