ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ പെട്രോള്‍-ഡീസല്‍ ഇതര വാഹനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന FAME (ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇനി ഫെയിം സബ്‌സിഡി ലഭിക്കുക. രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസും എര്‍ട്ടിഗയുമാണ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയില്‍ ഇന്ത്യന്‍ നിരത്തിലുള്ളവരില്‍ പ്രമുഖര്‍. ഫെയിം സബ്‌സിഡി പിന്‍വലിച്ചതോടെ ഈ രണ്ട് മോഡലുകളുടെയും വില ഉയരാനാണ് സാധ്യത.
സ്മാര്‍ട്ട് ഹൈബ്രിഡ് (SHVS) എന്ന പേരിലാണ് മാരുതി സുസുക്കി ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കുന്നത്. സമ്പൂര്‍ണ ഹൈബ്രിഡ് കാറുകളില്‍ നിന്ന് വളരെയേറെ വ്യത്യാസമുണ്ട് മൈല്‍ഡ് ഹൈബ്രിഡുകള്‍ക്ക്. പൂര്‍ണ ഹൈബ്രിഡ് കാറുകളല്ല ഇവ, ഇലക്ട്രിക് മോട്ടോര്‍ ഉണ്ടെങ്കിലും മറ്റൊരു എഞ്ചിനെ അസിസ്റ്റ് ചെയ്യാനെ ഇവയ്ക്ക് സാധിക്കു. ഇലക്ട്രിക് മോട്ടോറില്‍ തനിയെ ഓടാന്‍ മൈല്‍ഡ് ഹൈബ്രിഡുകള്‍ക്ക് സാധിക്കില്ല. ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം ബാറ്ററിയില്‍ സൂക്ഷിച്ചാണ് മൈല്‍ഡ് ഹൈബ്രിഡ് കാറുകളുടെ പ്രവര്‍ത്തനം. ട്രാഫിക് സിഗ്നലിലും മറ്റും വാഹനം നിശ്ചലാവസ്ഥയിലായാല്‍ സ്വയം ഓഫാകും, പിന്നീട് ക്ലച്ചില്‍ കാല്‍ അമര്‍ത്തുമ്പോള്‍ തനിയെ ഓണായി ഇന്ധന നഷ്ടം തടയാനും കഴിയും.
ഇതുവഴി ഏഴ് മുതല്‍ പതിനഞ്ച് ശതമാനം വരെ അധിക ഇന്ധനക്ഷമത നല്‍കാനും മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ക്ക് സാധിക്കും. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ വഴി അന്തീരക്ഷ മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പദ്ധതിയുടെ ഭാഗമായി 2015-ലാണ് FAME രൂപീകരിച്ചത്. ഹൈബ്രിഡ്/ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 29000 രൂപയും കാറുകള്‍ക്ക് പരമാവധി 1.38 ലക്ഷം രൂപയുമാണ് ഫെയിം സബ്‌സിഡി നല്‍കുന്നത്. നേരത്തെ സിയാസിനും എര്‍ട്ടിഗയ്ക്കും 13000 രൂപയാണ് ഫെയിം സബ്‌സിഡി അനുവദിച്ചിരുന്നത്. സമ്പൂര്‍ണ ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവിലുള്ള ഫെയിം സബ്‌സിഡി അതുപോലെ തുടരും.