അന്തസ്സംസ്ഥാന ബസുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന നൈറ്റ് റൈഡേഴ്സ് പരിശോധന വ്യാഴാഴ്ച രാത്രിയും തുടര്‍ന്നു. പിടികൂടിയവയില്‍ അധികവും പാഴ്സല്‍ കടത്തിയ ബസുകളാണ്. വേഗപ്പൂട്ട് ഒഴിവാക്കുക, അതിവേഗം, പ്രത്യേകം ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകുക എന്നീ ക്രമക്കേടുകള്‍ക്കെതിരേയാണ് നടപടി.
എല്‍.എ.പി.ടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഓഫീസുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നതും തുടരുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോടെ നാനൂറോളം ബസുകള്‍ പരിശോധിച്ചതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് രാത്രി നടന്ന പരിശോധനയില്‍ 16 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ക്ക് പൂട്ടാന്‍ നോട്ടീസ് നല്‍കി. തൈക്കാട്, തമ്പാനൂര്‍, സംഗീതകോളേജ് എന്നീ ഭാഗങ്ങളില്‍ മൂന്ന് സംഘങ്ങള്‍ രാത്രി വൈകിയും പരിശോധന തുടരുകയാണ്.
തലസ്ഥാനത്തു നിന്ന് ദിവസവും രാത്രിമാത്രം മുപ്പതിലധികം ബസുകള്‍ പുറപ്പെടുന്നുണ്ട്. ഇവിടെ ഒരു സ്ഥാപനത്തിന് മാത്രമാണ് എല്‍.എ.പി.ടി. ലൈസന്‍സുള്ളത്. കൊല്ലത്ത് ഏഴ് ബസുകളില്‍നിന്ന് പിഴയീടാക്കി. നാല് ഏജന്‍സി ഓഫീസുകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ കത്തുനല്‍കി.
കോട്ടയത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 25 ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കി. നികുതിയടയ്ക്കാതെ ഓടിയ ഒരു ബസ് കസ്റ്റഡിയിലെടുത്തു. സ്റ്റേജ് ക്യാരേജായി ഓടിയ ഒരു ബസും പിടികൂടി. ആലപ്പുഴയില്‍ നാല് ബുക്കിങ് ഏജന്‍സി ഓഫീസുകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ പെര്‍മിറ്റില്ലാത്ത 12 ബസുകള്‍ പിടികൂടി. മൂന്നരമണിക്കൂര്‍കൊണ്ട് 45 ബസുകളാണ് പരിശോധിച്ചത്.
പത്തനംതിട്ടയില്‍ ഒമ്പത് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. അടൂരില്‍ രണ്ട് ബുക്കിങ് ഏജന്‍സി ഓഫീസുകള്‍ക്ക് ലൈസന്‍സ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. തൃശ്ശൂരില്‍ 91 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. 1.37 ലക്ഷം രൂപ പിഴ ചുമത്തി. പാലക്കാട് 119 ബസുകള്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് നോട്ടീസ് നല്‍കി. 1.3 ലക്ഷം രൂപ പിഴ ഈടാക്കി.
Content Highlights: Operation Night Riders; Checking Continues in Interstate Private Buses