പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി അധികനാള്‍ ആയുസ്സില്ല. ഭൂരിപക്ഷം വികസിത രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റാനുള്ള അന്തിമ തീരുമാനം എടുത്തുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയും 2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് ഗണത്തിലേക്ക് ചേക്കേറുകയാണ്. ഇതിന് മുന്നോടിയായി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവര്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു.
ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിങ്ങ് പോയന്റുകളും ജനങ്ങള്‍ക്ക് സുപരിചിതമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ പവറിന്റെ പുതിയ ഉദ്യമം. വരും ദിവസങ്ങളില്‍ മുംബൈയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ചാര്‍ജിങ്ങ് സ്റ്റേഷന്‍ വ്യാപിപ്പിക്കും. ഇതിനു ശേഷം ടാറ്റ നിരയില്‍ അടുത്തിടെ മുഖംകാണിച്ച ടിയാഗോ ഇലക്ട്രിക് പതിപ്പില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നിലവില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണയില്‍ ലഭ്യമായിട്ടുള്ളത്. ടാറ്റയുടെ വരവ് ഇലക്ട്രിക് ഗണത്തിലും മികച്ച മത്സരത്തിന് വഴിതെളിക്കും.
പെട്രോള്‍ പമ്പുകള്‍ക്ക് സമാനമാണ് ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന്റെ പ്രവര്‍ത്തനം. നിലവില്‍ ഇന്ത്യയിലുള്ള ഇലക്ട്രിക് മോഡലുകളായ മഹീന്ദ്ര e2o, E സുപ്രോ, E വെരിറ്റോ എന്നിവ നിശ്ചിത തുക അടച്ച് ഇവിടെനിന്നും ചാര്‍ജ് ചെയ്യാം. ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലായിരം ചാര്‍ജിങ്ങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍ര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ് ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ്.