അന്തസ്സംസ്ഥാന സ്വകാര്യബസുകളുടെ അതിവേഗം നിയന്ത്രിക്കാന്‍ വേഗപ്പൂട്ടുകള്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണെങ്കിലും സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ വേഗപ്പൂട്ട് വേണം. ജൂണ്‍ ഒന്നുമുതല്‍ ജി.പി.എസും നിര്‍ബന്ധമാക്കും.
അമിതനിരക്ക് ഈടാക്കുന്നത് തടയാന്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് അംഗീകൃതനിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ഇതിനായി ബസ് നിരക്ക് വര്‍ധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കും.
ഇത്തരം ബസുകളില്‍ ചരക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ചരക്ക് നീക്കമുണ്ടായാല്‍ കര്‍ശനമായി തടയും. ഇതിന് പോലീസിന്റെയും നികുതിവകുപ്പിന്റെയും സഹായം തേടും. രാത്രിയും പകലും പരിശോധന തുടരും. ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
259 ബസുകളുടെ പേരില്‍ കേസ്
പോലീസ് സഹകരണത്തോടെ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ബുധനാഴ്ചവരെ 259 ബസുകളുടെ പേരില്‍ കേസെടുത്തു. 3.74 ലക്ഷം രൂപ പിഴചുമത്തി. ചരക്ക് കടത്തിയ മൂന്നു ബസുകള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടിക്കും.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന പരിശോധയില്‍ ലൈസന്‍സില്ലാത്ത 46 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അന്തസ്സംസ്ഥാന ബസുകള്‍ റദ്ദാക്കരുതെന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് കര്‍ശനനിര്‍ദേശം നല്‍കി. റദ്ദാക്കേണ്ടിവന്നാല്‍ പകരം ബസ് ഒരുക്കണം.
വാടകയ്ക്ക് ഓടുന്ന എല്ലാ ബസുകളും ഇപ്പോള്‍ ലഭ്യമല്ല. കേടായ ബസുകള്‍ക്ക് പകരം ബസുകള്‍ നല്‍കിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുമായുള്ള വാടക ബസ് കരാര്‍ റദ്ദാക്കുമെന്ന് മഹാവോയേജ് കമ്പനിക്ക് നോട്ടീസ് നല്‍കി. അന്തസ്സംസ്ഥാന പാതകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറിതല ചര്‍ച്ച നടത്തും.
ബെംഗളൂരുവില്‍നിന്ന് സംസ്ഥാനത്തേക്ക് കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ റെയില്‍വേ ചെയര്‍മാനുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Speed Governor and GPS Tracking In Interstate Bus Service