ബെംഗളൂരു: നിയമം ലംഘിച്ച് ബൈക്ക് ടാക്സി സര്‍വീസ് നടത്തിയ ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കർണാടക സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇതുസംബന്ധിച്ച ഉത്തരവ് പറുപ്പെടുവിക്കുമെന്ന് ഗതാഗത മന്ത്രി ഡി.സി. തമ്മണ്ണ പറഞ്ഞു.
സാമൂഹികക്ഷേമ വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ ഒലെ സാധാരണപോലെ സര്‍വീസ് നടത്തുമെന്നു ട്വിറ്ററില്‍ കുറിച്ചു. പുതിയ സങ്കേതികവിദ്യകള്‍ സംബന്ധിച്ചുള്ള നയങ്ങള്‍ ആവശ്യമാണെന്നും ഇതിനുവേണ്ടി വ്യവസായ മേഖല സര്‍ക്കാരുമായി യോജിച്ചുപ്രവര്‍ത്തിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ചയോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗതാഗതവകുപ്പ് ഒലയ്ക്ക് നോട്ടീസ് നല്‍കിയത്. ബൈക്ക് ടാക്സി സര്‍വീസ് തുടങ്ങിയതിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, ആഴ്ചകള്‍ക്കുമുമ്പേ ബൈക്ക് ടാക്സി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നതായി ഒല അധികൃതര്‍ പറയുന്നു.
നഗരത്തില്‍ 65,000 ടാക്സികളാണ് ഒലയ്ക്കും ഊബറിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത്. പകുതിയിലധികവും ഒല കാബുകളാണ്. ആയിരക്കണക്കിന് ഡ്രൈവര്‍മാരെയാണ് ഗതാഗത വകുപ്പിന്റെ നടപടി ബാധിക്കുകയെന്നാരോപിച്ച് ഒട്ടേറെപ്പേരാണ് ഗതാഗത വകുപ്പിന് പരാതി നല്‍കിയത്.
തിരഞ്ഞെടുപ്പില്‍ സംഭാവന ലക്ഷ്യമിട്ടാണ് സഖ്യസര്‍ക്കാര്‍ ഒലയെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ബി.ജെ.പി. നേതാവ് സദാനന്ദഗൗഡയും ആരോപിച്ചു. ഇതോടെ രണ്ടുദിവസമായി പ്രശ്നപരിഹാരത്തിന് തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്.
നൂതന സങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികളുടെ അവലോകനത്തിനും നടത്തിപ്പിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ വ്യക്തമാക്കി. ബൈക്ക് ടാക്സികള്‍ അനുവദിക്കുന്നതു സംബന്ധിച്ച് പ്രത്യേകനയത്തിന് രൂപം നല്‍കും.
അതേസമയം, നഗരത്തില്‍ മറ്റു ചില കമ്പനികളും ബൈക്ക് ടാക്സി സര്‍വീസുകള്‍ നടത്തുന്നതായി ആരോപണമുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം.
Content Highlights: Ola Online Taxi Service Licence Suspension