ഭാരമേറിയ ചീനവല വലിക്കുക ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇതിനൊരു പരിഹാരമായാണ് പുതിയ സംവിധാനം കണ്ടെത്തിയത്. മൂത്തകുന്നം പഴയ ഫെറി കടവിലെ കൃഷ്ണ എന്‍ജിനീയറിങ് വര്‍ക്സ് സ്ഥാപനത്തിലെ ഉടമ കോഴിക്കല്‍ കെ.കെ. റിനിലാണ് ചീനവല വലിക്കാനുള്ള പുതിയ സംവിധാനം കണ്ടെത്തിയത്. പുഴയില്‍ ചീനവല സ്ഥാപിച്ചിട്ടുള്ള തട്ടില്‍ പഴയ മോട്ടോര്‍ ബൈക്ക് സ്ഥാപിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്.
16 വര്‍ഷം പഴക്കമുള്ള കവാസാക്കി ബോക്സര്‍ ബൈക്ക് ചീനവലയുടെ തട്ടില്‍ സ്ഥാപിച്ചു. ബൈക്കിന്റെ പിന്‍വശത്തെ വീല്‍ അഴിച്ചുമാറ്റി അവിടെ വര്‍ക്ഷോപ്പില്‍ പ്രത്യേകം സജ്ജമാക്കിയ കപ്പി (പുള്ളി) സ്ഥാപിച്ചു. ഇതിന്റെ മധ്യഭാഗത്ത് ചീനവലയുടെ മുകളറ്റത്തു നിന്നുള്ള പ്ലാസ്റ്റിക് കയര്‍ ചുറ്റി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ ഫസ്റ്റിലിട്ടാല്‍ ചീനവല തനിയെ വലിഞ്ഞെത്തും. ബൈക്ക് ഓഫ് ചെയ്ത് വലയില്‍ അകപ്പെട്ട മത്സ്യങ്ങള്‍ കോരിയെടുക്കുകയേ വേണ്ടു.
പ്രതിദിനം ഒരു ലിറ്റര്‍ പെട്രോളില്‍ താഴെ ബൈക്കില്‍ നിറച്ചാല്‍ 12 മണിക്കൂറില്‍ ഏറെ ബൈക്ക് കൊണ്ട് വല വലിക്കാനാകും. ചെമ്മീനും കണമ്പും കരിമീനും തിരുതയും പ്രായലും വറ്റയും ഒക്കെയായി വല നിറയെ രുചികരമായ കായല്‍ മത്സ്യങ്ങളും റെഡി.പുതിയ കണ്ടെത്തല്‍ വിജയകരമായതോടെ ഇതിനുള്ള ഓര്‍ഡറും വര്‍ധിച്ചു. മൂത്തകുന്നത്തിനടുത്ത് രണ്ടിടത്ത് ബൈക്കിന്റെ സഹായത്താല്‍ വല വലിക്കുന്ന സംവിധാനം റിനില്‍ തന്നെ ഏര്‍പ്പെടുത്തിക്കൊടുത്തു.