കൊച്ചി: ഓരോ ദിവസവും കയറിക്കയറി പോവുകയാണ് ഇന്ധന വില. അടിവെച്ചടിവെച്ച് മുന്നേറുന്ന പെട്രോള്‍ വില വൈകാതെ നൂറു കടന്നേക്കുമെന്നതാണ് സ്ഥിതി. ഒരു മാസത്തിനിടെ ഇന്ധന വിലയില്‍ ലിറ്ററിന് അഞ്ചുരൂപവരെ വര്‍ധനയുണ്ടായി. ഡീസല്‍ വില ഒരു നിലയ്ക്കും താങ്ങാനാവാത്ത നിലയായതോടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ്സുടമകളും ഓട്ടോ-ടാക്സി ജീവനക്കാരും രംഗത്തുവന്നിട്ടുമുണ്ട്.
പ്രളയശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തില്‍ വലിയ കുറവുണ്ടായി. ഡീസല്‍ ഉപയോഗത്തില്‍ 10 മുതല്‍ 15 ശതമാനംവരെ കുറവ് വന്നു. ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നവരുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞെന്നാണ് പമ്പുടമകള്‍ പറയുന്നത്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പ്രദര്‍ശിപ്പിക്കുന്ന ഡിസ്പ്ലേ ബോര്‍ഡുകളില്‍ മൂന്നക്ക സംഖ്യ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നുമുണ്ട്.
വൈകാതെ 100-ല്‍ എത്തും
രൂപയുടെ മൂല്യം ഇടിയുന്നതും ഇറാന്‍ പ്രശ്‌നവുമെല്ലാം സൂചിപ്പിക്കുന്നത് അധികം വൈകാതെ ഇന്ധന വില 100-ല്‍ എത്തുമെന്നാണ്. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ എന്നിവയ്ക്ക് നികുതി കുറച്ചാല്‍ ഉപഭോഗം നല്ലരീതിയില്‍ കൂടും. -
മേലേത്ത് രാധാകൃഷ്ണന്‍, (ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി)
ബസ് വ്യവസായം പ്രതിസന്ധിയില്‍
പ്രളയശേഷം സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയിലാണ്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഡീസല്‍ വില വര്‍ധനയും തിരിച്ചടിയായി. ഡീസലിന് സബ്‌സിഡി തരാത്തപക്ഷം വ്യവസായം തകരും. -
എംബി സത്യന്‍ (പ്രസിഡന്റ്, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍)
ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തി
പ്രളായാനന്തരം നാട്ടിലെങ്ങും ആളുകള്‍ക്ക് തൊഴിലില്ലായ്മ കൂടിയിരിക്കുകയാണ്. ഇതോടെ ഓട്ടോറിക്ഷകള്‍ക്കും സ്വാഭാവികമായി ഓട്ടം കുറഞ്ഞു. അതിനൊപ്പം താങ്ങാനാവാത്ത വിധം ഇന്ധന വില വര്‍ധനയും. 20 രൂപ മിനിമം ചാര്‍ജുകൊണ്ട് വാഹനം ഓടിക്കുന്നത് വലിയ നഷ്ടമാണ്. അതിനാല്‍ പല ഓട്ടോറിക്ഷകളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. -
റഷീദ് താനത്ത് (ജനറല്‍ സെക്രട്ടറി, കേരള സ്‌റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍-എഐഡബ്ല്യുയുസി)