കോതമംഗലം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ നിയമനടപടിക്ക് പോലീസും ഗതാഗത വകുപ്പും. വലത് കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സംസാരിച്ചും ഇടതുകൈ വളയത്തിലും പിടിച്ച് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ആരോ ഒരാള്‍ പകര്‍ത്തി സാമൂഹമാധ്യമത്തിലിട്ടത് വൈറലായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് അലക്ഷ്യവും അപകടകരവുമായ രീതിയില്‍ സര്‍വീസ് നടത്തിയ കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന ശ്രീലക്ഷ്മി ബസ് ഡ്രൈവര്‍ ചേലാട് കള്ളാട് സനത്തുപറമ്പില്‍ ശ്രീകാന്തിന് (29) എതിരേയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന 50 ഓളം യാത്രക്കാര്‍ ഈ സമയം ബസ്സിലുണ്ടായിരുന്നു. മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് ഡ്രൈവ് ചെയ്യുന്ന രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ചൊവ്വാഴ്ച സാമൂഹ്യമാധ്യമത്തിലൂടെ വൈറലായത്. ദൃശ്യം കണ്ട പലരും പോലീസിനേയും മോട്ടോര്‍ വാഹന വകുപ്പ് അധികാരികളേയും ഫോണിലൂടെ അറിയിക്കുകയും വീഡിയോ ദൃശ്യം വാട്ട്‌സാപ്പിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു.
അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ഇയാള്‍ക്കെതിരേ രണ്ട് മാസം മുമ്പ് കോതമംഗലം പോലീസ് കേസെടുത്തിരുന്നതായി എസ്.ഐ. ടി. ദിലീഷ് 'മാതൃഭൂമി'യോട് പറഞ്ഞു. അലക്ഷ്യമായി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുംവിധം ബസ് ഓടിച്ചതിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനുള്ളില്‍ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ ഹിയറിങ്ങിന് ഹാജരാവണം. ഡ്രൈവര്‍ക്ക് ബോധിപ്പിക്കാനുള്ളത് കേട്ടശേഷം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷാ നടപടിയെടുക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. പറഞ്ഞു.
Content Highlights; phone call while driving, takes action aginst bus driver